‘പ്രിയയേക്കാൾ മിടുക്കികള്‍ ഇവിടെയുണ്ട്’

ഇന്റർനെറ്റ് സെൻസേഷൻ പ്രിയ വാരിയർ ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ബിബിസി ചാനലിൽ പ്രിയയുടെ അഭിമുഖം വന്നിരുന്നു. തൃശൂർ വിമല കോളജിലാണ് പ്രിയ പഠിക്കുന്നത്. അനുവാദമില്ലാത്ത നിരവധി നിയന്ത്രണങ്ങള്‍ക്കിടെയാണ് തന്റെ യഥാര്‍ഥ കോളജ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ഇതില്‍ ആകെ ആശ്വാസം കോളജില്‍ വച്ച് കണ്ടുമുട്ടിയ തന്റെ നാല് സുഹൃത്തുക്കളാണെന്നും പ്രിയ ഈയിടെ അഭിമുഖത്തിൽ പറയുകയുണ്ടായി. 

‘ഒരുപാടു പ്രതീക്ഷകളുമായി ഭയങ്കര കളര്‍ഫുള്‍ ക്യാംപസ് ജീവിതം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ഈ കോളജില്‍ ചേര്‍ന്നത്. പക്ഷെ ഇവിടെ ഭയങ്കര നിയന്ത്രണങ്ങളായാണ്. ഇവിടവുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണ് പക്ഷേ എങ്ങനയൊക്കൊയോ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി.’–പ്രിയ പറയുന്നു.

എന്നാല്‍ പ്രിയയെ പോലെ തന്നെ മിടുക്കികളായ ഒരുപാട് വിദ്യാര്‍ഥിനികള്‍ തങ്ങളുടെ കോളജില്‍ പഠിക്കുന്നുണ്ടെന്നാണ് പ്രിയ പഠിക്കുന്ന തൃശൂരിലെ വിമല കോളജിലെ പ്രിന്‍സിപ്പല്‍ മരിയറ്റ് എ തേരാട്ടില്‍ പറയുന്നത്.

‘എനിക്കെങ്ങനെ പ്രിയയെ പറ്റി മാത്രം സംസാരിക്കാനാകും. എന്റെ കോളജിലെ പ്രതിഭാധനരായ നിരവധി വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. കേരളത്തിലുള്ളവര്‍ക്കല്ല നിങ്ങള്‍ ഉത്തരേന്ത്യക്കാര്‍ക്കാണ് പ്രിയയെ ഏറെയിഷ്ടം. എന്റെ കോളജിലെ രണ്ടായിരത്തിയഞ്ഞൂറോളം കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. ഇതില്‍ പല റിയാലിറ്റി ഷോകളിലും വിജയികളായവരുണ്ട്. അഭിനയിക്കാന്‍ പോയവരുണ്ട്. അവരെയും നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുമോ? 

മഴവിൽ മനോരമയിൽ മിടുക്കി എന്ന റിയാലിറ്റി ഷോയിലെ വിജയിയായ ശ്രുതി പോൾ ഇവിടെയുള്ള കുട്ടിയാണ്. ആയിരക്കണക്കിന് കുട്ടികൾ അന്ന് ഒഡീഷന് പങ്കെടുക്കാൻ പോയിരുന്നു. അവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു എന്നാല്‍ വിജയിയായത് ഈ കോളജിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയായ ശ്രുതിയാണ്.’–പ്രിന്‍സിപ്പല്‍ പറഞ്ഞു.