‘ആസിഫ്, നടൻ എന്ന നിലയിൽ നിങ്ങൾ ഉയരുകയാണ്’

ആസിഫ് അലി നായകനായി എത്തിയ ഇബ്‌ലിസിന് മികച്ച പ്രതികരണം. ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകർ മാത്രമല്ല സിനിമാപ്രവർത്തകരും രംഗത്തെത്തുന്നു. ആസിഫിന്റെ കരിയറിലെ തന്നെ മറ്റൊരു മികച്ച കഥാപാത്രമാണ് ഇബ്‌ലിസിലെ വൈശാഖൻ. 

സാജിദ് യാഹിയയുടെ പ്രതികരണം

"മരണമറിയിച്ചുള്ള കൂമന്റെ ഓരോ വരവുകളിലും ദേശത്തുകാരുടെ മരണ വിരുന്നുകൾ ഉണ്ടായിരുന്നു. വീശിയടിക്കുന്ന വരണ്ട പാലക്കാടൻ കാറ്റിന്റെ മറവ് പറ്റി പെട്രോമാക്സിന്റെ വെളിച്ചവും കോളാമ്പി പാട്ടൊഴുക്കിന്റെ താളത്തിലുമൊക്കെ ദേശത്തുകാർ മരണത്തെ ഉത്സവമാക്കുന്നു.

അക്കരെ നാടിന്റെ കരച്ചിലും, വിചാര വികാരങ്ങളുമൊന്നും ദേശത്തെ സ്വാധീനിക്കുന്നില്ല. ദേശത്തിനെന്നും മരണത്തിന്റെ മണവും മുഖവും സൗന്ദര്യവുമാണ്.  ജീവനുള്ള ദേഹങ്ങൾക്കും ആത്മാക്കൾക്കും ഇടയിൽ നടക്കുന്നൊരു കെട്ടുകഥ ഇതാണ് ഇബ്‌ലീസിലെ കഥയുടെ ആത്മാവ്.

വളരെ സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ. ആത്മാവിന്റെ ഭാവ സംഗീതം. ഭ്രാന്തമായ പ്രണയം.പരിചിതമല്ലാത്ത അത്ഭുത സൗഹൃദം. ഇബ്‌ലീസ് ഖൽബ് കീഴടിക്കിയിരിക്കുന്നു.

'Adventures of ഓമനക്കുട്ടൻ' എന്ന ശക്തമായ പരീക്ഷണ ചിത്രത്തിന് ശേഷം അത് നേരിട്ട വെല്ലുവിളികളിൽ പതറാതെ വീണ്ടും അതിവ്യത്യസ്തവും മനോഹരവുമായൊരു കഥയുമായി പ്രിയ രോഹിത് സ്വന്തം പ്രതിഭ തെളിയിച്ചിരിക്കുന്നു. മാറുന്ന സിനിമയുടെ മാറ്റത്തിന് അടിവരയിടുന്നൊരു ചിത്രം. ഒരു സംവിധായകൻ എന്ന നിലയിൽ പ്രതിസന്ധികളിൽ തളരാത്ത നിന്നിലെ നെഞ്ചുറപ്പിന്റെ സാക്ഷ്യം കൂടിയാണ് ഈ ചിത്രം.

പ്രിയ ആസിഫ്, നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്കു തയാറാകുന്നൊരു നടൻ ആണ് താങ്കൾ. ഓമനക്കുട്ടൻ ആയാലും,നൂഹു കണ്ണായാലും ഇതിലെ വൈശാഖൻ ആകുമ്പൊളുമൊക്കെ ഒരു നടൻ എന്ന നിലയിൽ നിന്നിലെ ഗ്രാഫ് വളരെ ഉയരത്തിലാണ്. ഓരോ പുതുമുഖ സംവിധായകനിലും അർപ്പിക്കുന്ന വിശ്വാസത്തിൽ കഥാപാത്രങ്ങളുടെ വളർച്ച വളരെ വിശാലമായിക്കൊണ്ടിരിക്കുകയാണ്.

'ഷമീർ മുഹമ്മദ്' സുഹൃത്തേ മാജിക്കൽ മൂഡിലുള്ളൊരു കഥയുടെ ഏടുകളെ എത്ര ലളിതമായാണ് നിങ്ങൾ കോർത്ത് ബന്ധിച്ചിരിക്കുന്നത്. എഡിറ്റിങ് ഒരു കല കൂടിയാണെന്ന സത്യം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

മധുര നെയ്യപ്പത്തിന്റെ പ്രണയ മധുരത്തിലും സൗഹൃദത്തിന്റെ സുലൈമാനി കടുപ്പത്തിലും മനസ്സിൽ കയറിയ വിസ്മയത്തിന്റെ ഇബ്‌ലീസ് ഉടൻ ഇറങ്ങുമെന്ന് തോന്നുന്നില്ല. അത്രമേൽ മോഹിപ്പിപ്പിക്കുന്നു,

കൊതിപ്പിക്കുന്നു ജീവനും മരണത്തിനും അതീതമായ ഇബ്‌ലീസിന്റെ പ്രണയ കഥ. മുന്നണിയിലും പിന്നണിയിലും അണിനിരന്ന എല്ലാ സഹപ്രവർത്തകൾക്കും സന്തോഷാശംസകൾ.

ജെനിത്ത് കാച്ചപ്പിള്ളി

"ഇടയ്ക്കിടയ്ക്ക് തുമ്മാറുണ്ടോ? ആരോ പേര് വിളിക്കുന്ന പോലെ തോന്നാറുണ്ടോ? ആടിന്‍റെ ചൂര് പോലെ ഒരു മണം അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ ഈ ലോകം വിട്ട നമ്മുടെ വേണ്ടപ്പെട്ട ആരോ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ടെന്നാണ്. മരിച്ചവര്‍ നമ്മുടെ കൂടെ തന്നെ ഉണ്ടെന്ന്..." നേരമ്പോക്ക് അല്ലാതെ ഇത്തിരി നേരത്തെ മനസിലാക്കേണ്ട റിയാലിറ്റി എന്ന ജോക്ക് ഉണ്ടതില്‍. ഇമ്മാതിരി ജോക്കുകളുടെ ഒരു മുത്തശ്ശിക്കഥയാണ് ഇബ്ലിസ്. 

മുത്തശ്ശിക്കഥയുടെ എല്ലാ ആനുകൂല്യങ്ങളും കൊടുത്ത് കാണേണ്ട സിനിമ. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവും കഥ കേള്‍ക്കുന്ന എല്ലാവര്‍ക്കും തൃപ്തിയും കിട്ടണം എന്ന് ഉറപ്പില്ലാത്ത ഒന്ന്. എന്നാല്‍ ഒരു ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ഒന്നുകൂടി ചെറുപ്പമായ ആസിഫ് അലിയിലെ-ഇതുവരെ ഇത്ര മനോഹരമായി കണ്ടിട്ടില്ലാത്ത കുട്ടിത്തവും, ലാലിന്‍റെ സര്‍ക്കീട്ട് മുത്തശ്ശനെ പോലുള്ള കഥാപാത്രങ്ങളുടെ അപ്പിയറന്‍സില്‍ നന്നായി രൂപപ്പെടുത്തിയെടുത്ത ഒരു ജിപ്സിയും, തിളങ്ങുന്ന കണ്ണുകളും ചുരുളന്‍ മുടിയുമുള്ള ഫിദയില്‍ ഒന്നൂടെ നോക്കിയാല്‍ ഒരുപക്ഷെ കണ്ടേക്കാവുന്ന പാവയേയും രാജകുമാരിയേയുമൊക്കെ കണ്ടു പിടിക്കാന്‍ കഴിയുന്ന 'ഡീറ്റെയില്‍' കലാസ്വാദകന് വേണ്ട ഒരു കുഞ്ഞു രസികന്‍ ബിനാലെ ഉണ്ടതില്‍. 

വൈശാഖന്‍റെ ഷര്‍ട്ടില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന കഥയിലെ 'ഇല്യൂഷന്‍' ഡിസൈന്‍ അതില്‍ എനിക്ക് കിട്ടിയ ഒന്നാണ്. കണ്ടു നോക്കൂ. കുഴിച്ചാല്‍ നിധി കിട്ടിയേ പറ്റൂ എന്ന് നിര്‍ബന്ധം ഇല്ലെങ്കില്‍ ഇബ്ലിസ് മലയാളത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള അഭിനന്ദനം അര്‍ഹിക്കുന്ന ഫാന്റസി ശ്രമമാണ്. രോഹിത്തിനെ പോലെ ഉള്ളവര്‍ നല്ല മാറ്റങ്ങള്‍ക്ക് അനിവാര്യമായ കലാകാരന്മാരും.

