ആറാം വയസ്സിൽ പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ഡെയ്സി ഇറാനി

ബോളിവുഡിലെ മുതിർന്ന താരം ഡെയ്സി ഇറാനിയുടെ വെളിപ്പെടുത്തലിൽ തകർന്ന് ബോളിവുഡ് ലോകം. 1950കളിൽ ഹിന്ദിയിൽ അറിയപ്പെടുന്ന ബാലതാരമായിരുന്നു ഡെയ്സി. തന്റെ കരിയറിലെ ആറാം വയസ്സിൽ ലൈംഗികമായി പീഡിപ്പിക്കപ്പട്ടുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന മീ ടൂ ക്യാംപയിന്റെ ഭാഗമായല്ല നടിയുടെ ഈ തുറന്നുപറച്ചിൽ. സിനിമയിലേക്കും സീരിയലുകളിലേക്കുമുള്ള കുട്ടികളുടെ കടന്നുകയറ്റമാണ് നടിയെ ഇതുതുറന്നുപറയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ടെലിവിഷൻ ഷോ, സിനിമ, സീരിയൽ ഇവയിൽ പങ്കെടുക്കാൻ കരുതലോടെ വേണം കുട്ടികളെ വിടാനെന്നും മാതാപിതാക്കൾ പ്രത്യേകശ്രദ്ധചെലുത്തണമെന്നും നടി പറയുന്നു.

തനിക്കുണ്ടായ ദുരന്തം തുറന്നുപറയാനും നടി തയ്യാറായി. തന്റെ സംരക്ഷകനായി നിന്ന വ്യക്തി തന്നെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി പറയുന്നു. ‘ഹം പഞ്ചി ഏക് ഡാൽ കേ എന്ന സിനിമയുടെ ഷൂട്ടിങ് മദ്രാസിൽ നടക്കുകയാണ്. ഞാനും അയാളും മാത്രമാണ് ഹോട്ടൽ റൂമിലുളളത്. അന്ന് രാത്രി അയാൾ എന്നെ പീഡിപ്പിച്ചു. ബെൽറ്റ് ഉപയോഗിച്ച് എന്നെ തല്ലി. ഇവിടെ നടന്നത് പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു. അതുകഴിഞ്ഞ് അടുത്ത ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ സ്റ്റുഡിയോയിൽ എത്തി അഭിനയിച്ചു. വർഷങ്ങളോളം എനിക്ക് അത് അമ്മയോട് പറയാൻ സാധിച്ചില്ല.’ഡെയ്സി പറഞ്ഞു.

‘ഞാൻ വളർന്നപ്പോൾ എന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു. ആണ്‍കുട്ടികളോട് പ്രത്യേക വികാരങ്ങൾ ഉണ്ടാകാൻ തുടങ്ങി. എന്താണ് എനിക്ക് സംഭവിച്ചതെന്ന് എനിക്ക് പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു ഭ്രാന്തിയെപ്പോലെ ആയിരുന്നു. ആ സമയത്ത് അമ്മയും സംഭവത്തെക്കുറിച്ച് അറിഞ്ഞെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.’ ഡെയ്സി പറഞ്ഞു.

അമ്മയുടെ നിർബന്ധപ്രകാരമാണ് ഡെയ്സി നാലാം വയസ്സിൽ സിനിമാ അഭിനയം ആരംഭിക്കുന്നത്. നവ്യ ഡൗർ, ജഗ്തേ രഹോ, ബൂട് പോളി, ധൂൽ കാ ഫൂൽ ഉൾപ്പടെ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു.

‘എന്നെ പീഡിപ്പിച്ച വ്യക്തി ഇന്ന് ജീവിച്ചിരിപ്പില്ല. അയാളുടെ പേര് നാസർ. പ്രശസ്ത ഗായൻ സൊഹ്റാബായി അംബാലെവാലിയുടെ ബന്ധുവായിരുന്നു അയാൾ. അതുകൊണ്ട് തന്നെ സിനിമാഇൻഡസ്ട്രിയിൽ പരിചയവുമുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് സിനിമയിൽ എന്നെ സ്റ്റാർ ആക്കണമെന്ന ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ.’–ഡെയ്സി പറഞ്ഞു.

‘പിന്നീട് പതിനഞ്ചാം വയസ്സിലും ഇതുപോലെ സംഭവിച്ചു. അന്ന് അമ്മ എന്നെ സാരി ഉടുപ്പിച്ചു. തുടർന്ന് നിർമാതാവായ മല്ലിക്ചന്ദ് കോചർ എന്ന ആളുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. മേരെ ഹുസൂർ എന്നൊരു സിനിമ ചെയ്യാൻ അയാൾക്ക് പദ്ധതി ഉണ്ടായിരുന്നു. അയാൾ എനിക്കൊപ്പം സോഫയിൽ ഇരുന്ന് ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി. എനിക്ക് അറിയായിരുന്നു അയാളുടെ മനസ്സിൽ എന്തായിരിക്കുമെന്ന്.’–ഡെയ്സി പറഞ്ഞു.

പിന്നീട് രണ്ട് സഹോദരിമാർ സിനിമയിലെത്തിയപ്പോൾ തനിക്കുണ്ടായ അനുഭവം അവർക്കൊരിക്കലും ഉണ്ടാകരുതെന്ന്  ഡെയ്സിക്ക് നിർബന്ധമായിരുന്നു. ഡെയ്സിയുടെ ഒരു സഹോദരി ഹണി വിവാഹം കഴിച്ചത് ജാവേദ് അക്തറിനെയാണ്.  മറ്റൊരു സഹോദരി സംവിധായകനായ കമ്രാൻ ഖാനെയും. ഡെയ്സി 21ാം വയസ്സിൽ വിവാഹിതയായി. സംവിധായകൻ കെകെ ശുക്ലയാണ് ഡെയ്സിയുടെ ഭര്‍ത്താവ്.

വിവാഹശേഷം സഹനടിയായി തുടർന്നു. ഷാരൂഖ് ഖാൻ ചിത്രം ഹാപ്പി ന്യൂഇയറിലാണ് അവസാനം അഭിനയിച്ചത്.