Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോളോ ചെയ്യാം ഈ കുട്ടനാടൻ ബ്ലോഗ്; റിവ്യു

oru-kuttanadan-blog-review

കുട്ടനാട് ഇപ്പോൾ ഒരു കണ്ണീരാണ്. അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്നതും ഈ നാട്ടുകാരായിരിക്കും.കുട്ടനാടൻ ബ്ലോഗിൽ പ്രളയദുരിതത്തിനു മുൻപുള്ള കുട്ടനാടിന്റെ ഭംഗി കാണുമ്പോൾ മനസ്സിൽ നിറയുന്നതും നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ്...

മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമായ ഒരു കഥാപശ്‌ചാത്തലമാണ് കുട്ടനാട്. പാടവും കായലും വള്ളംകളിയും കുട്ടനാടൻ ജീവിതവുമൊക്കെ പ്രമേയമാക്കിയ നിരവധി ചിത്രങ്ങൾ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. അതേഗണത്തിൽ പെടുത്താവുന്ന മറ്റൊരു ചിത്രമാണ് കുട്ടനാടൻ ബ്ലോഗും. ഒരു കൊച്ചുനാട്ടിൽ നടക്കുന്ന കൊച്ചു കഥയാണ് കുട്ടനാടൻ ബ്ലോഗ്. ത്രസിപ്പിക്കുന്ന വഴിത്തിരിവുകളും അഭിനയപ്രധാനമായ മുഹൂർത്തങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കരുത്. 

kuttanadan-blog

കൃഷ്ണപുരം എന്ന കുട്ടനാടൻ ഗ്രാമത്തിൽ നിന്നുളള പ്രവാസികൾക്ക് നാട്ടിലെ വാർത്തകൾ എത്തിക്കാൻ ചെറുപ്പക്കാർ തുടങ്ങിയ സമൂഹമാധ്യമ ഇടമാണ് കുട്ടനാടൻ ബ്ലോഗ്. ഇതിലൂടെ നാട്ടിലെ വാർത്തകൾ വായിച്ചറിയുന്ന പ്രവാസിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം കഥ പറയുന്നത്. കൃഷ്ണപുരത്തേക്ക് തിരിച്ചു വരുന്ന പ്രവാസിയായ ഹരിയിലൂടെയാണ് ബ്ലോഗ് വാർത്തകൾ വികസിക്കുന്നത്. 

സമപ്രായക്കാരേക്കാൾ നാട്ടിലെ ന്യൂജെൻ പിള്ളേരുമായാണ് ഹരിക്ക് കൂട്ട്. അവരൊപ്പിക്കുന്ന പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കണ്ടെത്തേണ്ടത് ഹരിയുടെ ചുമതലയാണ്. അതുകൊണ്ടുതന്നെ നാട്ടിലെ ഓൾഡ് ജനറേഷന് മുൻപിൽ അത്ര നല്ല പ്രതിച്ഛായ അല്ല ഹരിക്കുള്ളത്. ഹരിക്കിട്ട് പണി കൊടുക്കാൻ കാത്തിരിക്കുന്ന നാട്ടുകാർക്ക് അതിനൊരു അവസരം വീണുകിട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ബ്ലോഗിലെ വാർത്തകളാകുന്നത്.

oru-kuttanadan-blog-review-1

തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സേതു തന്നെയാണ്. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. 

മമ്മൂട്ടി ന്യൂജെൻ പിള്ളേരുടെ ഹരിയേട്ടനായി എത്തുന്നു. നെടുമുടി വേണു, ലാലു അലക്സ്, സഞ്ജു ശിവറാം, ജൂഡ് ആന്‍ണി, സണ്ണി വെയ്ൻ, അനന്യ, ആദില്‍ ഇബ്രാഹിം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാർ. 

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തനിനാടൻ കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിൽ ഒരു പുതുമയായി പറയാനുള്ളത്. തിരക്കഥയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. മൂന്നു നായികമാർക്കും അവരുടേതായ ഇടം ചിത്രത്തിൽ നൽകിയിട്ടുണ്ട്. ഷംന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ മികവ് പുലർത്തുന്നു. കുട്ടനാട്ടിലെ നാട്ടിടവഴികളും കായലും പാടങ്ങളുമെല്ലാം ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. പ്രദീപാണ് ഛായാഗ്രഹണം. കുട്ടനാടൻ ചേലുള്ള ഗാനങ്ങൾ ചിത്രത്തിന് പിന്തുണ നൽകുന്നുണ്ട്. ബിജിപാലിന്റെ പശ്‌ചാത്തല സംഗീതത്തിൽ ഗാനങ്ങൾ ഒരുക്കിയത് ശ്രീനാഥാണ്. ശബ്ദവിന്യാസത്തിനു സ്വാഭാവികത കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. സ്പോട്ട് ഡബ്ബിങ് ആണ്  ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്. 

ബലമില്ലാത്ത തിരക്കഥ ചിത്രത്തിന് പരാധീനതയാകുന്നുണ്ട്. രണ്ടു മണിക്കൂർ 17 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. അധികം ബഹളങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരു നന്മചിത്രം കൂടി കാണാൻ ഇഷ്ടപ്പെടുന്നവർക്ക് കുട്ടനാടൻ ബ്ലോഗിലെ വാർത്തകൾ സ്വീകാര്യമാകും. 

related stories