Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുചരിത്രമെഴുതി കോളിവുഡ്, തമിഴ് സിനിമക്കൊരു ഓ പോട്...

ratsasan-96-vada-chennai

ഇന്ത്യയിലെ ഏറ്റവും മികച്ച ഫീച്ചർ സിനിമകൾ പിറവിയെടുക്കുന്നത് ബംഗാളി, മലയാളം ഭാഷകളിൽ നിന്നാണെന്ന് ഊറ്റം കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. തമിഴ് സിനിമകൾ കണ്ടു കയ്യടിക്കുമ്പോഴും അവിടുത്തെ ചലച്ചിത്ര ആസ്വാദകർ താര ആരാധനക്കാരണെന്നും സിനിമകൾ കേവലം മാസാല എന്റർടെയ്നറുകളാണെന്നും വിമർശിക്കാനും പരിഹസിക്കാനും നമ്മൾ ഒട്ടും പിശുക്ക് കാണിക്കാറുമില്ല. കാലം മാറി ഇതര ഭാഷ ചിത്രങ്ങളോട് മത്സരിച്ച് മലയാള സിനിമ കിതക്കുമ്പോൾ തമിഴ് സിനിമ മത്സരിക്കുന്നത് ലോക സിനിമയോട് തന്നെയാണ്. 

കച്ചവടമൂല്യത്തിനൊപ്പം കാലമൂല്യവും വൈവിധ്യവും രാഷ്ട്രീയ ശരികളുമുള്ള എണ്ണം പറഞ്ഞ സിനിമകളാണ് തമിഴകത്തിന്റെ പരീക്ഷണശാലയിൽ നിന്ന് ഓരോ വർഷവും പിറന്നു വീഴുന്നത്. 

റാമിന്റെയും ജാനുവിന്റെ വിശുദ്ധ പ്രണയത്തിന്റെ കഥ പറഞ്ഞ 96, ഓരോ സെക്കൻഡിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ഹൊറർ സൈക്കളോജിക്കൽ ത്രില്ലർ രാക്ഷസൻ, വെട്രിമാരൻ-ധനുഷ് ടീമിന്റെ ക്ലാസിക്ക് റിയലിസറ്റിക്ക് ഗ്യാങ്സ്റ്റർ ചിത്രം വടചെന്നൈ, പ്രമേയം കൊണ്ടും ആവിഷ്കാരം കൊണ്ടും പ്രേക്ഷകരുടെ ഉള്ളു പൊള്ളിച്ച പരിയേറും പെരുമാൾ അങ്ങനെ നീളുന്നു 2018 ലെ തമിഴ് സിനിമയുടെ ജൈത്രയാത്ര. 

ഇത്തവണത്തെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം കണ്ടെത്തിയ സുഡാനി ഫ്രം നൈജീരിയയും ‘ഈമയൗ' സിനിമകൾ മാറ്റിനിർത്തിയാൽ രാജ്യാന്തര നിലവാരം പുലർത്തുന്ന ഒരു സിനിമ പോലും മലയാളത്തിൽ നിന്ന് 2018 ൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. മലയാളസിനിമാലോകത്ത് ദിനംപ്രതി അന്തർനാടകങ്ങൾ അരങ്ങേറുമ്പോൾ തമിഴൻ കാമ്പും കാതലും നിലപാടുമുള്ള സിനിമകളുടെ പണിപ്പുരയിലായിരുന്നു. 

ജാതിവെറിക്കുമേൽ മാരി സെൽവരാജിന്റെ അശ്വമേധം

തമിഴകത്തെ മാത്രമല്ല 'പരിയേറും പെരുമാൾ BA, BL'  ഈ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമ കൂടിയാണ്. ഇന്ത്യൻ വ്യവസ്ഥയിൽ കാൻസർ പോലെ ഇറുക്കി പിടിച്ചിരിക്കുന്ന ജാതിവ്യവസ്ഥയേയും ദുരഭിമാന കൊലയെയുമൊക്കെയാണ് ചിത്രം പ്രശ്നവത്ക്കരിക്കുന്നത്.  മാരി സെൽവരാജ് എന്ന നവാഗത സംവിധായകന് സിനിമ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അതുകൊണ്ടു തന്നെ സമകാലിക രാഷ്ട്രീയ - സാമൂഹിക വ്യവസ്ഥകളോടുള്ള കലഹവും പ്രതിഷേധവും പ്രതിരോധവുമാകുന്നു പരിയേറും പെരുമാൾ. 

