സിനിമകൾ നഷ്ടമായി, സൗഹൃദത്തിന്റെ പേരിൽ തീ തിന്നുന്നു: ജാഫർ ഇടുക്കി

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ മാനസികമായി ഏറെ പ്രയാസപ്പെട്ട നടനാണ് ജാഫർ ഇടുക്കി. ഒരു വര്‍ഷത്തോളം സിനിമയില്‍നിന്നു മാറിനിന്നു.  മാധ്യമങ്ങളില്‍ ജാഫർ ഇടുക്കിയുടെ പേര് തലക്കെട്ടുകളായതോടെ, കേസുള്ള നടനെ പലരും വിളിക്കാതെയുമായി. ആരോപണങ്ങള്‍ സ്വസ്ഥത നശിപ്പിച്ചതോടെ സിനിമയിൽനിന്നു സ്വയം വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ജാഫർ ഇടുക്കി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സൗഹൃദം ഉണ്ടായിരുന്നെന്നു പറഞ്ഞിട്ടു കാര്യമില്ല, സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ അതോ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന ആളാണോ എന്നൊക്കെ തെളിയുകയുള്ളൂ. ഏതു രാജ്യത്തു പോയാലും മണി എന്നെ കൂടെക്കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരു റൂമിൽ കിടന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവരെല്ലാം ഒരുപോലെ ആരാധിക്കുന്ന നടനായിരുന്നു കലാഭവൻ മണി. 

അദ്ദേഹത്തിന്റെ മരണത്തിനു രണ്ടു ദിവസം മുമ്പ് ഞാനും അവിടെ ചെന്നിരുന്നു എന്നതിനെ തുടർന്നാണു പ്രശ്നങ്ങളുണ്ടാകുന്നത്. അതിനു ശേഷം സംവിധായകർ എന്നെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ വിസമ്മതിച്ചു. വേറൊന്നും കൊണ്ടല്ല, അദ്ദേഹത്തെ അഭിനയിപ്പിച്ചാൽ േഡറ്റിന്റെ പ്രശ്നങ്ങളുണ്ടാകുമോ, കേസും കാര്യങ്ങളും ഉള്ളതല്ലേ എന്നിങ്ങനെയുള്ള ചിന്തകൾ സ്വാഭാവികമായും അവർക്കുണ്ടാകും. അതു പിന്നെ സിനിമാ സെറ്റുകളിൽ സംസാരമായി, അങ്ങനെ ചാൻസുകൾ നഷ്ടപ്പെട്ടു. ഏകദേശം ഒരു കൊല്ലത്തോളം സിനിമാ ജീവിതത്തിൽ ഇടവേളയുണ്ടായി.

തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിനു ശേഷമാണ് പിന്മാറിയത്. േമക്കപ്പ് ഇട്ട് ഇരുന്നതിനു ശേഷം വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. മണി ഭായി മരണപ്പെട്ടു രണ്ടു മാസത്തിനു ശേഷമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആ സമയത്തു ഞാൻ പെട്ടെന്ന് കുറെ ഓർമകളിലേക്കു പോയി. അങ്ങനെ അതു വേണ്ടെന്നു വെച്ചു.  ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു വലിയ വിഷമമാണുണ്ടാക്കിയത്.‌

വളരെ അസ്വസ്ഥമായി ഇരിക്കുമ്പോഴാണ് ആശ്വാസമായി നാദിർഷ ഇക്ക വരുന്നത്. അവർക്കൊപ്പം അമേരിക്കൻ ട്രിപ്പിനു പോകാൻ എനിക്ക് അഡ്വാൻസും തന്നു. പക്ഷേ ആ ട്രിപ്പിനു ഞാൻ പോയില്ല. ആ തുക അവർ തിരികെ ചോദിച്ചിട്ടുമില്ല. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിനു നല്ല പ്രതികരണം ലഭിച്ചു നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കട്ടപ്പനയിലെ ഹൃതിക് റോഷനിൽ അഭിനയിച്ചു. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.’– ജാഫർ ഇടുക്കി പറയുന്നു.