ഫോളോവേഴ്സ് കൂടി, ഇൻസ്റ്റാഗ്രമിലുടെ പ്രിയയ്ക്ക് ഇനി പണം

ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ആണ് ഇന്റർനെറ്റ് ലോകത്തെ പുത്തൻ സെൻസേഷൻ. മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിലെ സൂപ്പർതാരമായി മാറി. നിലവിൽ 35 ലക്ഷം ആളുകളാണ് ഇൻസ്റ്റാഗ്രമിൽ പ്രിയയെ പിന്തുടരുന്നത്. മലയാളത്തിൽ തന്നെ ഇൻസ്റ്റാഗ്രമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രിയ.

പ്രമോഷന്‍ മാത്രമല്ലാതെ പരസ്യവരുമാനവും പ്രിയയെ തേടിയെത്താൻ തുടങ്ങി. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാകും ഇനി പ്രിയ പ്രതിഫലം കൈപ്പറ്റുക. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

ഇപ്പോള്‍ തന്നെ പ്രമുഖ ബാൻഡുകൾ പ്രിയയെ ലക്ഷ്യംവച്ച് രംഗത്തെത്തി കഴിഞ്ഞു. ഒരു പോസ്റ്റിന് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ മാത്രം ഇരുപതിനായിരത്തിന് മുകളിൽ.

വിരാട് കോഹ്‌ലി അടക്കമുള്ള നിരവധി താരങ്ങള്‍ ഇത്തരത്തില്‍ നിരവധി ഉൽപന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്. അതെല്ലാം പ്രമോഷനൽ പോസ്റ്റുകളായിരിക്കും.

ലോക സുന്ദരി മാനുഷി ചില്ലർ പോലും പ്രിയയുടെ പുറകിലാണ്. 28 ലക്ഷമാണ് മാനുഷിയുടെ ഫോളോവേഴ്സ്. നിലവിൽ 35 ലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ആരാധകർ. ദുൽക്കറാണ് തൊട്ടുപുറകില്‍ 19 ലക്ഷം. നടി പാർവതിക്കും ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒൻപത് ലക്ഷം ഫോളോവേർസ്. കീർത്തി സുരേഷിന് അഞ്ച് ലക്ഷം. അമല പോൾ പന്ത്രണ്ട് ലക്ഷം.

രണ്ടായിരും ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്സിനെയാണ്. ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.