ദ് നണ്‍; ആ പ്രേതാലയം ഉണ്ടാക്കിയത് ഇങ്ങനെ

റിലീസിനൊരുങ്ങുന്ന ഹൊറര്‍ ചിത്രം ദ് നൺ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ പ്രേതാലയം സെറ്റിട്ട് ആണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. റൊമാനിയയിലെ കൊട്ടാരങ്ങള്‍ പ്രധാന ലൊക്കേഷൻസ് ആണ്.

കൺജറിങ് 2 വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമാണ് ദ് നൺ. 1952 ല്‍ റൊമാനിയയില്‍ നടന്ന കന്യാസ്ത്രീയുടെ ദുരൂഹമരണാണ് ചിത്രത്തിന്റെ പ്രമേയം. കൺജറിങിനും അന്നാബലെയ്ക്കും മുമ്പ് നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. റൊമാനിയയിലെ ഭയം ജനിപ്പിക്കുന്ന കൊട്ടാരങ്ങളിലാണ് ചിത്രീകരണം  നടന്നത്. 

ഹോളിവുഡ് ചിത്രമായ കൺജറിങ് 2 കണ്ട് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. ജെയിംസ് വാൻ സംവിധാനം ചെയ്ത ഹൊറർ സിനിമ ഇന്ത്യയിലും ഹിറ്റായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ െഞട്ടിച്ചത് പിശാചായി എത്തുന്ന കന്യാസ്ത്രീയുടെ കഥാപാത്രമാണ്. അതിഭീകരമായ മേക്ക്അപ്പും അഭിനയവും പ്രേക്ഷകരെ കൂടുതൽ പേടിപ്പിച്ചു. 

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അത് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാൻ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയിൽ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം.

ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോൺസ് ആണ് പ്രേതമായി വേഷമിടുന്നത് കൺജറിങ് 2വിലും ഇവർ തന്നെയായിരുന്നു അഭിനയിച്ചത്. ടൈസ ഫർമിഗ, ഡെമിയൻ ബിചിർ, ഇൻഗ്രിഡ് ബിസു എന്നിവരാണ് മറ്റുതാരങ്ങൾ.കോറിൻ ഹാർഡിയാണ് സംവിധാനം. സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.