വീണ്ടും ജയ ബച്ചൻ; സെൽഫി എടുത്ത പയ്യനെ ശകാരിച്ച് താരം

പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ് ജയ ബച്ചൻ. അമിത സ്വാതന്ത്ര്യം കാണിക്കുന്ന ആരാധകരോടും മാധ്യമ പ്രവര്‍ത്തകരോടും അതിരുവിടരുതെന്ന് മുഖത്തുനോക്കി പറയാൻ താരത്തിന് ഒരുമടിയുമില്ല. കഴിഞ്ഞ ദിവസം ഇതുപോലൊരു സംഭവം ഉണ്ടായി.

വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് മുംബൈ ശ്രീ മങ്കേശ്വര്‍ ക്ഷേതത്തിലെത്തിയതായിരുന്നു ജയ. ശാരീരികമായി ജയ വളരെ ക്ഷീണിതയായിരുന്നു. ക്ഷേത്രദർശനത്തിന് ശേഷം കാറിലേക്ക് തിരിക്കുന്നതിനിടെ ആരാധകർ ജയയെ വളഞ്ഞു. ഫോണിൽ സെൽഫി എടുക്കാനായിരുന്നു പലരുടെയും വെപ്രാളം.

ഇതിനിടെ ഒരു ആരാധകന്‍ കാറിനുളളിലെ ഭാഗങ്ങളും വിഡിയോയില്‍ പകര്‍ത്താന്‍ നോക്കി. ഇതാണ് ജയയെ ചൊടിപ്പിച്ചത്. കൈ കൊണ്ട് തട്ടി, ഡോണ്‍ഡ് ഡു ദിസ് സ്റ്റുപ്പിഡ് എന്ന്  പറഞ്ഞു. 

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഹേമാമാലിനിയുടെ മകള്‍ ഇഷാ ഡിയോളിന്റെ ബേബി ഷവറിനിടെ പൂജ ശ്രദ്ധിക്കാതെ സെല്‍ഫിയെടുക്കാന്‍ വന്ന പൂജാരിയേയും ജയ ഓടിച്ചിരുന്നു.