പത്തു മിനിറ്റ് അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു: കല്യാണി പ്രിയദർശൻ

ഒന്നര വർഷം മുൻപ് ചെന്നൈ, നുങ്കംപക്കത്തെ വീട്ടിൽ വച്ച് ‘വനിത’യുടെ ഫ്രെയിമിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന സുന്ദരി അച്ഛന്റെയും അമ്മയുടെയും വഴിയേ സിനിമയിലേക്ക് വന്നത് യാദൃച്ഛികമായല്ല. ‘കുട്ടിക്കാലത്തേ അറിയാമായിരുന്നു ഞാൻ സിനിമയിൽ എത്തുമെന്ന്. ചുറ്റുപാടും  സിനിമ മാത്രമുള്ള ലോകമായിരുന്നു ഞങ്ങളുടേത്. സ്കൂൾ അവധിക്കാലം ലൊക്കേഷനുകളിലായിരുന്നു. വീട്ടിലെ തിയറ്ററിൽ സിനിമ കാണുന്നതു പോലും ഒരു തരം പഠനം ആയിരുന്നു. അഞ്ചും ആറും മണിക്കൂ റെടുത്താണ് സിനിമ കണ്ടുതീർക്കുക. ഇടയ്ക്ക് വിഡിയോ പോസ് ചെയ്തു ക്യാമറ ആംഗിളും ലൈറ്റും മറ്റുമുള്ള സാങ്കേതികവശങ്ങൾ അച്ഛൻ വിശദമായി പറഞ്ഞു തരും. അനുജൻ ചന്തുവിന്റെ മോഹവും സിനിമ തന്നെ.’-കല്യാണി പറയുന്നു.

‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയോടുള്ള പ്രണയം തുറന്നുപറഞ്ഞ കല്യാണിയുടെ ആദ്യ ചിത്രം വമ്പൻ ഹിറ്റാണ്. മലയാളത്തിൽ ആദ്യമായൊരു മാഗസിനു വേണ്ടി എന്ന ആമുഖത്തോടെ അഭിമുഖത്തിനിരിക്കുമ്പോള്‍ ‘അമ്മു’ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന കല്യാണി പറഞ്ഞതു മുഴുവന്‍ സിനിമയെക്കുറിച്ചു തന്നെ.

അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ അച്ഛനും അമ്മയും എന്തു പറഞ്ഞു ?

എന്നെ ഫോട്ടോയിലോ മറ്റെന്തെങ്കിലും പരിപാടിയിലോ അ ധികം ആരും കണ്ടിട്ടുണ്ടാകില്ല. എന്റേതായ ലോകത്ത് ഒതുങ്ങിയാണ് ജീവിച്ചത്. സിനിമയിലേക്ക് വരാൻ തീരുമാനിച്ചപ്പോഴും രണ്ടുപേരും ഒരുപദേശവും നൽകിയില്ല. ‘നിനക്ക് ചെയ്യാൻ ക ഴിയും’ എന്നാണ് അച്ഛൻ പറഞ്ഞത്. സിനിമ കണ്ട ശേഷം അച്ഛൻ ഒരു കാര്യം പറഞ്ഞു, ‘നീ ഡാൻസ് പഠിക്കണം, അ പ്പോൾ കുറേക്കൂടി ഫ്ലെക്സിബിലിറ്റി ഉണ്ടാകും.’ അമ്മയാണ് എന്റെ ആദ്യ ‘ഫാൻ’. എന്തു ചെയ്താലും അ മ്മ പിന്തുണയ്ക്കും, പൊട്ടത്തരമാണെങ്കിലും സപ്പോർട്ട് ഉറപ്പ്. ‘അമ്മു ഈസ് ദ് ബെസ്റ്റ് തിങ്’ എന്നതാണ് അമ്മയുടെ മന്ത്രം. ഹൈദരാബാദിൽ സിനിമയുടെ പ്രിവ്യൂ കാണാൻ അമ്മ വന്നിരുന്നു. സിനിമ കഴിഞ്ഞതും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. പത്തു മിനിറ്റ് കരച്ചിലോട് കരച്ചിൽ. ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’ എന്നു ഞാൻ ചെവിയിൽ പറഞ്ഞെങ്കിലും നോ രക്ഷ. എന്റെ ക്വോട്ട കഴിഞ്ഞ് അമ്മ തലയുയർത്തി നോക്കിയപ്പോൾ ദേ നിൽക്കുന്നു സംവിധായകൻ വിക്രം. പിന്നെ പത്തു മിനിറ്റ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കരച്ചിൽ. കുടുംബത്തിൽ ഏറ്റവും ബോൾഡ് അമ്മയാണ്. ഇമോഷൻസ് പുറത്തു കാണിക്കുകയേയില്ല. പക്ഷേ, അന്ന് അമ്മ ഞങ്ങളെയെല്ലാം കടത്തിവെട്ടി. ഞങ്ങളുടേത് ഒരു പക്കാ ഫിലിം ഫാമിലിയാണ്. ഇവിടെ എല്ലാം ഡ്രമാറ്റിക്കാണ്. ആ ഡ്രാമ സിനിമയിലെ പോലെ കുറച്ച് ഓവറും ആണ്. ചിലപ്പോൾ നോക്കി നിൽക്കുമ്പോള്‍ അച്ഛൻ കരയുന്നതു കാണാം. ആലോചിക്കുമ്പോൾ ഭയങ്കര കോമഡിയാണ്.

