ആദി തരംഗമാകുന്നു, നന്ദി പറഞ്ഞ് പ്രണവ് ഹിമാലയത്തിൽ

‘എനിക്കിവിടെ ഫോൺ റെയ്ഞ്ചില്ല. പറഞ്ഞത് കുറച്ച് കേട്ടു. നന്ദി.’ ആദി എന്ന സിനിമയുടെ വിജയം പ്രണവ് മോഹൻലാൽ അറിയുന്നതും ആഘോഷിക്കുന്നതും ഹിമാലയത്തിലാണ്. കൂട്ടിന് ആരും ഇല്ലാതെ പ്രണവ് മഞ്ഞു മലകൾക്കിടയിലൂടെ നടക്കുകയാണ്. മുംബൈയിൽ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹൻലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു. വേറെ ആരുമായും ബന്ധപ്പെട്ടില്ല. ആദി തീയറ്ററുകളിൽ ആവേശമാകുമ്പോൾ പ്രണവ് പഴയ പ്രണവായി തന്നെ തുടുരുന്നു. 

നാലാം തവണയാണ് തീർഥാടനമെന്ന പോലെ പ്രണവ് ഹിമാലയത്തിൽ പോകുന്നത്. ഇത്തവണയും തനിയെയാണ്. മിക്കസമയവും കാൽനടയായാണ് യാത്ര. അപൂർവം മാത്രം വാഹനങ്ങളിൽ. സൗകര്യങ്ങൾ ഒന്നുമില്ലാതെ ചെറിയ സ്ഥലങ്ങളിൽ ക്യാംപു ചെയ്യുന്നു. അമ്മ സുചിത്രയോട് പോലും രണ്ടുവരി സംഭാഷണത്തിലാണ് പ്രണവ് ആഹ്ലാദം പങ്കുവയ്ക്കാറ്. വിജയം ലാലിന്റെ കുടുംബത്തിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. സുചിത്ര കൊച്ചിയിൽ ആദ്യ ഷോയ്ക്ക് എത്തിയിരുന്നു. 

പ്രണവ് ആർക്കൊപ്പവും സിനിമ കണ്ടില്ല. വിജയം കാറ്റായും കൊടുങ്കാറ്റായും പടരുന്ന വിവരം ആന്റണി പെരുമ്പാവൂര്‍ പ്രണവിനെ വിളിച്ചറിയിച്ചു. പ്രണവ് ഹിമാലയത്തിൽ നിന്നയച്ച രണ്ടു ചിത്രങ്ങൾ മനോരമ ഓൺലൈനിലൂടെ ആരാധകർക്കായി പുറത്തു വിടുന്നു.‌