Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊമ്പരമായി പവനായി 99.99; പൂർത്തിയായിട്ടും ആ സ്വപ്നം ബാക്കി

pavanai-2

ക്യാപ്റ്റൻ രാജുവിന്റെ ചിരിക്കഥാപാത്രം പവനായി അവതരിച്ചിട്ടു മുപ്പത്തിയൊന്നു കൊല്ലമാകുന്നു. എന്നാൽ ക്യാപ്റ്റൻ രാജുവിന്റെ സ്വപ്നമായിരുന്ന മിസ്റ്റര്‍ പവനായി 99.99 എന്ന ചിത്രം ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വിട വാങ്ങൽ വേളയിലും ഈ ചിത്രം നൊമ്പരമായി പ്രേക്ഷകമനസ്സിൽ കിടക്കുന്നു.

മലയാളസിനിമയിൽ കരുത്തുറ്റ വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ രാജു നാടോടിക്കാറ്റിലൂടെ വമ്പൻ മേക്കോവർ നടത്തുന്നത്. പവനായി എന്ന പ്രഫഷനല്‍ കില്ലറായി എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ക്യാപ്റ്റന്‍, അന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി.

1987 ല്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ നാടോടിക്കാറ്റിലെ പവനായിയെ അൽപം മാറ്റി, പവനായി 99.99 ൽ പുതിയ വഴിത്താരയിലെത്തിച്ചത് ക്യാപ്റ്റൻ രാജു തന്നെയാണ്. അദ്ദേഹമായിരുന്നു സംവിധാനവും. 97 ല്‍ പുറത്തിറങ്ങിയ ഇതാ ഒരു സ്‌നേഹഗാഥയ്ക്കുശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്.

2012 ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസ് ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചില്ല. ‘നാടോടിക്കാറ്റിലെ പവനായി മരിക്കുന്നുണ്ട്, ടവറില്‍നിന്നു വീണ്. 2012 ല്‍ മിസ്റ്റര്‍ പവനായി 99.99 എന്ന സിനിമ ഞാന്‍ എടുത്തു. അത് ഇതുവരെ റിലീസ് ആയിട്ടില്ല..നിര്‍മാതാവിനു മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ട്. എന്റെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി റിലീസ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ.’ – ക്യാപ്റ്റൻ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.

എന്‍.എന്‍. പിള്ളയുടെ പൗത്രനും വിജയരാഘവന്റെ മകനുമായ ദേവദേവനായിരുന്നു ഹീറോ. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി നായികയായി എത്തി. തിരക്കഥ രൂപക് ആന്‍ഡ് നിഷാക് ആണ് നിര്‍വഹിച്ചത്. ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അഭിനയിച്ചിരുന്നു.