കടലോളം സങ്കടമുണ്ട് ഈ അമ്മയ്ക്ക്

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയിൽ എത്തിയപ്പോൾ ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവർ. സ്ക്രീനിൽ അഭിനയിച്ചധിലധികവും കണ്ണീരു കലർന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയാണ് അവരുടെ ജീവിതവും. ഈ കഥയറിയുമ്പോൾ നമുക്കത് മനസിലാകും. എഴുപത്തിമൂന്നാം വയസിൽ മുന്നോട്ട് നടക്കുമ്പോഴും ഇവരുടെ ജീവിതത്തിൽ നിറങ്ങളില്ല...

നാളെ ഷൂട്ടിങുണ്ട്. ഇന്ന് രാത്രി എട്ടു മണിക്ക് തീവണ്ടി കയറണം തൃശൂരിന്. ഒരു ദിവസത്തെ ഷൂട്ടിങാണെങ്കിലും ഞാൻ പോകും. കുറച്ച് ബുദ്ധിമുട്ടുണ്ടേ...സേതുലക്ഷ്മി മനോരമ ഓൺലൈനോട് സംസാരിക്കുന്നു....

നടി സേതുലക്ഷ്മിയുടെ മകന് വൃക്കരോഗം എന്ന വിവരങ്ങളുമായി സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഒരു പോസ്റ്ററിലെ സത്യാവസ്ഥ അറിയാനുള്ള ചോദ്യത്തിന് ആദ്യം ഈ അമ്മ ഉത്തരം പറയാൻ മടിച്ചു. പിന്നീട് പറഞ്ഞു തുടങ്ങി. മകനൊപ്പം ആശുപത്രിയിലാണ്. ആറു വർഷമായി വൃക്ക രോഗിയാണ് അവൻ. അവനായിട്ടാണ് ഇപ്പോൾ ജീവിക്കുന്നതും...കയറിക്കിടക്കാൻ ഒരു കൂരയില്ല. എല്ലാവർക്കും അസുഖവും...ഒരു മകനും മൂന്ന് പെൺമക്കളുമാണ് എനിക്ക്. ഇപ്പോൾ രണ്ടും പെണ്ണും ഒരാണുമേയുള്ളൂ. ഒരു മകൾ മൂന്ന് മാസം മുൻപ് രക്താർബുദം വന്ന് മരിച്ചു. എനിക്കിപ്പോൾ ആസ്തമയുടെ ലക്ഷണങ്ങളും കണ്ടുതുടങ്ങി.

സേതുലക്ഷ്മിയമ്മയുടെ ഏക മകനായ കിഷോറും അമ്മയെ പോലെ കലാരംഗത്തായിരുന്നു. കോമഡി സ്കിറ്റുകളും നാടകങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ മകന് അസുഖം ബാധിക്കുന്നത്. അതിനിടയിൽ ഒരു അപകടം സംഭവിച്ച് കാൽമുട്ടുകൾക്ക് ഗുരുതര തകരാർ സംഭവിച്ചു. അടുത്തിടെ വീണ്ടും ഒരു വണ്ടി ഇടിച്ചതോടെ പൂർണമായും നടക്കാൻ സാധിക്കാതെയായി. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്യേണ്ടതുണ്ട്.

നാലു പതിറ്റാണ്ടോളം നീണ്ട നാടകാഭിനയവും ഇപ്പോൾ‌ സിനിമാ ജീവിതവും ഈ അമ്മയുടെ ജീവിത നിലവാരത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയെന്ന് കരുതാനാകില്ല. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർ‍ഡൊക്കെ നേടിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും മാറ്റമില്ലെന്ന് സേതുലക്ഷ്മി പറയുന്നു. എന്തുകൊണ്ടാണിങ്ങനെയെന്ന് അറിയില്ല. കൂലി കൂട്ടിച്ചോദിച്ചാൽ പിന്നീട് ആരും വിളിക്കില്ലല്ലോ എന്ന പേടി കാരണം അതും ചെയ്യാറില്ല. നമ്മൾടെ ജീവിതം എങ്ങനെയുള്ളതാണെന്ന് അവർക്കറിയാമല്ലോ. സിനിമയേക്കാൾ ഭേദമാണ് സീരിയൽ എന്നു പറയാം. ഒരു ദിവസം നാലായിരം രൂപ കിട്ടും. അത് ഒന്നിനും തികയില്ലെങ്കിലും ഒരു ആശ്വാസമാണ്. പക്ഷേ എനിക്കിപ്പോൾ അതൊന്നും ചിന്തിക്കാനാകില്ല. മകന്‍ മാത്രമാണ് മനസിൽ അവന്റെ ചികിത്സയ്ക്കായി കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്യുന്നുണ്ട്. സേതുലക്ഷ്മി പറഞ്ഞു. ജീവിതത്തിൽ നേരിട്ട അനുഭവങ്ങളുടെ ചൂടു ചൂരും ഈ അമ്മയുടെ സംസാരത്തിൽ പോലും നിഴലിക്കുന്നുണ്ട്.

സ്വന്തമായി ഒരു പുതിയ കുഞ്ഞു വീട്. അതാണ് സേതുലക്ഷ്മിയമ്മ പങ്കിട്ട സ്വപ്നം. മുൻപ് നൽകിയ ഒരു അഭിമുഖത്തിലും അത് മാത്രമേ ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. സ്വന്തമായുള്ള വീട് ആകെ പൊട്ടിപ്പൊളിഞ്ഞ് പൊടിയും മറ്റുമായി നാശാവസ്ഥയിലാണ്. അസുഖക്കാരനായ മകന് ഈ അവസ്ഥയിൽ താമസിക്കാനാകാത്തതു കാരണം അയ്യായിരം രൂപ വാടക നൽകിയാണ് ഈ ദുരതത്തിനിടയിൽ തിരുവനന്തപുരം നഗരത്തിൽ ഒരിടത്ത് താമസിക്കുന്നത്.

അഭ്രപാളികളിൽ പല വേഷങ്ങളിലെത്തി നമ്മുടെ കാഴ്ചയെ, മനസിനെ സന്തോഷിപ്പിച്ച് ചിന്തിപ്പിച്ച് പോകുന്ന കഥാപാത്രങ്ങളുടെ പലരുടെയും ജീവിതത്തിൽ ഇങ്ങനെ ഇരുട്ടിന്റെ മുഖപടമുണ്ട്. അവർ കടന്നുപോയിക്കഴിഞ്ഞിട്ടാകും അതേക്കുറിച്ച് നമ്മളറിയുന്നതു പോലും. ഇന്നോളം സംഭവിച്ചിട്ടുള്ളതും അതുതന്നെ. സേതുലക്ഷ്മിയമ്മയുടെ കാര്യത്തിൽ അത് ആവർത്തിക്കാതിരിക്കട്ടെ. അതിനുള്ള ബാധ്യത നമുക്കുണ്ട്.

പക്ഷേ സേതുലക്ഷ്മിയമ്മയ്ക്കൊപ്പം കൈപിടിക്കുമ്പോൾ വ്യാകരണം നോക്കിയെഴുതിയ ഈ വാക്യങ്ങളൊന്നും മനസിൽ വരണ്ട...കടലോളം സ്നേഹമുള്ളൊരു അമ്മ മനസ് സങ്കടത്തിലാണ്..അത് നമ്മളറിഞ്ഞു...അവർക്കൊരു കുഞ്ഞു സഹായം നൽകണം....മധുരമൂറുന്ന ഒരു സ്നേഹസമ്മാനം...