Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിയായിട്ട് വയ്യ: അനുഭവം വെളിപ്പെടുത്തി മാലാ പാർവതി

maala-parvathy

സുഹൃത്തിന്റെ പ്രണയം തുറന്നു പറഞ്ഞതിന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിയും സാമൂഹ്യപ്രവർത്തകയുമായ മാലാ പാർവതി. എറണാകുളത്തെ കോളജ് വിദ്യാർഥിയോട് സുഹൃത്തിന് വേണ്ടി മറ്റൊരു പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തിയെന്ന് ആരോപിച്ച് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ടവരെ...

ഇന്നലെ ഞാൻ ഫെയ്സ്ബുക്ക് ലൈവ് വന്ന സാഹചര്യം കൂടുതൽ വ്യക്തമായതോടെ, കാര്യങ്ങളെ നർമത്തോടെ നോക്കി കാണാനുള്ള എന്റെ കഴിവ് പൂർണമായും നശിച്ചിരിക്കുകയാണ്. നിയമവും വകുപ്പുകളും പാവപ്പെട്ടവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഒരു നേർചിത്രം ഞാൻ അടുത്തു കണ്ടു.

ഇന്നലെ ഞാൻ ഫെയ്സ്ബുക്കിൽ ലൈവിൽ പറഞ്ഞിരുന്ന കേസ് വിശദമായി പറയേണ്ടതുണ്ട്. ആരുടെയും പേര് പറയുന്നില്ല. പകരം പേരുകൾ മാറ്റി പറയുന്നു.

അനിൽ എന്ന ജോൺ എന്ന പയ്യന് തന്റെ വീട്ടിന്റെ സമീപത്ത് താമസിക്കുന്ന വനിത എന്ന പെൺകുട്ടിയോട് പ്രണയം തോനുന്നു. വനിത സുന്ദരിയും നഗരത്തിലെ ഒരു പ്രധാനപ്പെട്ട വനിതാ കോളജിൽ പഠിക്കുന്നവളുമാകുന്നു. അനിൽ ഒരു സോഫ്റ്റ്​വെയർ എൻജിനീയർ ആണ്. ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്നു. രാജിവച്ച ശേഷം മുഴുവൻ സമയ നാടക പ്രവർത്തകനായി ജോലി ചെയ്തു വരുന്നു. റോഡരികിൽ വച്ചും മറ്റും ഈ കുട്ടിയെ 'നോക്കുന്ന ' ഈ പയ്യനെ കുറിച്ച് ഭയം തോന്നിയ വനിത, തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. പൊലീസ് പയ്യനെ വിളിച്ച് വരുത്തി വിരട്ടി വിടുന്നു.

പൊലീസ് ശാസിച്ചിട്ടും മനസ്സിൽ നിന്നും ആ പ്രണയം മാഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ഈ കുട്ടിയെ പിന്നെയും പല ഇടങ്ങളിൽ വച്ച് നോക്കുകയും, ആ പെൺകുട്ടി ഉള്ള ഇടങ്ങളിൽ കാണപ്പെടാനും തുടങ്ങി. എന്നാൽ ഒരു തവണ പോലും ഫോൺ ചെയ്യുകയോ മെസേജ് അയക്കുകയോ ഫെയ്സ്ബുക്കിൽ കമന്റിടുകയോ ഒന്നും ഈ പയ്യൻ ചെയ്തിട്ടില്ല. കൂടെ ജോലി ചെയ്യുന്നവരോടും കൂട്ടുകാരോടും ഇവൻ ഇവന്റെ ഇഷ്ടം തുറന്നു പറഞ്ഞ് കൊണ്ടേ ഇരുന്നു ഫെയ്സ്ബുക്കിലെ ഫോട്ടോയിൽ നോക്കി മിഴിച്ചിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയുമാണ്.

രണ്ട് മാസം മുമ്പുള്ള ഒരു ദിവസം, കൊച്ചി, അനിലിന്റെ കൂടെ നാടകത്തിൽ ജോലി ചെയ്യുന്ന അനിത ഫോർട്ട് കൊച്ചി ബസിൽ കയറുന്നു.അനിലിന്റെ ജീവിതത്തിലെ കഥാ നായികയെ നേരിട്ട് കണ്ട്. ആകാംക്ഷ സഹിക്കാനാവാതെ 

അനിത: വനിത അല്ലേ?'

