Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നെന്തേ മിണ്ടിയില്ല; താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്ന് കരുതിയോ: അഞ്ജലിക്കെതിരെ ബൈജു കൊട്ടാരക്കര

anjali-baiju

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു എന്ന് മലയാള സിനിമാ ലോകത്തോട് ചോദിച്ച സംവിധായിക അഞ്ജലി മേനോനോട് മറു ചോദ്യവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടനകള്‍ മൗനം പാലിച്ചു നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ലെന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്രസമ്മേളനം നടത്തി സിനിമാ മേഖലയില്‍ നിന്നുള്ള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്നുമുതല്‍ അവള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോള്‍ മീ ടൂ വിനെ പിന്തുണയ്ക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബൈജു ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്.'

ബൈജുവിന്റെ കുറിപ്പ് വായിക്കാം–

അഞ്ജലി മേനോന് ഒരു മറുപടി–നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടനകള്‍ മൗനം പാലിച്ചു നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. 

അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ, ഇപ്പൊ 20 വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ്, എന്നിട്ട് നാണമില്ലേ. താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം.–ബൈജു പറഞ്ഞു.

15 വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചതെന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബൈയിലെ സിനിമാ സംഘടനകള്‍. മീ ടൂ ക്യാമ്പയിനില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്. എന്നാല്‍ നടിയെ ആക്രമിക്കപ്പെട്ട കേസിൽ വാക്കുകളിലൂടെ നൽകിയ  പിന്തുണ പ്രവർത്തിയിൽ കാണുന്നില്ലെന്നും ഇത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നായിരുന്നു അഞ്ജലി ബ്ലോഗിലൂടെ തുറന്നടിച്ചത്.

related stories