ഇത്തവണ കൂട്ടിയത് 40 കിലോ; ഞെട്ടിക്കാൻ ക്രിസ്റ്റ്യൻ ബെയ്‌‍ൽ; വൈസ് ടീസർ

കഥാപാത്രത്തിന് വേണ്ടി ഏത് അളവിലും ശരീരം മാറ്റിമറിക്കുന്ന താരമാണ് ക്രിസ്റ്റ്യൻ ബെയ്‌ൽ. പതിവ് െതറ്റിച്ചില്ല. കക്ഷി വീണ്ടും വരുന്നുണ്ട്. ഒന്നൊന്നൊര വരവുമായി. മുൻ അമേരിക്കൻ പ്രസിഡന്റ് ഡിക്ക് ചെയ്നിയുടെ ജീവിതകഥ പറയുന്ന വൈസ് എന്ന ചിത്രത്തിലൂടെ അടുത്ത ഓസ്കർ സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ബെയ്‌‍ൽ.

ഒറ്റനോട്ടത്തിൽ ഡിക്ക് തന്നെ. സിനിമയുടെ ആദ്യ ടീസർ കണ്ടവരുടെ ആദ്യ പ്രതികരണമാണ്. അറുപതുകാരനായ ഡിക്ക് ആയാണ് 44കാരനായ ബെയ്‍ൽ എത്തുന്നത്. സിനിമയ്ക്കായി നാല്‍പത് കിലോയാണ് വർധിപ്പിച്ചത്. (മെക്കാനിസ്റ്റ് വേണ്ടി 2004ൽ അദ്ദേഹം അറുപത് കിലോ കുറച്ചിരുന്നു)

മെക്കാനിസ്റ്റിൽ ബെയ്‌ല്‍

സിനിമയ്ക്കായി നടത്തുന്ന രൂപമാറ്റങ്ങൾക്കായി ഇതുവരെയും ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം കേൾക്കാത്ത ബെയ്‌ൽ ഇതാദ്യമായി അവരുടെ കൂടി നിർദേശങ്ങൾ അനുസരിച്ചാണ് ശരീരഭാരം വർധിപ്പിച്ചത്. തടി മാത്രമല്ല വലിയൊരു കുടവയറും കൂടി ബെയ്‌ൽ ചിത്രത്തിനായി ഉണ്ടാക്കി.

ഓസ്കർ നേടിയ ‘ദ് ബിഗ് ഷോട്ടിന്’ ശേഷം സംവിധായകൻ ആദം മക്കേയും ബെയ്‍ലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആമി ആദംസ് ഡിക്കിന്റെ ഭാര്യയായ ലിന്നെ ചെയ്നിയെ അവതരിപ്പിക്കുന്നു. ജോർജ് ഡബ്ലു ബുഷ് ആയി സാം റോക്ക്‌വെൽ എത്തുമ്പോൾ ഡൊണാൾഡ് റംസ്​ഫെൽഡ് ആയി സ്റ്റീവ് കാരെൽ എത്തുന്നു.