വനിത: എന്നെ അറിയോ?

അനിത: ആ. കുട്ടിയെ ആരെങ്കിലും ശല്യം ചെയ്യാറുണ്ടോ?

വനിത: ആ അനിൽ.

അനിത: അവന്റെ കസിനാ

വനിത: ( ഭാവം മാറുന്നു) മേലാൽ എന്നെ ശല്യം ചെയ്യരുത് എന്ന് പറയണം.അല്ലെങ്കിൽ ഞാൻ അവനെ ശരിയാക്കും. അനിത പിന്നീടൊന്നും സംസാരിക്കാതെ ആ ബസ് യാത്ര കഴിയുന്നു.

ഇന്നലെ അതായത് 17 സെപ്റ്റംബർ.

നഗരത്തിലെ പ്രധാന കോളജിന്റെ ബസ് സ്റ്റോപ്പ്.

അനിത ബസ്സ് കാത്ത് നിൽക്കുകയാണ്.പെട്ടെന്ന് തൊട്ടടുത്ത് വനിത.

അനിത: വനിതയല്ലേ?

വനിത: ആഹാ അറിയില്ല അല്ലേ? എന്ന് ദേഷ്യപ്പെട്ട് കൊണ്ട്  സുഹൃത്തിനെ വിളിച്ച് വരുത്തുന്നു. അനിതയുടെ ചുറ്റും വളഞ്ഞു നിന്നു കയർക്കുന്നു. അനിലിനെ ഇപ്പോൾ വിളിച്ച് വരുത്തണം. അനിത എന്താ ചെയ്യേണ്ടത് എന്നറിയാതെ ആ പയ്യനെ വിളിക്കുന്നു. ബൈക്ക് ഓടിക്കുകയാണ് എന്നു പറഞ്ഞ ആ പയ്യനെ നിർബന്ധിച്ച് വിളിച്ച് വരുത്തുന്നു.15 മിനിട്ടിൽ ആ പയ്യൻ എത്തുമ്പോഴേക്കും വനിതയുടെ മാതാപിതാക്കൾ ഉൾപ്പടെ അവിടെയുണ്ട്.

കച്ചേരിപടി പൊലീസ് സ്‌റ്റേഷനിൽ പ്രതികളായി അനിതയും അനിലും. അനിൽ എന്ന വേട്ടക്കാരൻ, അവന് ഒത്താശ െചയ്യുന്ന അനിത കൂട്ടുപ്രതി. സെക്​ഷൻ 354, 120 lPC.

പൊലീസ് പരാതിക്കാരിയുടെ ഭാഷ്യം പൂർണമായും മുഖവിലയ്ക്കെടുത്തു. പരാതി ഞാൻ കണ്ടില്ല. സിഐ പറഞ്ഞ ഭാഗങ്ങൾ ഇതാണ്.

'അനിതയും അനിലും സ്ഥിരമായി ഒരുമിച്ചാണ് ഈ കുട്ടിയെ ശല്യം ചെയ്യാറ്. 3 തവണ അനിലിന് വേണ്ടി വനിതയോട് സംസാരിച്ചു. ഇന്നലെ കാലത്ത് ബസ് സ്റ്റോപ്പിൽ വച്ച് അനിലിനെന്തോ പറയാനുണ്ട് എന്ന് പറഞ്ഞ് മാറ്റി നിർത്തി സംസാരിക്കാൻ ശ്രമിച്ചു. ഒളിവിൽ മാറി നിന്നിരുന്ന അനിൽ ചാടി മുമ്പിൽ വീണു.'