പ്രണവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നല്ലോ ?

പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചുതന്നത്. ഞാന്‍ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ, നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു’ എന്നുപറഞ്ഞ് അവർ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആർക്കും പിടികൊടുക്കില്ല, അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും.  ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേ യില്ല. ചെരിപ്പിടാൻ പോലും പലപ്പോഴും മറക്കും.

Read More: ഒന്നും ഒളിക്കാനില്ലാത്ത ആളാണു പ്രണവ്; കല്യാണി

‘ആദി’ കണ്ടപ്പോൾ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാൻ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തിൽ പോയത് എന്തിനാണെന്നോ? അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്ന്. മൗണ്ടൻ ക്ലൈംബിങ്ങിലൂ ടെ കൈകൾ വീണ്ടും ഹാർഡാക്കാനാണ് യാത്ര. അഞ്ഞൂറു രൂപയേ കൈയിൽ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്.  He didn’t give advice to anybody, and he didn’t take advice from anybody.

അച്ഛന്റെ സിനിമയിൽ ആദ്യം അഭിനയിക്കാൻ മോഹിച്ചിരുന്നോ?

കീർത്തി, ജ്യോതിക തുടങ്ങി എത്രയോ താരങ്ങളെ അച്ഛൻ അവതരിപ്പിച്ചിട്ടുണ്ട്. അവരെല്ലാം സൂപ്പർ താരങ്ങളായി മാ റുകയും ചെയ്തു. പക്ഷേ, മകൾ തന്റെ ചിത്രത്തിലൂടെ സിനി മയിലേക്ക് വരേണ്ടെന്നു തന്നെയായിരുന്നു അച്ഛന്റെ തീരുമാനം. എന്റെ ആത്മവിശ്വാസം കൂടാൻ അതാകും ഉപകരിക്കുക എന്നും അച്ഛൻ പറഞ്ഞു. അച്ഛന്റെ ചിത്രങ്ങളിൽ കാഞ്ചീവരവും കിലുക്കവുമാകും ഏറെ ഇഷ്ടപ്പെട്ടത്. രണ്ടു ധ്രുവങ്ങളിലുള്ള ചിത്രങ്ങൾ. കാലാപാനി, ചിത്രം, താളവട്ടം... അച്ഛൻ പറയാറുണ്ട്, സിനിമകൾ വിജയിക്കുന്നത് അതിലെ നടീനടൻമാരുമായുള്ള അടുപ്പം കൊണ്ടു കൂടിയാണെന്ന്. അച്ഛന്റെ സെറ്റിൽ ചെല്ലുമ്പോൾ എനിക്കും അതു സത്യമാണെന്ന് തോന്നിയിട്ടുണ്ട്.

അമ്മയുടെ സിനിമകളെക്കുറിച്ചുള്ള ഓർമകളോ ?

