അവളുടെ രാവുകളും അഡാറ് ലൗവും

വലിയ പ്രതീക്ഷകളൊന്നുമില്ലാതെ വന്ന് തരംഗം സൃഷ്ടിച്ച സിനിമകൾ ഒരുപാടുണ്ട് മലയാളത്തിൽ. പാട്ട്, പോസ്റ്റർ, നടീനടന്മാർ അങ്ങനെ സിനിമ ഹിറ്റാകാനുള്ള ഘടകങ്ങൾ പലപ്പോഴും പലതായിരുന്നു. സീമ നായികയായ അവളുടെ രാവുകളിൽ തുടങ്ങി അഡാറ് ലവ്വിൽ വരെയെത്തി നിൽക്കുന്നു ഇരുട്ടി വെളുത്തപ്പോൾ പിറന്ന ട്രെൻഡ് സെറ്ററുകളുടെ നീണ്ട നിര.

അവളുടെ രാവുകൾ എന്ന സിനിമ ക്ലിക്കായത് ഒരേയൊരു പോസ്റ്റർ കൊണ്ടാണ്. സീമയുടെ അർധനഗ്ന ചിത്രം ആലേഖനം ചെയ്ത പോസ്റ്റർ ആരാധകരിൽ ആകാംക്ഷ പരത്തി. അതുവരെ മലയാളത്തിൽ സുപരിചിതമല്ലാത്ത മാർക്കറ്റിങ് രീതിയായിരുന്നു അത്. ഒറ്റ പോസ്റ്റർ കൊണ്ട് സിനിമയും ഹിറ്റ് നായികയും ഹിറ്റ്.

വൈശാലിയിലും ഇതേ രീതി തന്നെയാണ് പരീക്ഷിച്ച് വിജയിച്ചത്. വൈശാലിയിലെ നായികയായ സുപർണ ആനന്ദ് ആ ഒറ്റ സിനിമയോടെ ഹിറ്റായി മാറി. അവർ പിന്നീട് ഞാൻ ഗന്ധർവനിൽ നായികയായപ്പോഴും ഇതേ പരീക്ഷണം തുടർന്നു. ആ ചിത്രവും വലിയ വിജയമായി മാറി. പ്രതീക്ഷകളില്ലാതെ വന്ന ഡെയ്സി എന്ന പ്രതാപ് പോത്തൻ ചിത്രം വിജയിച്ചതും നായികയെ ഹൈലൈറ്റ് ചെയ്ത് നടത്തിയ പ്രചാരണത്തിന്റെ ബലത്തിൽ. പുതുമുഖങ്ങളെ വച്ച് ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവെന്ന ഒറ്റ സിനിമയാണ് മുൻനിര നായകനായ കുഞ്ചാക്കോ ബോബനെയും ശാലിനിയെയും മലയാളത്തിന് സമ്മാനിച്ചത്.

പോസ്റ്ററിലും ഫസ്റ്റ് ലുക്കിലുമൊക്കെ ഇക്കാലത്തും ലഭിക്കുന്നത് വൻ പിന്തുണയാണ്. ചുവരിലൊട്ടിച്ചിരുന്നവ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഇടുന്നുവെന്ന് മാത്രം. ഒറ്റ പോസ്റ്റർ കൊണ്ട് മോഹൻലാലിന്റെ ഒടിയനും ദിലീപിന്റെ കമ്മാരസംഭവത്തിനും ലഭിച്ച പ്രചാരണം ഉദാഹരണങ്ങളാണ്. ഒറ്റ രാത്രി കൊണ്ട് അഡാറ് ലവ്വിലെ കണ്ണിറുക്കലും നടിയും പ്രശസ്തയായതും സമൂഹമാധ്യമങ്ങളുടെ ബലത്തിൽ.