ആദ്യം പറഞ്ഞപ്പോൾ ഞെട്ടി, പിന്നെ ആ തീരുമാനം ഉൾക്കൊണ്ടു; ഷംന കാസിം

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തും ചെയ്യുന്നവരാണ് താരങ്ങൾ. വളരെ ശക്തമായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അത് ശാരീരികമായ തയ്യാറെടുപ്പുകൾ മാത്രം പോര, മാനസികമായും കരുത്താർജിക്കണം. അത്തരത്തിൽ ശാരീരികമായ ഒരുമാറ്റത്തിനു  വേണ്ടി മാനസീകമായി തയ്യാറെടുത്ത് അത് നടപ്പാക്കിയിരിക്കുകയാണ് നടി ഷംന കാസിം. ശശികുമാർ സംവിധാനം ചെയ്യുന്ന കൊടിവീരൻ എന്ന തമിഴ് ചിത്രത്തിനു വേണ്ടി തലമൊട്ടയടിച്ചിരിക്കുകയാണ് ഷംന കാസിം എന്ന കരുത്തയായ നടി. ആ തീരുമാനത്തെക്കുറിച്ച് ഷംന കാസിം മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു.

എന്തുകൊണ്ടായിരുന്നു ഇത്തരം തീരുമാനം?

എം. ശശികുമാർ സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അത്തരം അവസരങ്ങൾ ഇനിയും ഉണ്ടാവാൻ പ്രയാസമാണ്. തല മൊട്ടയടിക്കണമെന്ന് ആദ്യം കേട്ടപ്പോൾ എനിക്കും ‍െഞട്ടലായിരുന്നു. പക്ഷെ സാർ അതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി. പിന്നെ ഞാൻ മാനസീകമായി തയ്യാറെടുത്തു. കൊടിവീരൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മൊട്ടയടിക്കുക എന്നത് വളരെയധികം ആവശ്യമുള്ള വസ്തുതയാണ്. 

ആരെയാണ് ഇൗ തീരുമാനം ബോധ്യപ്പെടുത്താൻ കൂടുതൽ പ്രയാസപ്പെട്ടത്?

എന്റെ മമ്മിയെ തന്നെ. മമ്മി ഒരുവിധത്തിലും സമ്മതിക്കുന്നില്ലായിരുന്നു. മമ്മിയാണ് എന്റെ മുടിയുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിച്ചിരുന്നത്. ശരീരത്തിന് വേണ്ട ഭക്ഷണങ്ങളെക്കാൾ കൂടുതൽ മുടിക്ക് ആവശ്യമായ ഭക്ഷണമാണ് മമ്മി എനിക്ക് തന്നിരുന്നത്. അതുകൊണ്ട് തന്നെ മൊട്ടയടിക്കുക എന്ന തീരുമാനം മമ്മിക്ക് ഉൾക്കൊള്ളാനാകുന്നില്ലായിരുന്നു. എന്റെ കുറച്ച് മുടി പോയാലും പോലും മമ്മിയ്ക്കു വിഷമമാണ്. പിന്നെ ഞ‍ാൻ പറഞ്ഞ് പറഞ്ഞ് സമ്മതിപ്പിച്ചു. മൊട്ടയടിച്ചതിനു ശേഷവും രണ്ട് ദിവസത്തേക്ക് മമ്മിയെ മുഖം കാണിച്ചില്ല. ഫോട്ടോയും ഒന്നും അയച്ചുകൊടുത്തില്ല. ഇപ്പോൾ മുടി പെട്ടെന്ന് വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് മമ്മി തരുന്നത്. 

എങ്ങനെയാണ് ഇതിനുള്ള മാനസീകമായ കരുത്താർജിച്ചത്. ?

മൊട്ടയടിക്കാൻ തീരുമാനിച്ചു. ഞാൻ ആ തീരുമാനം ഉൾക്കൊണ്ടു. പക്ഷെ ദിവസം അടുത്തു വരുന്തോറും ടെൻഷനായിരുന്നു. മധുരയിലാണ് മൊട്ടയടിച്ചത്. കണ്ണാടിയുടെ മുമ്പിൽ ഇരുന്നപ്പോൾ വളരെ വിഷമമായിരുന്നു. അവര്‍ മുടി കളയുമ്പോൾ അയ്യോ എന്റെ മുടി പോകുകയാണല്ലോ എന്നൊരു സങ്കടം വലുതായിരുന്നു. മുടിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചിരുന്ന ആളാണ് ഞാൻ. എല്ലാവര്‍ക്കും മറ്റു പലകാര്യങ്ങൾക്കും ഡിപ്രഷൻ വരുമ്പോൾ എനിക്ക് എന്റെ മുടിപൊഴിയുമ്പോഴാണ് ഡിപ്രഷൻ വന്നിരുന്നത്. മുടി കൂടുതൽ പൊഴിയുന്നു എന്നു കണ്ടാൽ‌ ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് എടുക്കുമായിരുന്നു ഞാൻ. വേറെ എന്ത് അസുഖം വന്നാലും ഞാൻ ആശുപത്രിയിൽ പോകാറില്ല. എത്ര ഷൂട്ടിങ് തിരക്കാണെങ്കിലും ആഴ്ചയിൽ നാലു ദിവസം ഞാൻ മുടിയുടെ പരിചരണത്തിന് മാറ്റി വയ്ക്കുമായിരുന്നു. 

