മഞ്ജിമ ബാക്ക് ‌ടു മലയാളം

‘മലയാളികൾക്കു ഞാൻ ഇപ്പോഴും കുഞ്ഞുടുപ്പും ക്രോപ് ചെയ്തു നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയുമുള്ള ബേബി മഞ്ജിമയാണ്. അതേ മുഖം...ഒട്ടും മാറ്റമില്ല എന്നാണ് എല്ലാവരും പറയുന്നത്. അതൊരു ഭാഗ്യമല്ലേ. കുഞ്ഞായിരിക്കാൻതന്നെയല്ലേ എല്ലാവർക്കും ഇഷ്ടം’– ചെറുപുഞ്ചിരിയോടെ മഞ്ജിമ മോഹൻ പറയുന്നു. മൂന്നു വർഷത്തിനു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തുകയാണ്, പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളായ മഞ്ജിമ. 

അന്നും ഇന്നും മലയാളം 

നിവിൻ പോളിയുടെ നായികയായി ‘ഒരു വടക്കൻ സെൽഫി’ യിലൂടെ ആയിരുന്നു എന്റെ അരങ്ങേറ്റം. വടക്കൻ സെൽഫിയുടെ ട്രെയ്‌ലർ കണ്ട തമിഴ് സംവിധായകൻ ഗൗതം മേനോൻ, ചിമ്പു നായകനായ ‘അച്ചം എൻപത് മടമയ്യടാ’ എന്ന ചിത്രത്തിലേക്കു വിളിച്ചു. അങ്ങനെ അവിചാരിതമായി തമിഴിലെത്തി. ആ സിനിമയ്ക്കായി കരാർ ഒപ്പിട്ടതിനാൽ അപ്പോൾ മറ്റു സിനിമകളൊന്നും ചെയ്യുക സാധ്യമല്ലായിരുന്നു. ആ സിനിമ പൂർത്തിയായപ്പോഴേക്കും, ഞാൻ മല‍യാള സിനിമയെ ഉപേക്ഷിച്ചു എന്ന തെറ്റിദ്ധാരണയുണ്ടായി. ആ വാർത്ത ശരിയല്ലായിരുന്നു. എനിക്കും വീട്ടുകാർക്കുമെല്ലാം മലയാള സിനിമതന്നെയാണിഷ്ടം. 

മലയാളി ക്വീൻ 

‘സംസം’ എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ് അവസാനിച്ചു. ‘ക്വീൻ’ എന്ന ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്. നീലകണ്ഠ റെഡ്ഡിയാണു സംവിധാനം. സണ്ണി വെയ്ൻ നായകനാവുന്ന ഈ സിനിമ ഒക്ടോബറിൽ റിലീസാവും. ഒപ്പം, ഗൗതം കാർത്തിക് നായകനായ ‘ദേവറാട്ടം’ എന്ന തമിഴ് സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങ് നടക്കുന്നു. 

ഒത്തിരി സ്വപ്നങ്ങൾ 

‘22 എഫ്കെ’യിൽ റിമ കല്ലിങ്കൽ ചെയ്ത ‌ടെസ്സ, ‘ഓം ശാന്തി ഓശാന’യിലെ നസ്രിയയുടെ പൂജ എന്നീ കഥാപാത്രങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ‘കൂടെ’ കണ്ടപ്പോൾ ഇങ്ങനെ‍യൊരു സിനിമ എനിക്കും മലയാളത്തിൽ കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു. മലയാളത്തിൽ ഇനിയും നല്ല സിനിമകളും വേഷങ്ങളും കിട്ടാൻ കാത്തിരിക്കുകയാണ്. സ്വന്തം ഭാഷയിൽ അഭിനയിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെയല്ലേ?!