ജാക് സ്പാരോ ആകാൻ ഇനി ജോണി ഡെപ്പ് ഇല്ല; താരത്തെ പുറത്താക്കി ഡിസ്നി

സദാ മദ്യപിച്ച് നടക്കുന്ന കിറുക്കന്‍ കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ഇനി ജോണി ഡെപ്പ് ഇല്ല. നടന്റെ കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 

പൈറേറ്റ്സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാർട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയൻ മൂവി ഫ്രാഞ്ചൈസിയിൽ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു. 

കഴിഞ്ഞ നാല് വർഷമായി വിവാദജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെൻ ടെൽ നോ ടേൽസ് അതിലെ ഏറ്റവും കലക്ഷന്‍ കുറഞ്ഞ ചിത്രമായി മാറുകയും ചെയ്തു.

1.-പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ: ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ (2013)

2. ദ് ഡെഡ് മാൻസ് ചെസ്റ്റ് (2006)

3. അറ്റ് വേൾഡ്സ് എൻഡ് (2007)

4. ഓൺ സ്ട്രെയ്‍ഞ്ചര്‍ ടൈഡ്സ് (2011)

5. ഡെഡ് മെൻ ടെൽ നോ ടേൽസ് (2017)

ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് സ്റ്റുവാർട്ട് ബീറ്റി പറയുന്നു. ‘കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. മാത്രമല്ല അദ്ദേഹവും കരിയറിൽ ഈ വേഷം കൊണ്ട് കോടികൾ ഉണ്ടാക്കി കഴിഞ്ഞു. ഇത് അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന ലെഗസിയാണ്. ജോണി അഞ്ച് തവണ ചെയ്ത ഒരേകഥാപാത്രവും ജാക് സ്പാരോ തന്നെ. ഇതേവേഷം അണിഞ്ഞ് അദ്ദേഹം പാവപ്പെട്ട കുട്ടികളെയും കാൻസർ ബാധിതരായ കുട്ടികളെയും കാണാൻ എത്തുമായിരുന്നു. ഇതൊക്കെ എല്ലാകാലവും ഓര്‍ക്കും.’–സ്റ്റുവാർട്ട് പറയുന്നു.

സൂപ്പർഹിറ്റ് ചിത്രം ഡെഡ്പൂളിന്റെ തിരക്കഥാകൃത്തുക്കളായ റെറ്റ് റീസും പോൾ വെർനിക്കുമാണ് പുതിയ പൈറേറ്റ്സ് ചിത്രത്തിന് തിരക്കഥ എഴുതാൻ ഡിസ്നി വിളിച്ചിരിക്കുന്നത്. 

പുതിയ സംവിധായകരെയും അഭിനേതാക്കളെയും ഉൾപ്പെടുത്തി പൈറേറ്റ്സിനെ റിബൂട്ട് ചെയ്യാണ് ഡിസ്നിയുടെ ശ്രമം. പുതിയ ജാക് സ്പാരോ ആയി ആരെ തിരഞ്ഞെടുക്കുമെന്നാണ് ഹോളിവുഡിൽ ഇനി ചർച്ചയാകാൻ പോകുന്ന വിഷയം.