നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി അന്തരിച്ചു

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി (90) ചെന്നൈയിൽ നിര്യാതയായി. കോഴിക്കോട് സ്വദേശിനിയാണ്. ഏറെനാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം, ഇന്ന് വൈകിട്ട് 3 മണിയ്ക്ക് ചൈന്നൈ ബസന്ത് നഗറിൽ. പ്രശസ്ത സംവിധായകന്‍മാരായ ജി.അരവിന്ദന്‍, ഷാജി എന്‍.കരുണ്‍ എന്നിവരുടെ സിനിമകളിലൂടെ ശ്രദ്ധേയയായിരുന്നു ലക്ഷ്മി കൃഷ്ണ മൂർത്തി. 

ആകാശവാണിയിൽ ആയിരുന്നു ആദ്യജോലി. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റുമായിരുന്നു. പിന്നീട് മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ലക്ഷ്മി കൃഷ്ണ മൂർത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അവരുടെ വള്ളുവനാടൻ ഭാഷ കലർന്ന സംസാരശൈലിയും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി.

പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. പിന്നീട് രണ്ടു വർഷത്തിനു ശേഷം പിറവിയിൽ അഭിനയിച്ചു. വാസ്തുഹാര, തൂവൽക്കൊട്ടാരം, ഈ പുഴയും നടന്ന്, കളിയൂഞ്ഞാല്‍, അനന്തഭദ്രം, വിസ്മയം, പട്ടാഭിഷേകം, പൊന്തൻമാട, സാഗരം സാക്ഷി, വിഷ്ണു, മല്ലുസിംഗ്, സന്തോഷ് ശിവന്റെ ബിഫോർ ദ റെയിൻസ്, കന്നട ചിത്രം സംസ്കാരം, മണിരത്നം ചിത്രം കന്നത്തിൽ മുത്തമിട്ടാൽ എന്നിവ പ്രധാനസിനിമകളാണ്.  ഇരുപതോളം ചിത്രങ്ങളിലും അത്ര തന്നെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.