ആര്യൻ കൃഷ്ണമേനോന്‍

ഇബിലീസ്‌ ! എനിക്ക്‌ ഇഷ്ടമായി..ഒരു സാങ്കൽപിക നാടും നാട്ടുകാരും അവിടെ ഉള്ള ഒരു മുത്തച്ഛനും മുത്തച്ഛന്റെ പലഹാരപ്രിയനായ കൊച്ച്‌ മകനും, ആ കൊച്ച്‌ മകന്റെ പ്രണയവും.. അങ്ങനെ ഒരു ലോകത്ത്‌ നിന്നും നമ്മെ ചിന്തിപ്പിക്കുന്ന ഒരു വലിയ ആശയം, ഒരുപക്ഷേ നമ്മൾ ഓരോരുത്തരും ഈ ആശയം ഒരിക്കലെങ്കിലും ആലോചിച്ചിട്ടുമുണ്ടാകാം.. 

അങ്ങനെ ഒരു ആശയത്തെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്‌ സംവിധായകൻ.. വൈശാഖൻ ആയി മിന്നുന്ന പ്രകടനം നടത്തുന്ന ആസിഫ്‌ അലിക്ക്‌ ഒപ്പം, മുത്തച്ഛനായി തകർത്താടുന്ന ലാൽ സാർ! ലാൽ സാറിന്റെ ആ എനർജ്ജിയും, ആ ഒരു international physicality യും ഇബിലിസിന്റെ മറ്റൊരു ഹൈലൈറ്റ്‌ ആണ്‌. കഥ ഡിമാൻഡ് ചെയ്യുന്ന ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം. 

subtle ആയി gracefully അഭിനയിച്ച മഡോണ സെബാസ്റ്റിൻ അടക്കം ബാക്കി എല്ലാ നടീനടന്മാരുടേയും മികവുറ്റ പ്രകടനം.. Shivakumar Nair I’m so happy to see you pulling off that character with that ease.. you had my curiosity and now you have my attention.

റിയലിസ്റ്റിക്ക്‌ സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക്‌ ദിലീഷ്‌ പോത്തനോ രാജീവ്‌ രവിയോ പോലെയാണ്‌ ഞങ്ങൾ ഫാന്റസി സിനിമകൾ കൂടുതലായി ഇഷ്ടപ്പെടുന്നവർക്ക്‌ ലിജോ ജോസ്‌ പല്ലിശ്ശെരിയും, രോഹിത്തുമൊക്കെ...

PS : മണിചിത്രത്താഴ്‌ സിനിമ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ട്‌ നമുക്ക്‌ ചുറ്റും, യോദ്ധ സിനിമ ബോർ ആണ്‌ എന്ന് പറയുന്നവരും.. പലവർക്കും ഒരോ സിനിമ പലതാണ്‌ .. തീയറ്ററിൽ പോയി കണ്ട്‌ തന്നെ വിലയിരുത്തേണ്ട സിനിമയാണ്‌ ഇബിലീസ്‌.. കണക്റ്റ്‌ കിട്ടുന്നവർക്ക്‌ ഒരു ഗംഭീര സിനിമ അനുഭവം ആവും ഇബിലീസ്‌.

സരയു

ഇബിലീസ്.....!ടൈറ്റിലിൽ പേര് പോലും വെയ്ക്കാതെ ഒരു ഇബ്‌ലീസിന്റ മാജിക്ക് ആണ് ഈ സിനിമ...നിറയേ പലഹാരങ്ങളും പുതിയ ചിന്തകളും കാണിച്ചു കൊതിപ്പിച്ചൂ...നിറയേ വർണങ്ങൾ... വെള്ളയ്ക്ക് നമ്മൾ ചാർത്തി കൊടുത്ത അർഥങ്ങൾ.... നിറങ്ങൾക്കും വെൺമയ്ക്കും നടുവിലെ നൂൽപ്പാലത്തിൽ നമ്മൾ!!മനോഹരമായ ഫ്രേയ്മുകൾ, ഗാനങ്ങൾ.. എല്ലാത്തിനും മുകളിൽ വൈശാഖൻ... കാറ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫിനോട് പെരുത്ത് ഇഷ്ടം...നല്ല നെയ്യപ്പം പോലത്തെ ഇഷ്ടം