Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദിയിൽ ദീപിക, മലയാളത്തിൽ പാർവതി

parvathy-acid-atack

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി മലയാളത്തിലും ഹിന്ദിയിലും സിനിമ ഒരുങ്ങുന്നു. മലയാളത്തിൽ പാർവതി നായികയാകുമ്പോൾ ഹിന്ദിയിൽ ദീപിക പദുക്കോൺ പ്രധാനവേഷത്തിൽ എത്തുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ടൈറ്റില്‍ റോളിൽ‍ ദീപിക എത്തുന്നത്. തൽവാർ, റാസി തുടങ്ങിയ മികച്ച ചിത്രങ്ങളൊരുക്കിയ മേഘന ഗുല്‍സാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിലും ദീപിക പങ്കുവഹിക്കുന്നുണ്ട്. 

മലയാളത്തിൽ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നവംബർ 10 ന്‌ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രമായാണ്‌ പാർവതി അഭിനയിക്കുന്നത്‌. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളികൾക്ക്‌ ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി സഞ്ജയ് ആണ്. ഇരുവരുടെയും ആത്മസുഹൃത്തായിരുന്ന രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളാണ്‌ സ്ഥലങ്ങളിൽ ചിത്രീകരിക്കും. ആഗ്രയിലെ Sheroes (ഷീറോസ്) പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. കല്പക ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ പറയുന്നു.