കാലാവസ്ഥാ മാറ്റത്തിനെതിരെ ഡി കാപ്രിയോയുടെ ‘ബിഫോർ ദ് ഫ്ലഡ്’; വിഡിയോ

കാലാവസ്ഥാ മാറ്റത്തിനെതിരായ സന്ദേശവുമായി ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ അവതരിപ്പിക്കുന്ന പുതിയ ഹ്രസ്വചിത്രം ‘ബിഫോർ ദ് ഫ്ലഡ്’ ഒരു ദിവസം കൊണ്ടു ഡൗൺ‌ലോഡ് ചെയ്തത് 28 ലക്ഷം പേർ. കഴിഞ്ഞ ദിവസം നാഷനൽ ജിയോഗ്രഫിക് ചാനലിൽ സംപ്രേഷണം ചെയ്ത ചിത്രമാണു പിന്നീടു സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങി പ്രമുഖർ അഭിപ്രായം പങ്കുവയ്ക്കുന്നു. കാലാവസ്ഥാ മാറ്റത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങൾ പരിധിയില്ലാതെ പുറന്തള്ളുന്ന യുഎസിനെ നിശിതമായി വിമർശിച്ച് ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകയും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) മേധാവിയുമായ സുനിത നാരായണനും എത്തുന്നുണ്ട്.