എന്നാൽ, ഇപ്പോൾ ഞാൻ ഫ്രീയാണ്. മുടി ഇല്ലെങ്കിൽ ഞാൻ എങ്ങനെയിരിക്കുമെന്ന് മനസിലാകുന്നുണ്ട്. മുടി കുറേശെ വന്നു തുടങ്ങി. മുടിയുടെ വളർച്ചയൊക്കെ കാണാൻ കഴിയുന്നുണ്ട്. ഇൗ മാറ്റവും ആസ്വദിക്കുന്നു. മൊട്ടയടിച്ചിട്ട് ഇന്നത്തെക്ക്  ഒമ്പത് ദിവസമായി.

പുതിയ സിനിമകളെ ബാധിക്കില്ലേ?

നമുക്ക് വ‌ിഗ്ഗൊക്കെ ഉണ്ടല്ലോ? പിന്നെ ഇപ്പോൾ വളർന്നു തുടങ്ങിയിട്ടുണ്ട്. പക്ഷെ ചില സിനിമകളിൽ കോംപ്രമൈസ് ചെയ്യാൻ പറ്റില്ല. എല്ലാ സംവിധായകരും വിഗ്ഗിനോട് യോജിക്കില്ല. അതുകൊണ്ട് പരിമിതികളുണ്ട്. പക്ഷെ ഇൗ സിനിമയ്ക്ക് അത് ചെയ്തേ മതിയാകുവായിരുന്നുള്ളൂ.  

പുറത്തിറങ്ങുമ്പോൾ ആളുകളുടെ പ്രതികരണം? 

ഇപ്പോൾ ചെന്നൈയിലാണ്. പുറത്തു പോകുമ്പോൾ തൊപ്പിവയ്ക്കാറുണ്ട്. അപ്പോൾ ആളുകൾ ചോദിക്കും ലുക്കിന് എന്തോ മാറ്റമുണ്ടല്ലോ എന്ന്. അപ്പോൾ ഞാൻ പറയും മൊട്ടയടിച്ചെന്ന്. ആളുകൾക്കൊരു ഷോക്കാണ് അപ്പോൾ. സിനിമയ്ക്കു വേണ്ടി ചെയ്തതാണെന്നു പറഞ്ഞാലും സംശയമാണ്. 

അവാർഡ് പ്രതീക്ഷ ഉണ്ടോ?

അയ്യോ അതൊന്നും നമുക്ക് പറയാൻ കഴിയില്ലല്ലോ? ജനങ്ങളുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.

പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോകൾ സത്യമാണോ?

പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോകളൊന്നും പുറത്തുവിട്ടിട്ടില്ല. രണ്ടുമാസമായി പുതിയ ഫോട്ടോകൾ ഫെയ്സ്ബുക്കിൽ പോലും ഇട്ടിട്ടുമില്ല. പുറത്ത് വരുന്നത് ഫേക് ഫോട്ടോകൾ ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വരാതെ മൊട്ടയടിച്ച ചിത്രം പുറത്തു വിടാനാകില്ല. 

ചിത്രത്തിന്റെ റിലീസ്?

അതറിയില്ല. കുറച്ച് വർക്കുകൾകൂടി ബാക്കിയുണ്ട്. ഷൂട്ടിങ് പൂർത്തിയായി. 

കഥാപാത്രത്തെക്കുറിച്ച് പറയാമോ?

ചിത്രത്തിൽ ഞാൻ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത് എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.

വിവാഹം തീരുമാനിച്ചു എന്ന വാർത്തകൾ ശരിയാണോ?

വിവാഹം നോക്കുന്നുണ്ട്. ഉറപ്പിച്ചിട്ടില്ല. മുടി വളരുമ്പോഴേക്കും വിവാഹവും ശരിയാകും. മുടി വന്നിട്ടേ വിവാഹം കഴിക്കൂ എന്നൊന്നും തീരുമാനിച്ചിട്ടില്ല. 

മലയാള സിനിമാ രംഗത്ത് ഷംനയെ ഒതുക്കി എന്നു പറഞ്ഞിട്ടുണ്ടോ ?

ഇല്ല, ഞാൻ അങ്ങനെ ആരോടും പറ‍ഞ്ഞിട്ടില്ല. പക്ഷെ മലയാളത്തിൽ നിന്ന് നല്ല വേഷങ്ങൾ ലഭിക്കാറില്ല എന്നതു സത്യമാണ്. അതിന് കാരണം എന്താണെന്നറിയില്ല. മനപൂർവം വേഷങ്ങൾ തരാതിരിക്കുന്നതാണോ എന്നും അറിയില്ല. എന്നാൽ മറ്റു ഭാഷയിൽ നായികാ വേഷങ്ങൾ ലഭിക്കുമ്പോൾ മലയാളത്തിൽ എന്നെ ചെറിയ വേഷങ്ങളിൽ ഒതുക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അത് വിഷമമുണ്ടാക്കിയിട്ടുണ്ട്, ഷംന മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.