ഇത് പരിഹസിച്ചവർക്കുള്ള മറുപടി; വിനയ് ഫോർട്ട് പറയുന്നു

രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ വിനയ് ഫോർട്ടും വിനായകനും ഒന്നിക്കുന്ന സീനുകൾ വിരളമാണ്. എന്നാൽ വിനയ് ഫോർട്ടിന് അന്നേ ഉറപ്പായിരുന്നു ഇതുപോലെ ഒരുപാടൊരുപാടു പുരസ്കാരങ്ങൾ വിനായകനെ തേടിയെത്തുമെന്നും അതിനേക്കാളെല്ലാമുപരി ആ കഥാപാത്രം പ്രേക്ഷകന്റെ നെഞ്ചിൽ തറയ്ക്കുമെന്നും. അതുപോലെ തന്നെ സംഭവിച്ചു. വിനയ് സംസാരിക്കുന്നു വിനായകനെ കുറിച്ച്...താൻ കണ്ടറിഞ്ഞ നടനെയും മനുഷ്യനെയും കുറിച്ച്...

‌‘സെക്കൻഡ്സ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലാണ് ഇതുവരെ ഞങ്ങളൊന്നിച്ച് അഭിനയിച്ചത്. കമ്മട്ടിപ്പാടത്തിൽ രണ്ടു സീനുകളിലേ ഞങ്ങൾ അഭിനയിച്ചുള്ളൂ. ഒരുപാട് ആത്മാർഥതയോടെയാണ് വിനായകൻ അതു ചെയ്തതും. അത്രയ്ക്കും ശക്തമായ ക്യാരക്ടറായിരുന്നു ആ സിനിമയിൽ. ഞാൻ വിനായകനോട് പറഞ്ഞു ഇത്രയും നാൾ അഭിനയിച്ചത് കമ്മട്ടിപ്പാടത്തിനുവേണ്ടിയിട്ടാണ് എന്ന്. ഇരുപത് വർഷമായിട്ട് വിനായക് സിനിമയിൽ‌ അഭിനയിക്കുന്നു.

അതിലേറ്റവും നല്ല അഭിനയം ഈ ചിത്രത്തിലായിരുന്നു. നല്ലൊരു പ്ലാറ്റ്ഫോം കിട്ടിയപ്പോൾ അദ്ദേഹം നന്നായി തന്നെ അഭിനയിച്ചു. ആ സിനിമയ്ക്കു വേണ്ടി ശാരീരികമായ വ്യത്യാസങ്ങൾ വരുത്തി. ശരീരഭാഷ തന്നെ ഭയങ്കര രസമായി തോന്നി. എനിക്കരുപാട് സന്തോഷം തോന്നി അവാർഡ് പ്രഖ്യാപനം കേട്ടപ്പോൾ.

അഭിനയത്തിന്റെ പ്രതിഭയ്ക്കപ്പറും വളരെ ശുദ്ധനായൊരു മനുഷ്യനാണ് അദ്ദേഹം. തുറന്ന മനസുള്ള ഒരാൾ. ഞങ്ങൾക്ക് രണ്ടുപേർക്കും പൊതുവായ കുറേ സ്വഭാവങ്ങളുണ്ട്. കമ്മട്ടിപ്പാടത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുമ്പോൾ കുറേ സംസാരിച്ചിരുന്നു ഞങ്ങൾ. സിനിമ മേഖലയിൽ നിന്നുള്ള കുറേ പേർ അപമര്യാദയായി പെരുമാറിയതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ച‌ു.

അതെല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞത്, അവർക്കുള്ള മറുപടിയാണ് ഈ സിനിമ എന്നാണ്. സംസ്ഥാന അവാർഡ് അദ്ദേഹത്തെ തേടിയെത്തിയപ്പോൾ ആ മറുപടി സമ്പൂർണമായി. ഇനിയും അദ്ദേഹത്തിന് ഇനിയുമേറെ ദൂരം പോകാനുണ്ട്. കാണുമ്പോൾ കെട്ടിപ്പിടിച്ച് ആശംസ അറിയിക്കണം . റാഫി സംവിധാനം ചെയ്യുന്ന ചിത്രം റോൾ മോഡൽസ് എന്ന ചിത്രത്തിലാണ് ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. ഏറ്റവുമടുത്ത നാല് ഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ. ഫഹദും, വിനായകനും, ഞാനും. ഈ സിനിമയുടെ ഷൂട്ടിങ് ഗോവയിലായിരുന്നു. 35 ദിവസത്തോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. പിന്നെയും ആ മനുഷ്യനെ അടുത്തറിയാനായി അങ്ങനെ.

ഗിമ്മിക്കുകളില്ലാത്ത നടനാണ്. കമ്മട്ടിപ്പാടം ഞാനും വിനായകനും ഒന്നിച്ചാണ് കണ്ടത്. സിനിമ കഴിഞ്ഞപ്പോൾ ആളുകളൊക്കെ വിനായകനെ തിരിച്ചറിഞ്ഞു ചുറ്റിലും കൂടി. അതൊന്നും പക്ഷേ ആ മനുഷ്യനെ ബാധിച്ചേയില്ല. ഒന്നും സംഭവിക്കാത്തതു പോലെ, ഒരു സാധാരണക്കാരനെ പോലെ അദ്ദേഹം അവർക്കിടയിലൂടെ ഇറങ്ങിപ്പോയി. ഭയങ്കരമായി സന്തോഷം പ്രകടിപ്പിക്കാൻ ആഗ്രഹിക്കാത്ത സ്വഭാവക്കാരനാണ്. ഒരു പച്ച മനുഷ്യൻ.– വിനയ് പറഞ്ഞു.