Pariyerum Perumal Trailer | Kathir, Anandhi | Santhosh Narayanan | Pa Ranjith | Mari Selvaraj

ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ പാ. രഞ്ജിത്തിന് തീർച്ചയായും ഈ സിനിമ നല്ലൊരു പാഠപുസ്തകമാണ്. രഞ്ജിത്തിന്റെ രാഷ്ട്രീയം പറച്ചിൽ കേവലം ചില സംഭാഷണങ്ങളിലും രംഗങ്ങളിലും ഒതുങ്ങിയിരുന്നു. കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ കാലാ പോലും രജനികാന്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമിതിക്ക് പുറത്തേക്ക് വളർന്നിരുന്നില്ല. 

‘കാക്കമുട്ടൈ', 'ആണ്ടവൻ കട്ടളൈ', ‘വിസാരണൈ' എന്നീ ചിത്രങ്ങൾക്കു ശേഷം ഏറ്റവും മനോഹരമായി രാഷ്ട്രീയം പറയുന്ന സിനിമയാണ് 'പരിയേറും പെരുമാൾ'. കേവലം ശാക്തീകരണ മുദ്രവാക്യങ്ങളിൽ അല്ല മറിച്ച് സിനിമയെന്ന മാധ്യമത്തെ എങ്ങനെ ഒരു രാഷ്ട്രീയ അനുഭവമാക്കി മാറ്റാൻ കഴിയുന്നു എന്നിടത്താണ് മാരി സെൽവരാജ് സ്കോർ ചെയ്യുന്നത്. റിയലസ്റ്റിക്ക് കഥാപരിസരങ്ങളിലൂടെയാണ് മാരി സെൽവരാജ് പെരുമാളിനെ പായിക്കുന്നത്. ഇന്ത്യൻ ദളിത് ജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് ഈ ചിത്രം. 

"നീങ്കെ നീങ്കളാ ഇരുക്കിരെ വരക്കും 

നാൻ നായതാ ഇരുക്കനോം എതിർപാർക്കെ വരക്കും ഇങ്കെ എതുവുമേ മാരെലേ, അപ്പടിയതാ ഇരുക്കും” എന്ന ഒറ്റ സംഭാഷണത്തിൽ സംവിധായകൻ സിനിമയുടെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു. ‘കറുപ്പി'യെന്ന നായയുടെ മരണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. സിനിമ അവസാനിച്ച് പുറത്ത് ഇറങ്ങുമ്പോഴും കറുപ്പി നമ്മളെ പിന്തുടരുന്നുണ്ട്. ‘വേട്ട', ‘വേട്ടയാടൽ’ എന്നീ ബിംബങ്ങളെ ചിത്രത്തിൽ ഉടനീളം സംവിധായകൻ പ്രശ്നവത്ക്കരിക്കുന്നുണ്ട്.  

പച്ചയായ ജീവിതത്തിനുമേൽ 'വെട്രി' കൊടി നാട്ടുമ്പോൾ

സമകാലിക തമിഴ് സിനിമയിലെ ഏറ്റവും ശക്തമയ കൂട്ടുകെട്ടാണ് വെട്രിമാരൻ - ധനുഷ് ടീം. ഇരുവരും സംവിധായകനും അഭിനേതാവുമായി ഒന്നിക്കുന്ന സിനിമകൾ മാത്രമല്ല നിർമാണ പങ്കാളികളാകുന്ന സിനിമകളും തമിഴകത്തിന്റെ പ്രതീക്ഷയാണ്. വെട്രി- ധനുഷ് ടീമിന്റെ ഗ്യാങ്സ്റ്റർ ത്രയത്തിലെ ആദ്യഭാഗമാണ് വടചെന്നൈ. ഹോളിവുഡ് ചിത്രം ഗോഡ് ഫാദറിന്റെ പിറവി മുതൽ ആ ചിത്രത്തിൽ നിന്ന് പ്രചോദിതമായ ഒട്ടേറെ ഗ്യാങ്സ്റ്റർ സിനിമകൾ തമിഴകത്തും ഇതര ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇത്തരം മുൻ മാതൃകകളുടെ ഹാങ് ഓവറുണ്ടെങ്കിലും അതിനെയെല്ലാം മൗലികത കൊണ്ട് മറികടക്കുന്നിടത്താണ് വെട്രിമാരന്റെ വടചെന്നൈയുടെ വിജയം. 

VADACHENNAI - Official Teaser (Tamil) | Dhanush | Vetri Maaran

കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും അത്രമേൽ സ്വാഭാവികമായി അനുഭവപ്പെടുത്താൻ സിനിമക്കു കഴിയുന്നുണ്ട്. നഗര നിർമ്മിതിക്കു വേണ്ടി ബലികൊടുക്കപ്പെടുകയും പടിയിറക്കപ്പെടുകയും ചെയ്യുന്ന, പാർശ്വവത്ക്കരിക്കപ്പെടുന്ന ജനതയുടെ കഥ തന്നെയാണ് വടചെന്നൈയും പങ്കുവെക്കുന്നത്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ട്രാക്കിലൂടെ കഥ പറയുന്ന സിനിമയിലെ ഓരോ കഥാപാത്രവും ഒന്നിനൊന്നും മികച്ചതാണ്. കാരം ബോർഡ് പ്ലേയറായ ‘അൻപെന്ന' ധനുഷിന്റെ കഥാപാത്രം അപ്രതീക്ഷിത നീക്കങ്ങളിലൂടെ വിസ്മയം തീർക്കുന്നു. 

