500 സിനിമകൾക്കൊടുവിൽ ‘ക്യാപ്റ്റൻ രാജു’വായി തന്നെ അഭിനയിച്ച് വിടവാങ്ങൽ

ക്യാപ്റ്റൻ രാജുവിനെ അനുസ്മരിച്ച് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലായിരുന്നു ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ചത്. ആ നിമിഷങ്ങളെക്കുറിച്ച് ഉദയ്കൃഷ്ണ.

ഉദയ്കൃഷ്ണയുടെ വാക്കുകൾ–

അദ്ദേഹത്തോടൊപ്പം ഉദയപുരം സുൽത്താൻ, സിഐഡി മൂസ എന്നീ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വളരെ നല്ലൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഒരുമിച്ച് കാണുമ്പോഴൊക്കെ പറയും, ‘എടാ സിഐഡി മൂസയിലെ പോെല നല്ല കഥാപാത്രത്തെ തരണമെന്ന്.’ ആരോഗ്യസ്ഥിതി മോശമാണെങ്കിലും അഭിനയിക്കാൻ പറ്റുന്നതുപോലൊരു വേഷം മതിയെന്നായിരുന്നു പറയാറുള്ളത്.

അങ്ങനെ മാസ്റ്റർപീസിലെ വേഷം വന്നപ്പോൾ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടു. രാജുച്ചായാ ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നുചോദിച്ചു. അദ്ദേഹം വളരെ സന്തോഷപൂർവം ചെയ്യാമെന്നുപറഞ്ഞു. രാജുച്ചായൻ ചോദിക്കുന്ന പ്രതിഫലം കൊടുക്കണമെന്നും അതിൽ ഒരു നിബന്ധനയും വെയ്ക്കരുതെന്നും സിനിമയുടെ നിർമാതാവിനോട് ഞാൻ പറഞ്ഞിരുന്നു.

ചിത്രീകരണ സമയത്തും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഓരോ ഷോട്ട് എടുത്തുകഴിയുമ്പോഴും എന്നെ വിളിച്ച് നന്നായിട്ടുണ്ടോ എന്നു ചോദിക്കും.

രാജുച്ചായന് ഇഷ്ടം ഹ്യൂമർ കഥാപാത്രങ്ങളോടായിരുന്നു. നാടോടിക്കാറ്റിലെ പവനായിക്ക് ശേഷം അതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കൊതിച്ചിരുന്നു. മാസ്റ്റർപീസിലെ കഥാപാത്രം വന്നതിനു ശേഷവും അദ്ദേഹത്തിന് വളരെ സന്തോഷമായിരുന്നു. റിലീസ് ആയതിന് ശേഷവും ആ സന്തോഷം എന്നെ വിളിച്ച് അറിയിക്കുകയുണ്ടായി.

ശരിക്കും തെന്നിന്ത്യയെ ഞെട്ടിച്ച വില്ലനായിരുന്നു ക്യാപ്റ്റൻ രാജു. ഞാനൊക്കെ സിനിമ കണ്ടുതുടങ്ങുന്ന കാലത്ത് എന്നെയൊക്കെ ഞെട്ടിച്ചിരുന്നു. പിന്നീട് സിനിമയിലെത്തി പരിചയപ്പെട്ട ശേഷമാണ് ഇത്രയും പാവമാണ് അദ്ദേഹമെന്ന് മനസ്സിലായത്.

വടക്കൻ വീരഗാഥ കണ്ടവർ അരിങ്ങോടനെ മറക്കില്ല. അതുപോലെ പ്രേക്ഷകമനസ്സിൽ തട്ടുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു. വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായും അദ്ദേഹം മാറിമാറി അഭിനയിച്ചു.