Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തിൽ കുരിശുമായി ജയറാം; അത്ഭുതത്തോടെ നാട്ടുകാർ

jayaram-anwar-1 കൊച്ചി നെടുമ്പാശേരിയിലെ ചടങ്ങില്‍ ജപമാല ധരിച്ചെത്തിയ നടന്‍ ജയറാം. അന്‍വര്‍ സാദത്ത് എംഎല്‍എ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍.

എറണാകുളം നെടുമ്പാശേരിയിൽ ഒരു ചടങ്ങിനിടെ വലിയ കുരിശോടു കൂടിയ ജപമാലയും ധരിച്ചെത്തിയ നടൻ ജയറാമിനെ കണ്ട് എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു. പ്രളയ ദുരിതബാധിതർക്കായി അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പമുണ്ട് നാട് പദ്ധതിയുടെ ഭാഗമായി വീടു നിർമിച്ചു നൽകുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങാണ് രംഗം. പള്ളിയിൽ അച്ചൻമാർ മാത്രം ഇട്ടു കാണാറുള്ള വലിയ തരം ജപമാലയായതിനാൽ എല്ലാവരുടെയും കണ്ണിൽ പെടുകയും ചെയ്തു. ഒപ്പം അൻവർ സാദത്ത് എംഎൽഎയുമുണ്ട്.

ഒരു ക്രിസ്ത്യാനിക്കുള്ള വീടിന്റെ തറക്കല്ലിടൽ ചടങ്ങായതുകൊണ്ട് ജപമാലയിട്ടു പോരാം എന്നു വിചാരിച്ചതല്ലെന്നു പറഞ്ഞ് ജയറാം തന്നെ സസ്പെൻസ് പൊളിച്ചു. ‘‘ഒരു ഷൂട്ടിങ്ങിനിടെയാണ് ഇവിടേയ്ക്കു പോരാൻ വിളിയെത്തിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നതിനാൽ വേഷമൊന്നും മാറ്റാൻ നിന്നില്ല. ചെന്നിട്ടും ഇതേ വേഷത്തിൽ വേണം അഭിനയം. പിന്നെന്തിനു സമയം കളയണം. നേരെ ഇങ്ങു പോന്നു’’ ചിത്രത്തിന്റെ പേരും പറഞ്ഞു ജയറാം. – ലോനപ്പന്റെ മാമോദീസ. ജയറാമിന്റെ തമാശകലർന്ന പ്രസംഗം എല്ലാവരിലും ചിരിപടർത്തി.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനൊപ്പം നായികയായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അന്ന രേഷ്മ രാജനാണ്. ശാന്തികൃഷ്ണയും പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. അലൻസിയർ, ഇന്നസെന്റ്, ഇവ പവിത്രൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളാകുന്നു.

ഒപ്പമുണ്ട് നാട്’ പദ്ധതിക്കൊപ്പം ‘ഒപ്പമുണ്ട് ഞാനും’ എന്ന പിന്തുണയുമായാണ് ജയറാം എത്തിയത്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി വാളയപ്പുറത്താണ് ‘ഒപ്പമുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായ ആദ്യ വീടിന്‍െറ തറക്കില്ലടല്‍ ഉദ്ഘാടനം ചെയ്ത് സഹായ സന്നദ്ധതയുമായി ജയറാം രംഗത്തെത്തിയത്. പ്രളയത്തിൽ വീട് നഷ്ടമായ നെടുമ്പാശ്ശേരി പഞ്ചായത്ത് 14ാം വാര്‍ഡിലെ പുളിക്കത്തറ ജോസിന്‍െറ കുടുംബത്തിന്നാണ് ‘ഒപ്പമുണ്ട് നാട്’ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം ചെലവില്‍ 503 സ്ക്വയര്‍ഫിറ്റ് വിസ്ത്രിതിയിലാണ് വീട് നിർമാണം.