അമീർ സുൽത്താൻ, സമുദ്രകനി, ഡാനിയെൽ ബാലാജി, കിഷോർ, ഐശ്വര്യ രാജേഷ് എന്നിവർ മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. എന്നാൽ സിനിമയുടെ ന്യൂക്ലിയസ് ആൻഡ്രിയ ജെറമിയയുടെ ചന്ദ്ര എന്ന കഥാപാത്രമാണ്. സമീപകാല തമിഴ് സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ സാനിധ്യമാണ് ചന്ദ്ര. നോൺ ലീനിയർ ശൈലിയിൽ കഥ പറയുന്ന ചിത്രം പത്മയുടെയും അൻപിന്റെയും ഹൃദ്യമായ പ്രണയകാഴ്ചകളിലൂടെയും അസ്വസ്ഥമാക്കുന്ന ഗ്യാങ്സ്റ്റർവാറുകളുടെ രക്തചരിതത്തിലൂടെയുമാണ് മുന്നോട്ട് നീങ്ങുന്നത്. അനിശ്ചിതത്വം നിറയ്ക്കുന്ന ആദ്യഭാഗം വടചെന്നൈ ജീവിതത്തിന്റെ ആമുഖമായി തിരശീല താഴ്ത്തുമ്പോൾ രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ പ്രേക്ഷകർക്ക് ഉള്ളിൽ നിറച്ചാണ് വെട്രിമാരൻ ക്യാമറ താഴ്ത്തുന്നത്. 

പിയാനോയിൽ നിന്ന് ഉയരുന്ന രാക്ഷസ സംഗീതം സിൽവർ സ്ക്രീനിലെ കൺകെട്ട്...

തമിഴിലെ എണ്ണം പറഞ്ഞ സൈക്കളോജിക്കൽ ത്രില്ലർ സിനിമകളുടെ ശ്രേണിയിലേക്കാണ്  രാം കുമാറിന്റെ ‘രാക്ഷസൻ' പേര് എഴുതി ചേർക്കുന്നത്. മീടു വിവാദത്തിൽ കുടുങ്ങി കിടക്കുന്ന അർജ്ജുന്റെ നിപുണൻ ഉൾപ്പടെ ഒട്ടേറെ സൈക്കളോജിക്കൽ ത്രില്ലർ സിനിമകൾ ഇതിനോടകം തമിഴിലും ഇതരഭാഷകളിലും വന്നിട്ടുണ്ട്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ സംവിധായകൻ പുലർത്തുന്ന കയ്യടക്കം തന്നെയാണ് മറ്റു ത്രില്ലർ സിനിമകളിൽ നിന്ന് രാക്ഷസനെ വ്യത്യസ്തമാക്കുന്നത്. 

Ratsasan - Trailer | Vishnu Vishal | Amala Paul | Ghibran | Ramkumar | G.Dilli Babu

അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പ്രവചിക്കാൻ കഴിയാത്തത്ര സങ്കീർണമായും ചടുലതയോടെയുമാണ് സിനിമയുടെ ആഖ്യാനം. ജിബ്രാന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം മറ്റൊരു കഥാപാത്രമായി തന്നെ വികസിക്കുമ്പോൾ രാക്ഷസൻ സമീപകാലത്തെ ഏറ്റവും മികച്ച തിയറ്റർ അനുഭവമായി മാറുന്നു. പിയാനോയിൽ നിന്ന് ഒഴുകിയെത്തുന്ന നിഗൂഢ സംഗീത പ്രേക്ഷകർക്കും കഥാപാത്രങ്ങൾക്കുമിടയിൽ കൺകെട്ട് തീർക്കുന്നു.

ഒരു ഹോളിവുഡ് സിനിമയോട് എല്ലാ മേഖലകളിലും കിടപിടിക്കാൻ കഴിയുന്നത്രയും സാങ്കേതിക തികവോടെയാണ് രാക്ഷസൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ ദൃശ്യ-ശ്രവ്യ സാധ്യതകളെ രാക്ഷസൻ അത്രയേറെ പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുറ്റവാളികളെ സൃഷ്ടിക്കുന്നതിൽ സാമൂഹിക മനോഭാവങ്ങൾക്കുള്ള പങ്കിനെയും സിനിമ പ്രശ്നവത്ക്കരിക്കുന്നുണ്ട്. കച്ചവട സിനിമയുടെ സാധ്യതകളെ ചൂഷണം ചെയ്യുമ്പോഴും കലാപരമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചകൾക്കും സിനിമ തയാറാകുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. 