‘ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയാണ്. അതിൽ ലാൽ അങ്കിളും അമ്മയും വഴക്കുണ്ടാക്കി ഒടുവിൽ അമ്മ കുത്തേറ്റു മരിക്കും. ഇതുകണ്ട് ലാലങ്കിൾ വീട്ടിൽ എത്തുമ്പോഴും ഭയമായി.  അത്രയും നാൾ ലാലങ്കിളിനെ കണ്ടാൽ ഓടിച്ചെന്നിരുന്ന എനിക്ക് ഇതെന്തുപറ്റി എന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഇതാണ് സിനിമയെന്നും അഭിനയമെന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കി. മിക്ക സിനിമകളിലും അമ്മയുടെ കഥാപാത്രം അവസാനം മരിക്കും. ‘ഒരു സിബിഐ ഡയറിക്കുറിപ്പിൽ’ അമ്മ മരിച്ചുകിടക്കുന്നതു കണ്ടു തിരിഞ്ഞു നോക്കുമ്പോൾ അതാ പിറകിൽ ചിരിച്ചുകൊണ്ട് അമ്മ.

മലയാളത്തിൽ ആരുടെ കൂടെ തുടങ്ങണം എന്നാണ് ?

നായകനല്ല, സംവിധായകനാണ് സിനിമയുടെ എല്ലാം. അച്ഛന്റെ കൂടെ വളർന്നതു കൊണ്ട് എനിക്ക് അതു വ്യക്തമാ യി അറിയാം. നല്ല സംവിധായകന്റെ കൈയിൽ കിട്ടിയാൽ ആവറേജ് അഭിനേതാവ് പോലും നന്നായി പെർഫോം ചെയ്യും. ഞാൻ ഫഹദ് ഫാസിലിന്റെ ഫാനാണ്. കണ്ണുകൊണ്ട് കഥ പറയാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ‘തൊണ്ടിമുതലി’ലെ ഫഹദിന്റെ ആദ്യ സീൻ ഓർമയില്ലേ, ബസ്സിന്റെ സീറ്റിനു മുകളിൽ മടക്കി വച്ച കൈകൾക്കിടയിലൂടെ അതീവ ജാഗ്രതയുള്ള കണ്ണുകളാണ് ആദ്യം കാണിക്കുന്നത്. കഥാപാത്രത്തിന്റെ സ്വഭാവം മുഴുവനുമുണ്ട് അതിൽ. ‘മഹേഷിന്റെ പ്രതികാര’മാണ് ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അച്ഛൻ അത് തമിഴിലേക്ക് റീമേക്ക് ചെയ്തു.  

കുടുംബത്തിലെ സങ്കടക്കാലം എങ്ങനെ നേരിട്ടു?

അതേക്കുറിച്ച് കൂടുതൽ തലപുകച്ചൊന്നുമില്ല. അച്ഛയുടെയും അമ്മയുടെയും സന്തോഷമായിരുന്നു മുഖ്യം. അതുതന്നെയാണ് ഞങ്ങൾ ആവശ്യപ്പെട്ടതും. ഒരു വീട്ടിൽ രണ്ടുമനസ്സോടെ ഞങ്ങൾക്കു വേണ്ടി ജീവിതം കളയേണ്ടവരല്ല അവർ. അന്നത്തെ മാനസികാവസ്ഥയിൽ നിന്നൊക്കെ അവർ ഒരുപാട് മുന്നോട്ടു പോയി. ഇപ്പോഴത്തെ ജീവിതത്തിൽ രണ്ടുപേരും ഹാപ്പിയാണ്. അതാണല്ലോ വേണ്ടതും.

മകളുടെ വാക്ക് കേട്ട് കണ്ണുനിറഞ്ഞ് പ്രിയദര്‍ശന്‍; വിഡിയോ

അമ്മയുടെ അത്രയും കരുത്തുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഒരു കാര്യം തീരുമാനിച്ചാൽ നടത്തിയിരിക്കും. വക്കീലാകാൻ തീരുമാനിച്ചു എന്നു കരുതുക, ഒട്ടും സംശയിക്കേണ്ട. നിയമം പഠിച്ച് പരീക്ഷയെഴുതി അമ്മ എൻറോൾ ചെയ്തിരിക്കും. അമ്മയുടെ മനക്കരുത്തിന്റെ പകുതി പോലും എനിക്കു കിട്ടിയിട്ടില്ല. എല്ലാ ഇമോഷൻസും അപ്പോൾ തന്നെ പ്രകടിപ്പിക്കുന്ന അച്ഛന്റെ സ്വഭാവമാണ് എനിക്കുമെന്നു തോന്നുന്നു. സിനിമ കണ്ടാൽ പോലും കരയുന്ന ആളാണ് ഞാൻ. വലിയ ദൈവവിശ്വാസിയുമാണ്. മൂകാംബികയിലും ഗുരുവായൂരും ഒപ്പം പള്ളിയിലും പോകും.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–