മാനിൽ കുടുങ്ങിയ സൽമാൻ; കേസിന്റെ നാൾവഴികൾ

സൽമാൻ ഖാനെ രണ്ട് വർഷം തടവിന് ശിക്ഷിച്ച മാൻവേട്ട കേസിന് 20 വർഷത്തെ പഴക്കമുണ്ട്. സൽമാൻ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണ് കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനായിരുന്നു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചാകുകയും ചെയ്തു. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാൻ, സോണാലി ബിന്ദ്രെ, തബു,​ നീലം കോത്താരി എന്നിവർക്കൊപ്പമായിരുന്നു ഇത്.

കൃഷ്ണമൃഗം അഥവാ കരിമാന്‍. കാണാന്‍ അതിസുന്ദരന്‍. പാവത്താന്‍. പക്ഷെ തൊട്ടാല്‍ വിവരമറിയും. നിയമത്തിന്റെ പരിരക്ഷ അത്രയ്ക്കുണ്ട് ഈ മനോഹര മൃഗത്തിന്. ക്യാമറയ്ക്കു മുന്നില്‍ വിജയിച്ച ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പക്ഷെ പരാജയപ്പെട്ടത് കൃഷ്ണമൃഗത്തിനു മുന്നിലാണ്. 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം.

1998 ഒക്ടോബർ 2: മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്ണോയി വംശജർ സൽമാനെതിരെയും മറ്റുതാരങ്ങൾക്കെതിരെയും പരാതി നൽകി.

1998 ഒക്ടോബർ 12: സൽമാൻ ഖാനെ അറസ്റ്റ് ചെയ്തു, പിന്നീട് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ജാമ്യം അനുവദിച്ചു

2006 ഏപ്രിൽ 10: രണ്ടാമത്തെ കേസിൽ സൽമാന് അഞ്ച് വർഷം തടവും 25000 രൂപ പിഴയും. ഒരാഴ്ച ജയിൽ ശിക്ഷ അനുഭവിച്ചു.

2007 ആഗസ്റ്റ് 31: രാജസ്ഥാൻ ഹൈക്കോടതി അഞ്ച് വർഷത്തേക്ക് സൽമാനെ ശിക്ഷിച്ചു. പിന്നീട് ശിക്ഷ മരവിപ്പിച്ചു. പിന്നീട് ആയുധനിയമ പ്രകാരമുള്ള കുറ്റം റദ്ദാക്കി.

2012 ജൂലായ് 24: പ്രതികൾക്കെതിരെ കുറ്റങ്ങൾ ചുമത്തി.

ആഗസ്റ്റ് 2013: സൽമാന് യുകെയിൽ പോകാനുള്ള വിസ നിഷേധിച്ചു

നവംബർ 13, 2013: സൽമാനെതിരെയുളള വിധി രാജസ്ഥാൻ ഹൈക്കോടതി സ്റ്റേ ചെയ്ത് യുകെ സന്ദർശനത്തിന് അനുമതി നൽകി

ജൂലൈ 9, 2014: സുപ്രീം കോടതി സൽമാന് നോട്ടീസ് അയച്ചു. വിധി സ്റ്റേ ചെയ്ത രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ രാജസ്ഥാൻ ഗവൺമെന്റ് കോടതിയില്‍ നൽകിയ അപ്പീലിൽ ആയിരുന്നു നോട്ടീസ്.

2016 ജൂലായ് 25ന്ജോധ്പൂർ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കി

2016 ഒക്ടോബർ 19ന് രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

2016 നവംബർ 11: കേസ് അതിവേഗം കേൾക്കാമെന്ന്സുപ്രീം കോടതി സമ്മതിച്ചു

2017 ഫെബ്രുവരി 15: സൽമാന്റെ അഭിഭാഷകൻ കോടതിയിൽ തെളിവ് ഹാജരാക്കിയില്ല. പിന്നീട് മാർച്ച് ഒന്നിന് വിചാരണ ആരംഭിച്ചു.

2018 മാർച്ച് 28: വിചാരണകോടതിയിൽ വാദങ്ങളെല്ലാം അവസാനിച്ചു. കേസ് വിധി പറയാൻ പിന്നീട് മാറ്റി.

2018 ഏപ്രിൽ 5: സൽമാൻ കുറ്റക്കാരനെന്ന് കണ്ട് മറ്റുപ്രതികളെ വെറുതെ വിട്ടു.