നഗ്നമായ ശരീരത്തില്‍ സ്വർണാഭരണങ്ങള്‍ മാത്രം; ഷക്കീല ഫസ്റ്റ്ലുക്ക്

നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ്ലുക്ക് എത്തി. നഗ്നമായ ശരീരത്തിൽ സ്വർണാഭാരണങ്ങൾ മാത്രം അണിഞ്ഞ നായികയെ പോസ്റ്ററിൽ കാണാം. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. ബോൾഡ് ഈസ് ഗോൾഡ് എന്നായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ നടി വിശേഷിപ്പിച്ചത്.

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. ഷക്കീല സിനിമയിൽ അതിഥിവേഷത്തില്‍ എത്തുന്നുമുണ്ട്.

തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് മലയാളക്കര ഇളക്കി മറിക്കുന്നത്. പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവര്‍ക്കുണ്ടായ വീഴ്ചകളുമാണ് ചിത്രത്തിന്‍റെ പ്രമേയം. പല പ്രമുഖരുടെയും മുഖംമൂടി വലിച്ചു കീറുന്നതായിരിക്കും ചിത്രമെന്ന വിലയിരുത്തലും ഉണ്ട്.