ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് മരിച്ചു

നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക- 68) അന്തരിച്ചു. സത്യൻ അന്തിക്കാടിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരണം സംഭവിക്കുകയായിരുന്നു.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. നടനായും കലാസംവിധായകനായും മലയാള സിനിമയില്‍ 35 വര്‍ഷം നിറഞ്ഞ് നിന്ന താരമാണ് കുഞ്ഞുമുഹമ്മദ്.

നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്​ഷൻ ബോയിയായാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടു വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു.

കമലുമായുള്ള അടുത്ത ബന്ധം കുഞ്ഞി മുഹമ്മദിനെ പിന്നീട് അറിയപ്പെടുന്ന ഒരു സിനിമാ നടനാക്കി. കമലിന്റെ ഒട്ടുമിക്ക സിനിമകളിലും കുഞ്ഞുമുഹമ്മദിനു ഒരു വേഷം ഉണ്ടായിരുന്നു, കമലിന്റെ ശിഷ്യന്മാരായ ലാൽ ജോസ്, ആഷിക് അബു, അക്കു അക്‌ബർ, സുഗീത് എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

പുളിഞ്ചോട് പടിഞ്ഞാറ് ഭാഗത്തു താമസിച്ചിരുന്ന പരേതനായ ചുള്ളിപ്പറമ്പിൽ അമ്മു സാഹിബിന്റെ മകനാണ്. സിനിമ രംഗത്തെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഫെഫ്ക ഡയറക്ടര്‍സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി.