ദളിതനെ ആർക്കും വേണ്ട: സലിം കുമാർ

നടൻ സലിംകുമാർ നിർമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമ റിലീസിന് തയാറെടുക്കുകാണ്. ഇത് ദളിതർക്കു വേണ്ടി ശബ്ദിക്കുന്ന ഒരു സിനിമയായതിനാൽത്തന്നെ അതിന്റേതായ പ്രശ്നങ്ങളും നിർമാതാവെന്ന നിലയിൽ സലിം കുമാറിന് നേരിടേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരു ചിത്രം ചെയ്യേണ്ടി വന്നെന്നും എന്തൊക്കെയാണ് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെന്നും മനോരമ ഓൺലൈനുമായി സലിംകുമാർ പങ്കുവയ്ക്കുന്നു...

ഒരു ദളിതന്റെ കഥയെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ചിത്രമാണ് മൂന്നാം നാൾ ഞായറാഴ്ച. ദളിതനു വേണ്ടി കണ്ണീരൊഴുക്കുകയും രോഹിത് വെമുലയ്ക്കു വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്ന ആളുകൾ, ഇവിടെ സാക്ഷര സമ്പന്നമായ കേരളത്തിന്റെ മണ്ണിലാണ് ആദ്യമായി ഒരു ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തത് എന്ന കാര്യം മറന്നു പോയോ എന്ന് സലിംകുമാർ ചോദിക്കുന്നു. 2004–ൽ രജനി എസ് ആനന്ദ് എന്ന വിദ്യാർഥിനി. ദളിത് ആത്മഹത്യ തുടങ്ങിവച്ച സംസ്ഥാനം നമ്മുടെ കേരളമാണ്. അവരുടെ പീഡനം കാണാൻ അങ്ങ് ഹൈദരാബാദ് വരെ പോകേണ്ട ആവശ്യമില്ല. ഞെളിഞ്ഞു നിന്ന് ന്യായം പറയുമ്പോൾ ആ കുട്ടി ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

വിശ്വപൗരനായ കെ. ആർ നാരായണന് മത്സരിക്കാൻ സംവരണ മണ്ഡലമായ ഒറ്റപ്പാലം നൽകിയത് ദളിതൻ എന്ന പേരിലാണ്. എന്തുകൊണ്ട് ഇത്രയും മഹാനായ ഒരു വ്യക്തിയെ ജനറൽ സീറ്റിൽ മത്സരിപ്പിച്ചില്ല. അപ്പോൾ ദളിതൻ എന്ന ഒറ്റക്കാരണത്തിലാണ് കെ.ആർ നാരായണനെപ്പോലും നമ്മൾ തരംതാഴ്ത്തിയത്. അതേ തുടർന്നാണ് രേഹിത് വെമുലയും അമരാവതിയും അവരുടെ ആത്മഹത്യകളും വരുന്നത്.

അമരാവതിയാകട്ടെ നാളത്തെ ഒളിംപിക്സിന്റെ ഒരു സ്വർണ മെഡൽ പ്രതീക്ഷയായിരുന്നു. അവളെ ജാതിയുടെ പേരു പറഞ്ഞിട്ട് സ്വന്തം കോച്ചു പോലും തഴഞ്ഞപ്പോൾ കൈക്കരുത്തുള്ള ആ പെൺകുട്ടിയുടെ മനക്കരുത്തിന് താങ്ങാനാകാതെ ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇവിടെ സവർണർ എന്തോ ചെയ്യുന്നു അവരുടെയൊക്കെ അടിയാളരായി ജീവിക്കേണ്ട അവസ്ഥയാണ് ഈ 21–ാം നൂറ്റാണ്ടിലുമുള്ളത്.

അതുപോലെ തന്നെ നമ്മുടെ മലയാള സിനിമയിൽ ഒരു ദളിത് കഥാപാത്രം വന്നിട്ട് 25 വർഷമാകുന്നു. മോഹൻലാലിന്റെ ഉയരും ഞാൻ നാടാകേ, മമ്മൂട്ടിയുടെ പൊന്തൻമാട എന്നീ രണ്ടു ചിത്രങ്ങളും കഴിഞ്ഞിട്ട് ഒരു നായകൻ പോലും ദളിത് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. അപ്പോൾ ഇവിടെ ഒരു ദളിതന്റെ കഥ ആവശ്യമില്ലെന്ന് മലയാള സിനിമ തെളിയിച്ച സ്ഥലത്തേക്ക് ഒരു ദളിതന്റെ കഥയുമായിട്ട് ഞാൻ വരികയാണ്. അത് ഇഷ്ടമുള്ളവർക്ക് കാണാം. ഞാൻ എന്റെ പൈസ മുടക്കി എടുത്തിരിക്കുന്ന പടമാണ്. അത് ഇവിടുത്തെ ദളിതൻമാരെങ്കിലും കണ്ടാൽ മതി. എനിക്ക് അത്രയേ ഉള്ളു. കാരണം ഒരുപക്ഷേ ഇത് അവസാനത്തെ ഒരു ദളിത് ചിത്രമായിരിക്കും.

25 വർഷമായി മലയാളത്തിൽ ഒരു പടം വന്നിട്ട്. ദീലീപോ, പൃഥ്വിരാജോ, ദുൽഖർ സൽമാനോ, ഫഹദ് ഫാസിലോ ആർക്കും ഒരു ദളിത് വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല കാരണം അവർക്ക് അതുപോലുള്ള വേഷങ്ങൾ എഴുതപ്പെടുന്നില്ല. ഇവിടെ നായർ–നമ്പൂതിരി കഴിഞ്ഞാൽ തീർന്നു.

ഞാൻ ഒരു ദളിതൻ അല്ല. പിന്നെ എന്തുകൊണ്ട് ഈ ദളിതൻമാർക്കു വേണ്ടി പടം ചെയ്യുന്നുവെന്നു ചോദിച്ചാൽ നാളത്തെ ഒരു തലമുറ വളർന്നു വരുമ്പോൾ, ഇപ്പോൾ രോഹിത് വെമുലയ്ക്കും മറ്റുമൊക്കെ വേണ്ടി കണ്ണീരൊഴുക്കുന്നുണ്ടല്ലോ, ഞാൻ ഒരു കലാകാരനായിട്ട് എന്ത് ആ വിഭാഗത്തിനു വേണ്ടി ചെയ്തുവെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം മാത്രമാണ് ഈ സിനിമ. കാണേണ്ടവർ ഈ ചിത്രം ഇപ്പോൾ കാണണം. ആകെ ആറു തിയേറ്ററുകളാണ് കിട്ടിയിട്ടുള്ളത്. ഡിസ്ട്രിബ്യൂട്ടറും ഇല്ല. ഞാൻ തന്നെയാണ് ഡിസ്ട്രിബ്ര്യൂട്ടറും. ദളിത് സമൂഹമെങ്കിലും ഈ ചിത്രം കണ്ടിരിക്കണം. ഇല്ലെങ്കിൽ ഞാൻ വിഡ്ഢിയായി പോകും.

ദുബായിയിലും മറ്റുമായി ചിത്രീകരിച്ച് ചെയ്തിരിക്കുന്ന ചിത്രമാണിത്. ഒരു കോടി രൂപ മുടക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്. അല്ലാതെ കുറഞ്ഞ ബഡ്ജറ്റിൽ എന്തെങ്കിലും കാട്ടിക്കൂട്ടാൻ വേണ്ടി ചെയ്തിരിക്കുന്ന ചിത്രമല്ല.

ഒരു കലാകാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ഈ ചിത്രം. ഇവിടെ സൂപ്പർതാരങ്ങൾ പ്രശ്നമല്ല. സൂപ്പർ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളും വിജയിക്കാതെ പോകാറുണ്ട്, അതുപോലെ താരസാനിധ്യമില്ലാത്ത ചിത്രങ്ങൾ പ്രേക്ഷകർ വിജയിപ്പിക്കാറുമുണ്ട്. അടിപ്പാവാട, അല്ലാത്ത പാവാട എന്നൊക്കെ പറഞ്ഞ് ഇവിടെ ചിത്രങ്ങൾ ഇറങ്ങുന്നുമുണ്ട്.

ചലച്ചിത്ര വികസന കോർപറേഷനു കീഴിലുള്ള ആറ് തിയേറ്ററുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കാൻ പോകുന്നത്. 20 തിയേറ്ററുകളിലെങ്കിലും കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇത് ഒരു ഒറ്റയാൾ പോരാട്ടമാണ്. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. പൊരുതി നേടാൻ നോക്കിയിട്ടും സാധിച്ചില്ലെങ്കിൽ അടങ്ങാനാകും കറുമ്പൻ എന്ന ഈ ദളിത് യുവാവിന്റെയും വിധിയെന്നു കരുതി സമാധാനിക്കാം.