ജയിംസ് ബോണ്ട് 25; സംവിധായകനായ ഡാനി ബോയ്ൽ പിന്മാറി

ജയിംസ് ബോണ്ട് ആരാധകർക്ക് നിരാശ. ബോണ്ട് 25ാം ചിത്രത്തിൽ നിന്നും സംവിധായകനായ ഡാനി ബോയ്ൽ പിന്മാറി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലമാണ് അദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് നിർമാതാക്കൾ അറിയിച്ചു.

അടുത്ത ജയിംസ് ബോണ്ട് പടം സംവിധാനം ചെയ്യുന്നതു ബോയ്‌ലാണെന്നു നിർമാതാക്കളായ മൈക്കൽ വിൽസനും ബാർബറ ബ്രൊകോളിയും അറിയിച്ചതോടെ 007 ആരാധകർ ആവേശത്തിലായിരുന്നു. സ്ലം ഡോഗ് മില്യെനേറിലൂടെ ലോകത്തിന്റെ കയ്യടിയും ഓസ്കർ പുരസ്കാരവും നേടിയ ബോയ്ൽ, ബോണ്ട് പരമ്പരയിലെ ഇരുപത്ത​ഞ്ചാമത്തെ പടം മോശമാക്കില്ലെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ഇപ്പോൾ അദ്ദേഹം പിന്മാറിയതോടെ അടുത്തത് ആരാണെന്ന ആകാംക്ഷയിലാണ് ആരാധകർ.

ക്രിസ്റ്റഫർ നൊലാനും ബ്ലേഡ് റണ്ണർ സംവിധായകൻ ഡെന്നിസ് വില്ലെന്യൂവുമാണ് ആദ്യ പരിഗണനയിലുള്ളത്. ഇതിൽ നൊലാന്‍ തന്റെ നയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയിംസ് ബോണ്ട് സീരിസിന്റെ പൊളിച്ചെഴുത്താണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അഭിമുഖത്തിൽ നൊലാൻ വെളിപ്പെടുത്തിയത്. എന്തായാലും പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

ജോൺ ഹോജിന്റേതാണു ബോണ്ട് 25 ന്റെ തിരക്കഥ. ഡാനിയൽ ക്രെയ്ഗ് ഇത് അഞ്ചാം തവണയാണു ബോണ്ടാകുന്നത്. അഞ്ചുമാസം നീളുന്ന ചിത്രീകരണം ഈ ഡിസംബറിൽ തുടങ്ങും. എംജിഎം, യൂണിവേഴ്സൽ പിക്ചേഴ്സ് പങ്കാളിത്തത്തിലുള്ള പടം അടുത്തവർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.

മിനിട്ടിന് 3.57 ലക്ഷം പൗണ്ട്!

അൻപതുവയസ്സുകാരൻ ഡാനിയൽ ക്രെയ്ഗ് പുതിയ ബോണ്ട് പടത്തിൽ അഭിനയിക്കുന്നതിനു പ്രതിഫലം പറ്റുന്നത് അഞ്ചുകോടി പൗണ്ടാണെന്നു വാർത്തകൾ. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മിനിട്ടിനും 3.57 ലക്ഷം പൗണ്ട് (3.38 കോടി രൂപ) വീതം. ഏറ്റവുമൊടുവിലിറങ്ങിയ ബോണ്ട് സിനിമയായ സ്പെക്റ്ററിന് 3.7 കോടി പൗണ്ടായിരുന്നു പ്രതിഫലം.

ഇത്തവണ ക്രെയ്ഗന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പദവിയും കിട്ടും. സ്പെക്ടർ 70 കോടി പൗണ്ടും സ്കൈഫോൾ 90 കോടി പൗണ്ടുമാണ് ബോക്സ് ഓഫിസിൽ നേടിയത്.