കാലത്ത് സിഐ എന്നോട് പറയുമ്പോൾ അനിതയോട് വിശദമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ വെച്ച് അനിതയെ കണ്ടപ്പോൾ ഒരു തവണ മാത്രം യാദൃശ്ചികമായി ബസിൽവച്ച് മാത്രമാണ് അവരോട് സംസാരിച്ചത് എന്ന് എന്നോട് പറഞ്ഞു. അപ്പോഴും ഞാൻ വിചാരിക്കുന്നത് ഇവന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചു എന്നാണ്. അതാണ് ഞാൻ എഫ്ബി ലൈവിൽ അങ്ങനെ പറഞ്ഞത്. വൈകിട്ടാണ് വിശദമായി സംസാരിക്കുന്നത്. അപ്പോഴാണ് ഞാൻ മേലെ വിശദീകരിച്ച വിവരങ്ങൾ എന്നോട് അനിത പറയുന്നത്.

വൈകിട്ട് ആ കുട്ടിയെയും കൂട്ടി പൊലീസിനെ കണ്ടു. 354 ചുമത്താൻ കാരണമായ കാര്യങ്ങൾ പൊലീസ് പറഞ്ഞത്.

1. അനിലിന്റെ കസിൻ എന്ന് സ്വയം പരിചയപ്പെടുത്തി.

2. ആദ്യമൊരിക്കൽ താൽപര്യമില്ല എന്ന് പറഞ്ഞിട്ടും ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ അങ്ങോട്ട് കയറി പരിചയം പുതുക്കി.

ഗുരുതരമായ തെറ്റുകൾ അനിയുടെ മേൽ ഉണ്ട്. സ്റ്റേഷൻ ജാമ്യത്തിലാണ്.

പിന്നെ പോലീസ് അനിതയുടെ കാര്യത്തിൽ ഒരിളവ് തന്നിട്ടുണ്ട്. അനിലുമായി വല്ലപ്പോഴും മാത്രമേ കാണാറുള്ളു എന്നും നിരന്തരം ഒരുമിച്ചല്ല എന്നും പ്രൂവ് ചെയ്താൽ രക്ഷയുണ്ട് . 1. മൊബൈലുകൾ ഒരേ ടവറിന്റെ കീഴിലാകരുത്. 2.നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടാകരുത്. 3. ഇന്നലെ കാലത്തെ ഫോൺ ചെയ്ത് വിളിച്ച് വരുത്തിയതാണെന്ന് കാമറയിൽ തെളിയണം. ഇത്രയും കാര്യമുണ്ടെങ്കിൽ അനിതയ്ക്ക് രക്ഷയുണ്ട്.

പക്ഷേ അനിൽ എന്ന പീഡകൻ പെട്ടു. Section 354 and l20 IPC. ക്രിമിനൽ അസോൾട്ട്, പീഡനം തുടങ്ങിയ ഗൗരവമായ വകുപ്പുകൾ അവന്റെ മേൽ ഉണ്ട്. ഇന്നലെ തന്നെ തല്ല് കിട്ടി. ഡ്രഗ്ഗ് അഡിക്ട് അല്ലേ എന്നും ആരെയേലും പ്രേമിക്കാൻ ഇറങ്ങുന്നതിനു മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം എന്നും പൊലീസ് അലറി എന്നാണ് അറിഞ്ഞത്. അതിന് വേറെ വകുപ്പ് ഉണ്ടോ എന്നറിയില്ല.

ഇന്നലെ ഞാൻ ഉണ്ടായിരുന്നത് കൊണ്ട് അനിതയ്ക്ക് തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയാൻ പറ്റി. ടിവി ചാനലിലെ റിപ്പോർട്ടർ എന്റെ കൂടെ സ്റ്റേഷന്റെ പുറത്ത് ഉണ്ടായിരുന്നത് എനിക്ക് ബലമായിരുന്നു താനും. ഏതായാലും പേടിയായിട്ട് വയ്യ!

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലെത്തി മാലാ പാർവതി ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. സെക്​ഷന്‍ 354,120 പ്രകാരമാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സി.ഐ, എസ്.ഐ എന്നിവരെ കണ്ടു സംസാരിച്ചിട്ടും പെണ്‍കുട്ടിയെ വിട്ടയച്ചില്ലെന്നും മാല പാര്‍വതി പറ​ഞ്ഞിരുന്നു. 

related stories