ചാക്കോച്ചന്റെ പിറന്നാൾ; കുരുന്നുകൾക്ക് സ്വർണം നൽകി ചാക്കോച്ചൻ ലൗവേഴ്‌സ്

മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടിന് ജനിച്ച കണ്‍മണികൾക്ക് സ്വർണ സമ്മാനം നൽകി ആരാധകർ‍. ചാക്കോച്ചന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് സര്‍ക്കാരാശുപത്രികളില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് സ്വര്‍ണമോതിരം സമ്മാനമായി ചാക്കോച്ചന്‍ ലൗവേഴ്സ് നല്‍കിയത്.

പരിപാടിയുടെ ഉദ്ഘാടനം എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽവെച്ച് തിരക്കഥാകൃത്ത് ഹരി പി. നായർ നിർവഹിച്ചു. ചാക്കോച്ചൻ ലൗവേർസ് ടീമും ആശുപത്രിയിൽ ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്റെ സ്നേഹിതർ ചേർന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചൻ ലൗവേഴ്‌സ്. 

‘ഈ വർഷം ചാക്കോച്ചന്റെ പിറന്നാൾ എങ്ങനെ കൂടുതൽ സന്തോഷകരമായി നടത്താം എന്ന ആലോചനയിലാണ് ഇങ്ങനെ ഒരു പരിപാടി തീരുമാനിക്കപ്പെട്ടത്. പതിവ് പോലെ രക്ത ദാനം, തെരുവിൽ സൗജന്യ ഭക്ഷണം, അനാഥാലയം സന്ദർശനം എന്നീ പരിപാടികൾക്കു പുറമെ ചാക്കോച്ചൻ ജനിച്ച ദിവസമായ നവംബർ 2ന് കേരളത്തിൽ അങ്ങോളം ഉള്ള സർക്കാർ ആശുപത്രിയിൽ ജനിച്ചു വീഴുന്ന ഒരോ പൊന്നോമനയ്ക്കും ഒരു സ്വർണസമ്മാനം നൽണണം എന്ന ഒരു തീരുമാനം ഉണ്ടായി.’–ചാക്കോച്ചൻ ലൗവേഴ്സ് പറഞ്ഞു.