റാമിന്റെയും ജാനുവിന്റെയും പ്രണയ സങ്കീർത്തനങ്ങൾ 

സി. പ്രേം കുമാർ സിനിമ 96 തമിഴകത്തെ ഏറ്റവും മികച്ച പ്രണയ സിനിമ ക്ലാസിക്കുകളിലൊന്നായി ചരിത്രത്തിൽ ഇടം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. പതിനായിരം തവണ പറഞ്ഞു പഴകിയ പ്രണയത്തെ സൗഹൃദത്തെ ഗൃഹാതുരത്വത്തെ വ്യത്യസ്തമായൊരു അനുഭവമാക്കി മാറ്റുന്നു 96 എന്ന ചലച്ചിത്ര കാവ്യം. മലയാളിയായ ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും 96നെ ഒരു മ്യൂസിക്കൽ ലൗവ് സ്റ്റോറിയായി ഉയർത്തുന്നു. 

96 Trailer | Vijay Sethupathi, Trisha | Madras Enterprises

വിജയ്  സേതുപതി, തൃഷ കൃഷ്ണൻ എന്നിവരുടെ സ്വാഭാവികത നിറഞ്ഞ അഭിനയ മൂഹൂർത്തങ്ങൾ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. നഗരജീവിതത്തിന്റെ രാത്രി കാഴ്ചകളിലൂടെ വർത്തമാനകാലത്തിന്റെ കഥ പറയുകയും തഞ്ചാവൂരിലെ പഴയ സ്കൂൾ വരാന്തയിലേക്ക് ക്യാമറ തിരിച്ച് പിടിച്ച് ഭൂതകാലകാഴ്ചകളിലേക്ക് ഫ്ലാഷ് അടിക്കുകയും ചെയ്യുന്ന ചിത്രം ജൈവികമായൊരു അനുഭൂതി പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ഗൗരി ജി. കിഷൻ, ആദിത്യ ഭാസ്ക്കർ എന്നിവർ യഥാക്രമം കുട്ടിജാനുവിനയും കുട്ടിറാമിനെയും അവീസ്മരണീയമാക്കുമ്പോൾ ദേവദർശിനിയും ഭഗവതി പെരുമാളും മികച്ച സഹ താരങ്ങളായും കളം നിറയുന്നു. 

96, രാക്ഷസൻ, വടചെന്നൈ, പരിയേറും പെരുമാൾ എന്നീ സിനിമകളെല്ലാം വ്യത്യസ്ത ഗണത്തിൽപ്പെടുന്ന സിനിമകളാണ്. ആഖ്യാനത്തിലും പ്രേമയത്തിലും കഥാപാത്രനിർമ്മിതിയിൽ പോലും വൈവിധ്യം പ്രകടിപ്പിക്കുമ്പോഴും ഒരേ സമയം നിരൂപക പ്രശംസ നേടാനും ബോക്സോഫിസിൽ ചലനം സൃഷ്ടിക്കാനും ഈ സിനിമകൾക്കെല്ലാം കഴിഞ്ഞിട്ടുണ്ട്. 

സിനിമയെന്ന വ്യവസായത്തിന്റെ സാധ്യതകളെ പരാമവാധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മികച്ച നിലവാരത്തോടെ കലാമൂല്യത്തോടെ തങ്ങളുടെ സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനും ഈ യുവ സംവിധായകർ ജാഗ്രത പുലർത്തുന്നുണ്ട്. വിദേശ സിനിമകളാണ് പലപ്പോഴും ഇത്തരം സംവിധായകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പ്രചോദനത്തിനപ്പുറത്ത് ഓരോ സിനിമകളും അവരുടെ സ്വന്തമായ ഐഡന്റിറ്റി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. 

കല, കച്ചവടം, സാങ്കേതിക തികവ്, രാഷ്ട്രീയ ശരികൾ തുടങ്ങി എല്ലാ ഘടകങ്ങളെയും കൂട്ടിയിണക്കാൻ കഴിയുന്നു എന്നതും തമിഴകത്തിന്റെ സവിശേഷതയാണ്. തമിഴ് സിനിമ മത്സരിക്കുന്നത് ഇന്ത്യയിലെ ഇതര ഭാഷകളോടല്ല രാജ്യന്തര നിലവാരമുള്ള ലോക സിനിമയോടാണ്. തമിഴ് സിനിമക്ക് നീട്ടിയൊരു ഓ പോട്….