‘കേരളത്തിന് സൽമാന്റെ 12 കോടി’; പുലിവാല് പിടിച്ച് ജാവേദ് ജാഫെറി

കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേയ്ക്ക് സൽമാൻ ഖാൻ 12 കോടി നൽകിയെന്ന് ട്വീറ്റ് ചെയ്ത ജാവേദ് ജാഫെറിക്ക് നേരെ വിമർശനം. ‘സൽമാൻ ഖാൻ കേരളത്തിന് വേണ്ടി 12 കോടി സംഭാവന നൽകിയതായി കേട്ടു. ഇതാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.’–ഇങ്ങനെയായിരുന്നു ജാഫെറിയുടെ ട്വീറ്റ്.

എന്നാൽ ഇല്ലാത്തൊരു വാർത്തയെ വെറും കേട്ടവറിന്റെ മാത്രം അടിസ്ഥാനത്തില്‍ എന്തിനാണ് ട്വീറ്റ് ചെയ്തതെന്നായിരുന്നു ജാഫെറിക്ക് നേരെ ഉയർന്ന വിമര്‍ശനം. സൽമാന്‍ സംഭാവന നൽകിയെന്നത് വ്യാജമാണെന്നും അഭിമാനമുണ്ടെങ്കിൽ താങ്കള്‍ സംഭാവന ചെയ്യൂ എന്നായിരുന്നു ട്വീറ്റിന് മറുപടിയായി വന്നുകൊണ്ടിരുന്നത്.

വിമർശനം കടുത്തതോടെ ജാഫെറി ട്വീറ്റ് നീക്കം ചെയ്തു. ‘സൽമാന്റെ ഖാന്റെ സംഭാവനയുമായി ബന്ധപ്പെട്ട് ഞാൻ നേരത്തെ ഒരു ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുൻകാലജീവിതം പരിശോധിച്ചാൽ മനസ്സിലാകും ഞാൻ എന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന്. എന്തായാലും ആ ട്വീറ്റ് നീക്കം ചെയ്യുന്നു. വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണം കിട്ടിയ ശേഷം വീണ്ടും ട്വീറ്റ് ചെയ്യും.’–ജാഫെറി പറഞ്ഞു.

ബോളിവുഡിൽ നിന്നും അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ജാക്വലിൻ, സുശാന്ത് സിങ്, വിരാട് കോഹ്‍ലി, അനുഷ്ക ശർമ, ആലിയ ഭട്ട്, രൺദീപ് ഹൂഡ തുടങ്ങിയവർ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു.