Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ... പോലീസ് ... ഇനി ?

abrid

ലോകത്തേറ്റവും പ്രചരിപ്പിക്കപ്പെട്ട പുസ്തകമാണ് ബൈബിൾ. മറ്റൊന്നു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. ഇവയ്ക്കു രണ്ടിനുമുള്ള സാമ്യം ഭാഷയിലെ ലാളിത്യമാണ്. ആർക്കും വായിച്ചാൽ മനസ്സിലാകുന്നത്ര ലളിതം. എബ്രിഡ് ഷൈനെന്ന സംവിധായകന്റെ ബൈബിളും മാനിഫെസ്റ്റോയും സിംപിളാണ്– ലാളിത്യം. ഷൈന്റെ ആദ്യ ചിത്രമായ ‘1983’ ഒരു സിനിമയായിട്ടല്ല നാം കണ്ടത്. നമ്മുടെ വീടിന്റെ തൊട്ടടുത്തു നടക്കുന്ന ഒരു ക്രിക്കറ്റ് കളി. വീട്ടിലെ ജനാല തുറന്നിട്ടാൽ കാണാവുന്നത്ര അടുത്തു നടക്കുന്ന കളി. കാട്ടിലേക്ക് സിക്സറടിച്ചാൽ ഔട്ടാകുന്ന ആ കളിയുടെ പിച്ചിൽ നമ്മുടെ ഭൂതകാലമുണ്ടായിരുന്നു. അപ്പോഴുണ്ട് രണ്ടാമത്തെ സിനിമ വരുന്നു–നിവിൻ പോളി തന്നെ നായകനായ ‘ആക്ഷൻ ഹീറോ ബിജു’.

തുടക്കത്തിൽ മോശം കലക്ഷനോടെ തുടങ്ങി വൻ ഹിറ്റായ സിനിമകൾ മലയാളത്തിൽ ധാരാളമുണ്ട്. വലിയ പൊലിമയോടെ തുടങ്ങി ആദ്യത്തെ ആഴ്ച വീണുപോയ സിനിമകൾ അതിലേറെയുണ്ട്. എന്നാൽ, ഹൗസ്ഫുള്ളായിത്തുടങ്ങി മൂന്നാമത്തെ ദിവസം പ്രേക്ഷകർ കൈവിട്ടുവെന്നു തോന്നിച്ച ചിത്രം വമ്പൻ തിരിച്ചുവരവു നടത്തി 100 ദിവസം തകർത്തോടിയതിന്റെ ക്രെഡിറ്റ് ‘ബിജു’വിനുള്ളതാണ്. ആളില്ലാതെ പല തിയറ്ററുകളിലും ഷോ വരെ മുടങ്ങിയിടത്തുനിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പ്രേക്ഷകർ സ്വീകരിച്ച ചിത്രമായി ഇതു മാറി. ചൂണ്ടയിട്ടു പിടിച്ച മീൻ പോലെ ജീവൻ പിടയ്ക്കുന്ന ഷോട്ടുകൾ. തിയറ്ററിലാണു നിങ്ങളെന്ന ബോധത്തെ മായ്ച്ചുകളഞ്ഞ ദൃശ്യകല. ബിജുവിന്റെ സ്റ്റേഷനുകൾ നിറഞ്ഞതിനു കാരണങ്ങളേറെയുണ്ട്. കലയെന്ന നിലയിൽ സിനിമയോടു വിട്ടുവീഴ്ചകൾ ചെയ്യാതെ ബോക്സോഫിസ് ഹിറ്റുകൾ റിയൽ സിനിമയിലൂടെ സൃഷ്ടിക്കുന്നതിന്റെ മാജിക് എന്താണ്? – എബ്രിഡ് ഷൈൻ പറയുന്നു.

∙പൊലീസ് സിനിമ തേടിപ്പൊയതെന്തുകൊണ്ടാണ് ?

പൊലീസ് സ്റ്റേഷനെക്കുറിച്ചു നമ്മളെല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായൊരു കഥയുണ്ട്. ചെല്ലുന്നയാൾ വലതുകാൽവച്ചു വന്നാൽ നീയിവിടെ പൊറുക്കാൻ വന്നതാണോടാ എന്നു ചോദിക്കും. ഇടതുകാൽ വച്ചാൽ നശിപ്പിക്കാൻ വന്നതാണോയെന്നു ചോദിക്കും. അത്തരം മുൻവിധികളുമായി പൊലീസ് സ്റ്റേഷനിൽപ്പോയ ഞാൻ മറ്റുപല കാഴ്ചകളുമാണു കണ്ടത്. അസ്വസ്ഥകരമായ ഒരു ലോകത്താണ് ഒരു പൊലീസ് ഓഫിസർ ജീവിക്കുന്നത്. നമ്മളിൽ പലരും രാവിലെ ജോലിക്കുപോയി വൈകിട്ടു വീട്ടിലേയ്ക്ക് ഒതുങ്ങിക്കൂടുന്നവരാണ്.

ഒരു പ്രശ്നത്തിൽ നമ്മൾ ഇടപെടണമെങ്കിൽ അതു നമ്മളെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമാകണം. ഇവിടെ പൊലീസ് അനുദിനം മറ്റുള്ളവരുടെ നൂറായിരം വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ അലയുകയാണ്. സിനിമ കണ്ടു ഡിജിപി സെൻകുമാർ സാർ ചോദിച്ചതു പൊലീസിനെക്കുറിച്ച് എത്രനാളെത്തെ റിസർച് ചെയ്തുവെന്നാണ്. ഏതാണ്ട് രണ്ടു വർഷത്തോളമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു പത്തുവർഷത്തെ അന്വേഷണം കാണാനുണ്ടല്ലോയെന്ന്.

∙ കേരളത്തിലെ പൊലീസ് സമൂഹം സിനിമയ്ക്കു വലിയ പിന്തുണ നൽകിയല്ലോ?

പൊലീസ് അസോസിയേഷന്റെ അഞ്ചു ജില്ലാസമ്മേളനങ്ങളിൽ ഞാൻ അതിഥിയായി പങ്കെടുത്തു. തങ്ങളുടെ ജീവിതം ഇത്ര യാഥാർഥ്യമായി പറഞ്ഞതിലെ സന്തോഷം അവർ പങ്കുവയ്ക്കുന്നു. ആദ്യം സിനിമയെക്കുറിച്ചാലോചിച്ചപ്പോൾ അടിയും ഇടിയുമൊക്കെയുള്ള ഒരു സ്പൂഫാണ് ആലോചിച്ചത്. എനിക്കും പൊലീസ് സിനിമകൾ കണ്ട അറിവേ പൊലീസിനെക്കുറിച്ച് ആദ്യം ഉണ്ടായിരുന്നുള്ളൂ. റിയലിസ്റ്റിക്കായിരിക്കണം സിനിമ എന്ന പിടിവാശിയൊന്നുമില്ല. ഫിക്ഷനോടും അതേ ഇഷ്ടമുണ്ട്. പൊലീസ് സിനിമകളിൽ ഇതുവരെ കാണാത്തൊരു ട്രീറ്റ്മെന്റ് വേണമെന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു ശൈലി സ്വീകരിച്ചത്.

ഇതിലെന്താണു കഥയെന്നു ഷൂട്ടിങ് തുടങ്ങിയപ്പോൾ സെറ്റിലുള്ളവർക്കുപോലും സംശയമായി. ഒരാളുടെ ജീവിതത്തിലൂടെ പലരുടെ കഥകൾ കടന്നുപോവുകയാണ്. 1983 കണ്ടപ്പോൾ ആത്മകഥാംശമുള്ള സിനിമയാണെന്നു തോന്നി. ബിജു കണ്ടപ്പോൾ നീയൊരു നല്ല സംവിധായകനായി മാറിയെന്നു പറഞ്ഞു ലെനിൻ രാജേന്ദ്രൻസാർ വിളിച്ചു പറഞ്ഞു. വലിയ സന്തോഷം തോന്നി. കഷ്ടപ്പാടിനു ഫലമുണ്ടായല്ലോ എന്നു മനസ്സു പറഞ്ഞു.

∙ പുതുമുഖങ്ങൾ ധാരാളമുണ്ടു സിനിമയിൽ ? പലരുടെയും ആദ്യ സിനിമയാണെന്നു പറയില്ല ?

ഒരു സബ് ഇൻസ്പെക്ടറുടെ പൊതുജനങ്ങളുമായുള്ള ഇടപെടലാണു സിനിമയിൽ കൂടുതലുള്ളത്. അതു വളരെ റിയലിസ്റ്റിക്കായി ചെയ്യണമെന്നു തോന്നി. നാലായിരം പേരെ ഒഡിഷൻ നടത്തിയാണ് 100 പേരെ തിരഞ്ഞെടുത്തത്. മുത്തേ പൊന്നേ എന്ന പാട്ടു പാടുന്ന സുരേഷ് തിരുവനന്തപുരത്തു ചുമട്ടു തൊഴിലാളിയാണ്. 200 സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടും ഒരു ഡയലോഗ് പോലും പറയാൻ കിട്ടാത്ത ആർട്ടിസ്റ്റുകളാണ് ബേബിയും മേരിയും. ഇവരുടെ രംഗങ്ങൾ പൂർണമായും സ്പോട് ഡബ്ബിങ്ങായിരുന്നു. അതു ഡബ്ബിങ് തിയറ്ററിലായിരുന്നുവെങ്കിൽ ഇത്ര കയ്യടി കിട്ടുമായിരുന്നില്ല.

സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നിവിനും ഞാനും ദുബായിൽ ഒരു പരിപാടിക്കു പോയപ്പോൾ ഞങ്ങൾക്കൊപ്പം മേരിയും ബേബിയും സുരേഷും വന്നു. അവരുടെ ആദ്യ വിദേശയാത്രയായിരുന്നു അത്. അവർക്കു സിനിമ ഒരു വലിയ കാത്തിരിപ്പായിരുന്നു. രാവിലെ മുതൽ വൈകിട്ടുവരെ ലൊക്കേഷനിൽ കാത്തിരുന്ന് ഒന്നു മുഖം കാണിച്ചുപോകുകയായിരുന്നു ഇതുവരെ. ഇന്നവരെ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.

∙സിനിമ നൽകുന്ന ടെൻഷൻ ?

പല പ്രായത്തിലുള്ള, പല വിദ്യാഭ്യാസമുള്ള, സാംസ്കാരികമായി പല പശ്ചാത്തലത്തിലുള്ള ഒരു കൂട്ടമാളുകൾ ഒരു ഇരുട്ടുമുറിയിലിരുന്നു കാണുന്നതാണ് സിനിമ. അവരുടെ ചിന്തകൾ പല തലത്തിലാണ്. നമ്മളേക്കാൾ അറിവും വിദ്യാഭ്യാസമുള്ളവരും ധാരളമുണ്ട്. അവരുടെ ചിന്തകൾ ഒരേ തലത്തിൽ ഏകോപിപ്പിക്കുകയും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന വിധമുള്ള സിനിമ നൽകുകയെന്നതും വലിയ ടെൻഷനുള്ള കാര്യമാണ്.

∙അടുത്ത സിനിമ ?

ക്യാംപസ് പശ്ചാത്തലമായുള്ള സിനിമായാകും അടുത്തത്. എഴുത്ത് തുടങ്ങി. 

Your Rating: