വരത്തന്‍ കോപ്പിയോ; മറുപടിയുമായി അമലും ഫഹദും

വരത്തൻ കോപ്പിയടിയല്ലെന്ന് സംവിധായകൻ അമൽ നീര‌ദും നായകൻ ഫഹദ് ഫാസിലും. രണ്ടു രണ്ട് സിനിമയാണെന്നും കോപ്പിയടി ആരോപണത്തിൽ കഴമ്പില്ലെന്നും ഇരുവരും പറഞ്ഞു. 1971ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്ട്രോ ഡോഗ്സിന്റെ റീമേക്ക് ആണ് വരത്തൻ എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. 

ആരോപണത്തെക്കുറിച്ച് അമൽ നീരദ് പറയുന്നതിങ്ങനെ; ''സ്ട്രോ ഡോഗ്സ് സ്വാധീനിച്ചിട്ടുണ്ട്, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാൽ ആ സിനിമയാണോ ഈ സിനിമയാണോ എന്നുചോദിച്ചാൽ അല്ല. സാം പെക്കിൻപായെന്ന സംവിധായകന്റെ വലിയ ആരാധകനാണ് ഞാൻ. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയയാളാണ് സാം പെക്കിൻപാ. എന്റെ സിനിമയുടെ പേരിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്.''

സ്ട്രോ ഡോഗ്സ് കണ്ടവർക്ക് സത്യമറിയാമെന്ന് ഫഹദ് പറഞ്ഞു. സ്ട്രോ ഡോഗ്സിന്റെ ഇമോഷന് വരത്തന്റെ ഇമോഷനുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും. വരത്തൻ തന്നെ മൂന്നുവർഷം കഴിഞ്ഞ് വേറൊരു തരത്തിൽ ചെയ്യാൻ കഴിയും. ഈ വിഷയത്തിൽ തർക്കിക്കാൻ താത്പര്യമില്ലെന്നും ഫഹദ് പറഞ്ഞു. മനോരമ ന്യൂസിന്റെ വരവറിയിച്ച് വരത്തൻ പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം.