ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ചു

ഒഴിവുദിവസത്തെ കളി ഒരു ജർമൻ നോവലാണെന്നും ആ സിനിമ ഈ നോവലിനെ അധികരിച്ച് എടുത്തതാണെന്നും ചൂണ്ടിക്കാട്ടി ഒരു ലേഖനം കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ കഥ എഴുതിയ ഉണ്ണി ആറിനെതിരെയും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു. 

ഇതിനെതിരെ സിനിമയുടെ കഥാകൃത്തായ ഉണ്ണി ആർ രംഗത്തെത്തി. സംഭവത്തിൽ ലേഖകനും കലാകൗമുദിക്കുമെതിരെ ഉണ്ണി ആർ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. ഇതേ തുടർന്ന് കലാകൗമുദി ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ചു.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ ചിത്രമാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. 

‘കലാകൗമുദി ഖേദം പ്രകടിപ്പിച്ചതിൽ സന്തോഷം. 

‘ലേഖനം വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ കലാകൗമുദി ഖേദം പ്രകടിപ്പിച്ചത്. അതിൽ സന്തോഷമുണ്ട്. ലേഖകനായ മാന്യദേഹം റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞത്. ലേഖകനെതിയുള്ള കേസുമായി മുന്നോട്ട് പോകും. ഏതൊരു മാധ്യമസ്ഥാപനമായാലും ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നതിന് മുമ്പ് അതിന്റെ യാഥാർത്ഥ്യം പരിശോധിക്കേണ്ടതാണ്.’–ഉണ്ണി ആർ പറഞ്ഞു. 

‘വാസ്തവിരുദ്ധമായ ഇത്തരം ലേഖനങ്ങൾ മലയാളത്തിലെ എഴുത്തുകാരനെ മോശമാക്കാനുള്ള മോശം പ്രവണതയുടെ ഭാഗമാണ്. കേരളത്തിലെ മുതിർന്ന എഴുത്തുകാരുമായി സംസാരിച്ചതിന് ശേഷമാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്’. ഉണ്ണി ആർ പറഞ്ഞു.