അമിതാഹ്ലാദമില്ല, പുരസ്കാരം ചെല്ലാനത്തെ ആളുകൾക്ക്: ലിജോ ജോസ് പെല്ലിശേരി

പുരസ്കാരങ്ങളിലേക്ക് ഇന്ദ്രന്‍സിന്‍റെ ആദ്യ വലിയ ലാന്‍ഡിങ്. ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും നീങ്ങിയ ഇന്ദ്രന്‍സിന് ഇത് അര്‍ഹിക്കുന്ന അംഗീകാരം. ഈ മ യൗ എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലൂടെ ലിജോ ജോസ് മികച്ച സംവിധായകനുമായി. പുരസ്കാരങ്ങൾ സ്വന്തമാക്കിയവരുടെ പ്രതികരണങ്ങളിലേക്ക്–

ലിജോ ജോസ് പെല്ലിശേരി 

അമിതാഹ്ലാദമില്ല. സന്തോഷം, ഈ പുരസ്കാരം ചെല്ലാനം പ്രദേശത്തെ ആളുകൾക്കു സമർപ്പിക്കാനാണ് ഇഷ്ടം. അവരുടെ കഥയാണ് ഈ മ യൗ (ഈശോ മറിയം യൗസേപ്പ്). മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ പോളി വിൽസന്റെയും സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടിയ രംഗനാഥ് രവിയുടേയും നേട്ടത്തിലാണ് എനിക്ക് ഏറെ സന്തോഷം. പോളി വിൽസൻ 25 വർഷമായി നാടകവേദികളിലുള്ള നടിയാണ്. ഏതാനും ചിത്രങ്ങളിൽ മാത്രമാണു അഭിനയിച്ചിട്ടുള്ളത്. അവരുടെ കഴിവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം. ഏതാനും വിദേശ ചലച്ചിത്രമേളകളിൽ കൂടി ചിത്രം അയച്ചിരുന്നു.അതിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ജൂൺ പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പൗളി വത്സൻ

പുത്തൻവേലിക്കരയിൽ പുതിയ സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ നിൽക്കുമ്പോളാണു പോളിയെ തേടി അവാർഡ് വിവരം എത്തുന്നത്. 

‘ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവാർഡാണ്. അഭിനയിച്ചപ്പോൾ നല്ല പടമാണെന്ന തോന്നിയിരുന്നു. നല്ല ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനമായി പുരസ്കാരത്തെ കാണുന്നു’.

70-ാം വയസിൽ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ച സന്തോഷത്തിലാണു പോളി വൽസൺ.പോളി അഭിനയിച്ച ഈ മ യൗ എന്ന ചിത്രം തിയറ്ററുകളിലെത്തിയിട്ടില്ല.പടം പ്രിവ്യു കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞുവെന്നു പോളി പറയുന്നു.ഗപ്പി, ലീല, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലും പോളി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ട്. 

മഹേഷ് നാരായണൻ (മികച്ച നവാഗത സംവിധായകൻ) 

വനിതാ ദിനത്തിൽ വനിതകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക്ക് ഒാഫിനു പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ട്.സംവിധാകൻ രാജേഷ് പിള്ളയ്ക്കുള്ള സമർപ്പണം കൂടിയാണ് ചിത്രം. വിവിധ വിഭാഗങ്ങളിൽ അഞ്ചു പുരസ്കാരം ചിത്രത്തിനു ലഭിച്ചതു ഏറെ സന്തോഷം പകരുന്നു.സിനിമയുടെ കഥ പറഞ്ഞപ്പോൾ മുതൽ ചിത്രത്തിനൊപ്പം സഞ്ചരിച്ച വ്യക്തിയാണു പാർവതി.ഒത്തിരി സിനിമകൾ ചെയ്യണമെന്നു ആഗ്രഹമില്ല.ഹൃദയത്തിൽ തൊടുന്ന വിഷയങ്ങളാണെങ്കിൽ മാത്രമേ സിനിമ ചെയ്യൂ.

കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നു. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.