മരിച്ചത് ഞാനാണോ? അതുകേട്ട് ചിരിച്ചു: ഷാജി കൈലാസ്

ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു എന്നുള്ള വാർത്തയിൽ അദ്ദേഹത്തിന്റേതെന്ന് കരുതി ഒരു പത്രം പ്രസിദ്ധീകരിച്ചത് സംവിധായകൻ ഷാജി കൈലാസിന്റെ ചിത്രം. പത്രത്തിന് പറ്റിയ അബദ്ധം സോഷ്യൽമീഡിയയിൽ വൈറലായി മാറിയെങ്കിലും ഷാജി കൈലാസ് അതത്ര കാര്യമാക്കുന്നില്ല.

സംഭവത്തെക്കുറിച്ച് ചോദിച്ച് വിളിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ‘എന്തുപറയാനാണ് ഇതിനെയൊക്കെ കുറിച്ച്. അങ്ങനെ സംഭവിച്ചു പോയി. ഇതൊന്നും വലിയ പ്രശ്നമല്ല. പത്രത്തിന്റെ ചെന്നൈ എഡിഷനിലാണ് സംഭവിച്ചത്- ഷാജി കൈലാസ് പറയുന്നു.

അവർക്ക് എന്നെ അറിയില്ലായിരിക്കും. ഭാഗ്യം പേരൊന്നും മാറിപ്പോയിട്ടില്ല. മുഖത്തിന്റെ സാദൃശ്യം കാരണം ചിത്രം മാറിപ്പോയതാകാം. ഇപ്പോൾ പത്രങ്ങളുടെ ഡസ്കിലിരിക്കുന്നത് ചെറിയ കുട്ടികളല്ലേ. അവർക്ക് അബദ്ധം പറ്റിയതാ. അതുപോട്ടെ. എനിക്ക് പ്രശ്നമൊന്നുമില്ല. അതിനെ കുറിച്ച് വലിയ പ്രതികരണത്തിനൊന്നും ഞാനില്ല. ആദ്യം കാണുമ്പോൾ നമുക്കൊരു വിഷമം തോന്നും. പിന്നീട് അതിനെക്കുറിച്ച് വിചാരിക്കാതിരുന്നാൽ മതി. അത്രേയുള്ളൂ. ഷാജി കൈലാസ് പറഞ്ഞു.

പത്രത്തിലെ മരണവാർത്ത കണ്ട് ചെന്നൈയിൽ നിന്ന് സുഹൃത്തുക്കളെല്ലാവരും വിളിച്ചിരുന്നു. ചിലർ പറയുന്നത് ആയുസ് കൂട്ടിക്കിട്ടുമെന്നൊക്കെയാ. ആ പത്രത്തിൽ നിന്നും രാവിലെ എന്നെ വിളിച്ചിരുന്നു. എഡിറ്റർ വിളിക്കുമെന്ന് അറിയിച്ചു. ആയിക്കോട്ടേയെന്ന് ഞാനും പറഞ്ഞു. ഇതൊന്നും അത്ര കാര്യമാക്കുന്നില്ല ഞാൻ. സോഷ്യല്‍ മീഡിയ പലവട്ടം സലിം കുമാറിനേയും ജഗതി ശ്രീകുമാറുമൊക്കെ കൊന്നതാണല്ലോ ഇവിടെ - ഷാജി കൈലാസ് പറയുന്നു.