സിനിമയിലെ വിവാദങ്ങൾ ബിസിനസ്സ് തന്ത്രം: ഡോ. ബിജു

സിനിമയിൽ പതിവായി ഉണ്ടാകുന്ന വിവാദങ്ങൾ പലപ്പോഴും ബിസിനസ്സിനായാണ് അണിയറപ്രവർത്തകർ ഉപയോഗിക്കുന്നതെന്ന് സംവിധായകൻ ഡോ. ബിജു. സിനിമകൾ ചർച്ച ചെയ്യേണ്ടത് അതിന്റെ പ്രമേയത്തെ മുൻനിർത്തിയാണെന്നും അല്ലാതെ വിവാദങ്ങളിലൂടെ അല്ലെന്നും ബിജു പറയുന്നു.

ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം–

വിവാദം ഉണ്ടാക്കൽ നല്ലൊരു ബിസിനസ്സ് ആണ്. പ്രത്യേകിച്ചു സിനിമയിൽ. കുറച്ചു നാളായി ഈ വിവാദ മാർക്കറ്റ് ചില സിനിമകൾ നന്നായി പ്ലാന്റ് ചെയ്ത് വിജയിപ്പിക്കുന്നുണ്ട്. മതം, ആവിഷ്കാര സ്വാതന്ത്ര്യം, സെക്‌സ്, സെൻസർ ഇതൊക്കെയാണ് ബെസ്റ്റ്. 

ഇത് തിരിച്ചറിയാതെ കാമ്പും കഴമ്പുമില്ലാത്ത വിവാദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങൾക്ക് എന്നാണ് തലയിൽ വെളിച്ചം കയറുക. സിനിമകൾ ചർച്ച ചെയ്യേണ്ടത് അതിന്റെ കണ്ടന്റിനെ മുൻനിർത്തിയാണ്. അതില്ലാത്തവർ തുടക്കത്തിൽ തന്നെ എന്തെങ്കിലും വിവാദം സ്വയം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കും. 

ഇതിന്റെ അപകടകരമായ ഒരു വശം എന്തെന്നാൽ മതവും ആവിഷ്കാര സ്വാതന്ത്ര്യവും സെൻസറും ഒക്കെ ഉൾപ്പെടുന്ന ചില ജനുവിൻ ആയ കാര്യങ്ങൾ ഉണ്ടാകുമ്പോൾ പോലും നമുക്ക് അതിന്റെ ഗൗരവത്തിൽ മനസ്സിലാക്കാനോ പ്രതികരിക്കാനോ സാധിക്കാത്ത വിധം വ്യാജ സൃഷ്ടികൾ നമുക്ക് ചുറ്റും വർധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.