ജാക്കി ചാന് ബോളിവുഡ് നായിക; കുങ്ഫു യോഗ ട്രെയിലർ

ആക്‌ഷൻ കിങ് ജാക്കി ചാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'കുങ്ഫു യോഗ' ട്രെയിലർ പുറത്തിറങ്ങി. വൻമുതൽമുടക്കിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ബോളിവുഡ് നടിമാരായ ദിഷ പട്ടാണിയും അമൈറ ദസ്തുറുമാണ്. ബോളിവുഡ്, തെലുങ്ക് താരം സോനു സുഡ് ആണ് വില്ലൻ.

ദുബായി, ഇന്ത്യ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാനചിത്രീകരണം. ബീജിങ് തായ്ഹി എന്റർടൈൻമെന്റ് കൾചർ ഡെവലപ്മെന്റ് കമ്പനി നിർമിക്കുന്ന കുങ് ഫു യോഗ സംവിധാനം ചെയ്യുന്നത് സ്റ്റാൻലി ടോങ് ആണ്. പതിവ് ജാക്കി ചാൻ ചിത്രങ്ങളിലേതുപോലെ ആക് ഷൻ–കോമഡി കഥയായിരിക്കും കുങ്ഫു യോഗയും പറയുക.

ഇന്ത്യ–ചൈന സഹകരണത്തോടെ നിർമിക്കുന്ന ചിത്രങ്ങളിൽ ആദ്യത്തേതാണിത്. ​നേരത്തെ ബോളിവുഡ് നടൻ ആമിർ ഖാൻ അഭിനയിക്കുന്നു എന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കുങ്ഫു യോഗ. എന്നാൽ താൻ ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്ന് ആമിർഖാൻ പ്രസ്താവനയിറക്കുകയുണ്ടായി.