ആദ്യവിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിർ

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയായിരുന്നെന്ന് ആമിർ ഖാൻ. റീനയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് കിരൺ റാവുവിനെ ആമിർ ഖാൻ വിവാഹം ചെയ്യുന്നത്. കോഫി വിത്ത് കരൺ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ആമിർ സംസാരിച്ചത്.

‘16 വർഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേർപിരിയാൻ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നൽകുന്നതായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അർത്ഥമില്ല. അവൾ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ആമിർ പറഞ്ഞു.

‘16 വർഷം അവൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാൻ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങൾ വിവാഹിതരായത്. എന്നിട്ടും ഞാൻ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നൽകി’.– ആമിർ വ്യക്തമാക്കി.

1986 ലായിരുന്നു ആമിർഖാനും റീനയുമായുളള വിവാഹം. 2002 ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്. 2005 ലാണ് കിരൺ റാവുവുമായുളള ആമിറിന്റെ വിവാഹം. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള തന്റെ നിബന്ധനകളും ആമിർ അഭിമുഖത്തിൽ പറഞ്ഞു. തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലെ ഫിരംഗി എന്ന കിറുക്കൻ കഥാപാത്രത്തോട് ഒരുപാട് ഇഷ്ടം തോന്നിയതുകൊണ്ടാണ് ആ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് ആമിർ പറയുന്നു.

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും ആമിറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചൻ തന്നെ ഫോണില്‍ വിളിച്ച രസകരമായ സംഭവവും ആമിർ കരൺ ജോഹറിനോട് വെളിപ്പെടുത്തുകയുണ്ടായി. ‘ഞാൻ അമിതാഭ് ജിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുന്നത് ഫോണിലൂടെയാണ്. അന്ന് ജോ ജീത്താ സിക്കന്ദർ എന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ നടക്കുകയാണ്. മൊബൈൽ ഫോണുകളൊന്നും അന്ന് വന്നിട്ടില്ല. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വന്ന് എന്നോട് പറഞ്ഞു അമിതാഭ് ബച്ചൻ താങ്കളെ ഫോണിൽ വിളിച്ചിരുന്നെന്ന്. സത്യത്തിൽ എനിക്ക് അത് തമാശയയാണ് തോന്നിയത്. ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതായിരിക്കും എന്നുകരുതി.  എന്നാൽ അരമണിക്കൂറിന് ശേഷം ഫോൺ ബെല്ലടിച്ചു ഞാൻ എടുത്തു, അത് അമിതാഭ് ജി ആയിരുന്നു. പേടിച്ച് വിറച്ച് ഫോൺ റിസീവർ എന്റെ കയ്യിൽ നിന്നും താഴെ വീണു. ആദ്യം തന്നെ യെസ് സാർ എന്നായിരുന്നു ഞാൻ പറഞ്ഞത്.’–ആമിർ പറയുന്നു.