Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന് വേണ്ടി ചിരിച്ചു, ആനിക്ക് വേണ്ടി കരഞ്ഞു; അമ്പിളിയെക്കുറിച്ച് ഭാഗ്യലക്ഷ്മി

manu-ambily

ഞാൻ ആദ്യം അമ്പിളിയെ കണ്ട ദിവസം ഇന്നും ഓർക്കുന്നു. വാസു സ്റ്റുഡിയോയിൽ തണൽ മരങ്ങൾക്ക് താഴെയുള്ള സിമന്റ് ബഞ്ചിൽ ഞാനിരിക്കുമ്പോഴാണ് അമ്മ പാലാ തങ്കത്തിന്റെ കയ്യും പിടിച്ചു ചാടിച്ചാടി അവൾ വന്നത്. കഷ്ടിച്ച് ഒരു എട്ടു വയസ്സ് പ്രായം. ചുരുണ്ട ഇടതൂർന്ന മുടി, നിരനിരയായ പല്ലുകൾ, നല്ല ഭംഗിയുള്ള മുഖം, മനോഹരമായി ചിരിച്ചുകൊണ്ട് അവളാദ്യം എന്റെയടുത്തേക്കാണ് വന്നത്. സ്കർട്ടും ബ്ളൗസുമായിരുന്നു എന്റെ വേഷം. അവളൊരു കുഞ്ഞുടുപ്പാണ് ഇട്ടിരുന്നത്. അവളേക്കാൾ രണ്ടോ മൂന്നോ വയസ്സിനു മൂത്തതാണു ഞാൻ. ഞങ്ങൾ വേഗം കൂട്ടുകാരായി.

ഡബ്ബിങ്ങിലെ താരം

ഞങ്ങൾ ഒന്നിച്ച് മൈക്കിനു മുന്നിൽ നിന്നപ്പോൾ അമ്പിളിക്ക് ഉയരം കുറവായതുകൊണ്ട് ഒരു മരപ്പലക ഇട്ടുകൊടുത്തു. അതിനു മുകളിൽ നിന്നാണ് അവൾ ഡബ് ചെയ്തത്. എന്റെ ശബ്ദം അത്ര നന്നല്ല. ഡബ് ചെയ്യാനുമറിയില്ല. കൊഞ്ചി കൊഞ്ചി സംഭാഷണം ഉരുവിട്ടുകൊണ്ട്, സ്ക്രീനിൽ നോക്കി ചുണ്ടനക്കത്തിനനുസരിച്ചു മനോഹരമായി ഡബ് ചെയ്യുന്ന അമ്പിളിയെ ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്. 

‘‘ങാ, ഇങ്ങനെ കണ്ണും തുറിച്ച് വായും പൊളിച്ചു നിന്നോ, കണ്ടില്ലേ നിന്നേക്കാൾ എത്ര ചെറിയ കുട്ടിയാണവൾ, എന്നിട്ടും എത്ര മിടുക്കിയായി ഡബ് ചെയ്യുന്നു’’, എന്ന് ശകാരിക്കുന്ന സംവിധായകന്റെ വാക്കുകൾ എന്നെ ഒട്ടും വേദനിപ്പിച്ചില്ല,‘‘എനിക്കറിയാഞ്ഞിട്ടല്ലേ, അമ്പിളി എപ്പോഴും പാലാ തങ്കം ചേച്ചീടെ കൂടെ ഡബിങ് തിയറ്ററിൽ വന്നു കണ്ട് കണ്ട് അവൾക്ക് നല്ലോണം അറിയാം’’ എന്നു മറുപടി പറഞ്ഞു ഞാൻ. എങ്കിലും എനിക്കവളോട് ഒരൽപം അസൂയ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു. സത്യം. 

ഞങ്ങളൊന്നിച്ച് ഒട്ടേറെ സിനിമകളിൽ ശബ്ദം നൽകി. ചിലപ്പോഴൊക്കെ കരയാനും ചിരിക്കാനും അമ്പിളി എന്നെ പഠിപ്പിച്ചു. അമ്പിളി പെൺകുട്ടികൾക്കും ഞാൻ ആൺകുട്ടികൾക്കുമായിരുന്നു ശബ്ദം നൽകിയിരുന്നത്. കാലക്രമേണ എന്റെ ശബ്ദം നായികാ പദവിയിലേക്ക് ഉയർന്നു. അമ്പിളി ചെറിയ കുട്ടികൾക്കും അനിയത്തി കഥാപാത്രങ്ങളിലേക്കും വളർന്നു.

പരാതിയില്ല, പരിഭവമില്ല

റാണി പദ്മിനി എന്ന നായിക വന്ന കാലത്താണ് അമ്പിളി നായികയുടെ ശബ്ദത്തിലേക്ക് മാറുന്നത്. അവരുടെ രൂപത്തിന് ചേരുന്ന ശബ്ദമായതുകൊണ്ട് പിന്നീട് റാണി പദ്മിനിയുടെ മിക്ക സിനിമകളും അമ്പിളിയുടെ ശബ്ദമായിരുന്നു. ഒരേസമയം നായികമാർക്കും ബേബി ശാലിനിക്കും അതേ പ്രായത്തിലുള്ള മറ്റു കുട്ടികൾക്കും അമ്പിളി ശബ്ദം നൽകി. ബാല്യത്തിനും കൗമാരത്തിനുമനുസരിച്ചു ശബ്ദം മാറ്റാൻ അവൾക്ക് അനായാസേന കഴിഞ്ഞിരുന്നു. 

