‘നന്മയുള്ള നടൻ, രജനികാന്ത് വരെ നീളുന്ന സൗഹൃദം’

അന്തരിച്ച താരം വിജയൻ പെരിങ്ങോടിനെ അനുസ്മരിച്ച് സംവിധായകന്‍ ജിസ് ജോയ്. സിനിമയിൽ അപൂർവമായി കാണുന്ന നന്മയുള്ള മനുഷ്യനായിരുന്നു വിജയൻ പെരിങ്ങോട്ടെന്ന് ജിസ് പറയുന്നു.

ജിസ് ജോയ്‌യുടെ വാക്കുകൾ–

‘ചില നാടൻ പരസ്യങ്ങൾ ചെയ്യുമ്പോൾ എന്റെ മനസ്സിലും അദ്യം വന്നിരുന്ന മുഖങ്ങളിൽ ഒന്ന് വിജയേട്ടന്റെ ( വിജയൻ പെരിങ്ങോട് ) ആയിരുന്നു !! ഇന്ന് രാവിലെ ഹൃദയാഘാതം എന്നൊരു കാരണം കൊണ്ട് കടന്നു പോകുന്നത് , സിനിമയിൽ അപൂർവമായി കാണുന്ന നന്മയുള്ള ഒരു മനുഷ്യനാണ് !! ഏതു സദസ്സിലും എളുപ്പത്തിൽ ലയിച്ചു ചേരുന്ന , ഒരു നാടൻ ചായയുടെ രുചിയും ലഹരിയും പോലൊരാൾ !!

സിനിമയിൽ ഏറ്റവും ചെറിയ ജോലിചെയ്യുന്നവർ മുതൽ വല്ലപ്പോഴും പെരിങ്ങോട് ഉഴിച്ചിലിനു വരുന്ന സാക്ഷാൽ രജനികാന്ത് വരെ നീളുന്നു അദ്ദേഹത്തിന്റെ സൗഹൃദ വലയം !! 

വല്ലാത്തൊരു ആനച്ചന്തമാണ്‌ കാഴ്ചയിലും അതിലുപരി വർത്തമാനത്തിലും , കേൾവിൽക്കാരന്റെ മുഖത്തു എപ്പോഴും ഒരു ചിരി നിർത്തിക്കൊണ്ടേ സംസാരിക്കൂ !! 

എല്ലാ വിടവാങ്ങലും വലിയ നഷ്ടം തന്നെയാണ് !!  പ്രിയപ്പെട്ട തൊടിയിലെ വലിയ വേരുകളോട് കൂടിയ തണൽമരം നഷ്‌ടമായ പോലെയാണ് എനിക്ക് ... ഉറപ്പായും അദ്ദേഹത്തെ അടുത്തറിഞ്ഞ ഏവർക്കും അതങ്ങനെ തന്നെയായിരിക്കും.’

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിട്ടായിരുന്നു തുടക്കം. നാൽപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1983ൽ പുറത്തിറങ്ങിയ പി.എൻ.മേനോന്റെ ‘അസ്ത്ര’മാണ് ആദ്യ ചിത്രം. സത്യൻ അന്തിക്കാട്, ലാൽ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.