എനിക്കൊരു വേദനയുണ്ട്, പുഞ്ചിരിയോടെ ക്യാപ്റ്റൻ രാജു പറഞ്ഞു

സുന്ദരനായ വില്ലൻ എന്ന വിശേഷണങ്ങളിൽ ഒതുങ്ങാത്ത നടനായിരുന്നു അന്തരിച്ച ക്യാപ്റ്റൻ രാജു. സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തപ്പോഴും മനസിൽ ഒരു കുഞ്ഞിന്റെ നൈർമല്യം അദ്ദേഹം സൂക്ഷിച്ചു. ടെലിവിഷൻ ഷോകളിൽ സജീവമായതോടെയാണ് ക്യാപ്റ്റൻ രാജു എന്ന വ്യക്തിയുടെ നർമബോധം മലയാളികൾ അടുത്തറിഞ്ഞത്.

ഒരിക്കൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്ത 'സിനിമ ചിരിമ' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ക്യാപ്റ്റൻ രാജു പറഞ്ഞു, "എനിക്കൊരു വേദനയുണ്ട്. പ്രേമിക്കാൻ പറ്റിയില്ല". അതിനുള്ള കാരണവും അദ്ദേഹം വിശദമാക്കി. ക്യാപ്റ്റൻ രാജുവിന്റെ അമ്മ സ്കൂൾ അധ്യാപികയായിരുന്നു. പട്ടാളചിട്ടയോടെയാണ് അദ്ദേഹത്തെ വളർത്തിയത്. "പട്ടാളജീവിതം എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. അമ്മയുടെ കൂടെയുള്ള ജീവിതമായിരുന്നു പ്രശ്നം. അമ്മയ്ക്ക് ഞങ്ങൾ മൂന്ന് ആൺകുട്ടികളാണ്. ഈ നീളമൊക്കെയുണ്ടല്ലോ. ആരും പെൺകുട്ടികളോടൊന്നും മിണ്ടാനൊന്നും സമ്മതിക്കില്ല. പേടിച്ചാണ് ജീവിച്ചിരുന്നത്," അദ്ദേഹം പറഞ്ഞു.

"അച്ഛൻ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. അച്ഛൻ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. അമ്മയായിരുന്നു ഭയങ്കര 'ടഫ്'. അമ്മ എല്ലാത്തിനും അടിയ്ക്കും. ചോറു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വറ്റ് വീണുപോയാൽ ഒറ്റ അടിയാണ്. എവിടെ നിന്നാണ് അമ്മ വന്നതെന്നു പോലും മനസിലാവില്ല. താഴെ വീണുകിടക്കുന്ന വറ്റെടുത്ത് പാത്രത്തിൽ ഇടാൻ പറയും. അല്ലെങ്കിൽ അടിയാണ്. പാവം അധ്യാപകന്റെ മകനാണെന്നു ഓർമിപ്പിക്കും. അത്ര ചിട്ടയായി വളർത്തിയതുകൊണ്ട് പ്രേമിക്കാനൊന്നും പറ്റിയില്ല. അതിനുള്ള അവസരം കിട്ടിയില്ല," അദ്ദേഹം ഓർത്തെടുത്തു.

'എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ വന്നിറങ്ങിയ രൂപവതി', എന്ന പാട്ടൊക്കെ കേൾക്കുമ്പോൾ ഞാൻ മനസിലൊരു രൂപം വരയ്ക്കും. അങ്ങനെയൊക്കെ ചെയ്തുവെന്നല്ലാതെ പ്രേമിക്കാൻ കഴിഞ്ഞില്ല, നഷ്ടബോധത്തോടെ ക്യാപ്റ്റൻ രാജു ഓർമകൾ പങ്കു വച്ചു.

ചെറുപ്പകാലത്തു പ്രേമിക്കാൻ സാധിക്കാത്തതിനാൽ ഇനിയൊരു ജന്മമുണ്ടെങ്കിൽ ഏഴാം ക്ലാസു മുതൽ പ്രേമിക്കുമെന്നും ക്യാപ്റ്റൻ രാജു അഭിമുഖത്തിൽ പ്രഖ്യാപിച്ചു. 'എന്റെ അച്ഛനും അമ്മയ്ക്കും ഏഴു മക്കളാണ്. അതുപോലെ ഞാനും ഏഴു മക്കളെ സൃഷ്ടിക്കും,' അദ്ദേഹം കുസൃതിയോടെ പറഞ്ഞു.