ജലജ, രോഹിണി, മേനക, നിത്യ നളിനി, കലാരഞ്ജിനി, ശോഭന, രേവതി, സുനിത, രഞ്ജിനി, രഞ്ജിത, മാതു, മോഹിനി തുടങ്ങിയ പല മുൻനിര നായികമാർക്കും അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്. തുടക്ക കാലത്തു ചില നായികമാർ സ്വന്തം ശബ്ദം ഡബ് ചെയ്യുമ്പോൾ അവർക്ക് കരയാനും ചിരിക്കാനും മാത്രമായി സംവിധായകർ ഡബിങ് ആർട്ടിസ്റ്റുകളെ വിളിക്കും. 

കളിവീട് എന്ന സിനിമയിൽ മഞ്ജു വാരിയർക്ക് വേണ്ടി ചിരിച്ചതും മഴയെത്തും മുൻപേയിൽ ആനി സ്വന്തം നൽകിയപ്പോൾ ആനിക്ക് വേണ്ടി കരഞ്ഞതും ക്ലൈമാക്സിൽ മാത്രം ശബ്ദം നൽകിയതും അമ്പിളിയാണ്. എത്രയോ മികച്ച കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടും ഒരു പുരസ്കാരവും അമ്പിളിയെ തേടിയെത്തിയില്ല, ഒരു നായികയും അമ്പിളിയെക്കുറിച്ച് ഒരിടത്തുപോലും പരാമർശിച്ചില്ല. അതിലവൾക്കു പരാതിയോ പരിഭവമോ ഒന്നുമില്ലായിരുന്നു. 

മൊഴിമാറ്റത്തിലെ പ്രതിഭ

കാലക്രമേണ അമ്പിളിക്ക് സിനിമയിൽ ഡബ്ബിങ് അവസരം കുറഞ്ഞു. എന്നിട്ടും അവൾ ആരെയും വിളിച്ച് അവസരം ചോദിച്ചിട്ടില്ല. സിനിമയില്ലെങ്കിൽ സീരിയൽ, സീരിയൽ ഇല്ലെങ്കിൽ മൊഴിമാറ്റ സിനിമകൾക്ക് സംഭാഷണം എഴുതുക, അതായിരുന്നു അവളുടെ രീതി. ഇരുപതിലധികം മൊഴിമാറ്റ സിനിമകൾക്കും സീരിയലുകൾക്കും അവൾ സംഭാഷണമെഴുതി. 

ദളപതി, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങി പല തമിഴ് സിനിമകൾക്കും ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി‌യ ഹിന്ദി സിനിമകൾക്കും അമ്പിളി മൊഴിമാറ്റ സംഭാഷണമെഴുതി. ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന സിനിമ ടെലിവിഷനിൽ മലയാളത്തിൽ കണ്ട് എത്രയോ പേർ എന്നെ വിളിച്ചു പറഞ്ഞു, ഇതൊരു മൊഴിമാറ്റ സിനിമയാണെന്ന് തോന്നുന്നേയില്ല, അത്ര മനോഹരമായിരിക്കുന്നു സംഭാഷണം എന്ന്...സിനിമ ഡബ്ബിങ് ഇല്ലാതായപ്പോഴും ഒന്നും നഷ്ടപ്പെട്ടില്ല എന്ന ചിന്തയോടെ അവൾ അധ്വാനിച്ചുകൊണ്ടേയിരുന്നു. അതിനു പ്രധാന കാരണം അവൾക്കു രണ്ട് പെൺകുട്ടികൾ ആയിരുന്നു.

സ്നേഹത്തിന്റെ ശക്തി

അവരെ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനുമായി അവൾക്ക് അധ്വാനിച്ചേ പറ്റൂ. അതിനവളെ സഹായിക്കാൻ അവൾ മാത്രമേ ഉള്ളൂ എന്നവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വന്നതോടെ അവൾക്ക് മക്കളുടെ കാര്യത്തിൽ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടി വന്നു. മൂത്ത മകൾ വൃന്ദയ്ക്ക് എസ്ബിഐയിൽ ഉദ്യോഗം ലഭിച്ചപ്പോൾ അവൾ ഒരുപാട് സന്തോഷിച്ചു. 

വൃന്ദയുടെ വിവാഹം നടത്താൻ അവൾ ഒരുപാട് കഷ്ടപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും ചുമതല അവൾ ഒറ്റയ്ക്ക് നിറവേറ്റി. മരുമകൻ അരവിന്ദ് അവൾക്ക് മകൻ തന്നെയായിരുന്നു. ബാല്യത്തിൽ അവളെ ചേർത്തു പിടിക്കാൻ ആരുമില്ലാതിരുന്ന സങ്കടം അവൾക്ക് നല്ലതുപോലെയുണ്ടായതു കൊണ്ടാവാം ഭർത്താവിന്റെ അമ്മയായ ആകാശവാണിയിലെ ടി.പി. രാധാമണി ചേച്ചിയും ഗംഗാധരൻ ചേട്ടനും അച്ഛനും അമ്മയും തന്നെയായിരുന്നു. സ്വന്തം അമ്മയേക്കാൾ അധികം അവൾ അവരെയും അവർ അവളെയും സ്നേഹിച്ചു. ബന്ധങ്ങളുടെ ഓരോ കണ്ണി അവൾ വിളക്കി ചേർത്തുകൊണ്ടിരുന്നു.

ഭർത്താവിൽ നിന്ന് അകന്ന് ജീവിക്കുന്ന അമ്പിളിയെ കൈവിടാതെ ചേർത്തുനിർത്തി രാധാമണി ചേച്ചിയും മക്കളും. ആ കുടുംബമായിരുന്നു അവളുടെ ഏക ആശ്രയം. രാധാമണി ചേച്ചി മരിച്ച അതേ ദിവസമാണ് അമ്പിളി സുഖമില്ലാതെ ആശുപത്രിയിൽ ആവുന്നത്. വളരെ വൈകിയാണ് അവൾക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലായത്. അപ്പോഴേക്കും അവൾ എല്ലാവരേയും മറന്നുപോയി. 

ടി. പി. രാധാമണി ചേച്ചി മരിച്ച വിവരം അവളെ ആരും അറിയിച്ചില്ല. മരിക്കുന്നതു വരെ. അവൾക്ക് ഓർമശക്തി നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആ അമ്മയുടെ മരണം അവൾക്ക് താങ്ങാനാകുമായിരുന്നില്ല. അവൾ രോഗബാധിതയായി കിടക്കുമ്പോൾ അവളെ കാണാൻ വരുന്നവരെയൊന്നും അവൾക്ക് ഓർമയില്ല. എങ്കിലും അവളതു പുറത്ത് കാണിക്കാതെ അവരോട് ഉറക്കെ ചിരിക്കും. 

ആരാണെന്ന് ഞങ്ങൾ ചോദിക്കുമ്പോൾ എന്റെ അനിയനല്ലേ അനിയത്തിയല്ലേ എന്നു പറയും. ഓർമ നഷ്ടപ്പെട്ട സമയത്തും അവളുടെ ജീവിതത്തിൽ വല്ലാതെ അവളെ വേദനിപ്പിച്ച രണ്ടുപേർ വന്നപ്പോൾ അവർ പോകുന്നത് വരെ അവൾ ഉറക്കം നടിച്ച് കിടന്നു. അവളുടെ ആ ഭാവമാറ്റം ഞങ്ങളെയൊക്കെ വല്ലാതെ അത്ഭുതപ്പെടുത്തി.

മക്കൾക്കായി ജീവിതം

നാരായണീയം കാണാതെ ചൊല്ലാൻ പഠിച്ചു ഗുരുവായൂർ ക്ഷേത്ര നടയിൽ സമർപ്പിക്കാൻ ആഗ്രഹിച്ച സമയത്താണ് അവൾക്ക് അസുഖം പിടിപെട്ടത്. അതിന്റെ സങ്കടം അവൾക്കുണ്ടായിരുന്നു. അമ്പിളിയുടെ മകൾ പ്രസവിച്ചതിനു ശേഷം ജോലിക്ക് പോയിത്തുടങ്ങിയപ്പോൾ കുഞ്ഞിനെ നോക്കാനായി അമ്പിളി ഡബ്ബിങ് ജോലികൾ രാത്രിയിലാക്കി. പകൽ മുഴുവൻ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കും. 

അമ്മൂമ്മ എന്ന പദവി അവൾ ആസ്വദിക്കുകയായിരുന്നു. അമ്മയായും അമ്മായിയമ്മയായും അമ്മൂമ്മയായുമൊക്കെ ജീവിച്ചു കൊതി തീരുംമുമ്പേ അവൾ പോയി. നല്ലൊരു കലാകാരി മാത്രമല്ല, ഒരുപാട് നന്മയുള്ള, സ്നേഹമുള്ള, കഠിനാധ്വാനിയായ, മക്കൾക്ക് വേണ്ടി ജീവിച്ച ഒരു നല്ല അമ്മയായിരുന്നു അമ്പിളി. ഇളയ മകൾ വിദ്യയെക്കൂടി പഠിപ്പിച്ച് ഒരു ഉദ്യോഗസ്ഥയായി വിവാഹം കഴിപ്പിച്ചയച്ചിട്ടു വേണം ഭാഗ്യലക്ഷ്മിയെപ്പോലെ യാത്ര ചെയ്യാൻ എന്നവൾ എന്നോടു പറയുമായിരുന്നു.