Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിങ്ങള്‍ കേരളത്തില്‍ നിന്നല്ലേ..?’; മലയാളി സംവിധായകന് ഗോവയില്‍ അധിക്ഷേപം

kamal-km-iffi

ഗോവയിലെ രാജ്യാന്ത ചലച്ചിത്രമേളയിൽ മലയാളി സംവിധായകനെ അധിക്ഷേപിച്ചതായി പരാതി. സംവിധായകൻ കമൽ കെ.എം. ആണ് അധിക്ഷേപത്തിനിരയായതായി ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് സംവിധായകൻ പറയുന്നതിങ്ങനെ: ഇന്ന് ഉച്ചയ്ക്ക് 12.15നു പ്രദർശിപ്പിച്ച 'ദ് ഗിൽറ്റി' എന്ന ചിത്രം കാണാൻ ഞങ്ങൾ ക്യൂ നിൽക്കുകയായിരുന്നു. ഒരു മണിയായിട്ടും ഞങ്ങളെ സിനിമ കാണാൻ കയറ്റിയില്ല. ടിക്കറ്റെടുത്ത പകുതിപ്പേരും പുറത്തുനിൽക്കെ പ്രദർശനം തുടങ്ങി. ഞങ്ങളിത് വോളണ്ടിയര്‍മാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ പൊലീസ് ഓഫീസർ ഉത്തരാഖണ്ഡ് റാവു ദേശായിയും മേളയുടെ വൈസ് ചെയർമാൻ രാജേന്ദ്ര തലാഖും അവിടേക്ക് എത്തി.

രാജേന്ദ്ര തലാഖ് അവിടെ ക്യൂവിൽ നിന്നിരുന്ന സ്ത്രീകളോട് മോശം ഭാഷയിൽ സംസാരിച്ചു. നിങ്ങൾ താമസിച്ച് എത്തിയതുകൊണ്ടാണ് പ്രവേശിപ്പിക്കാത്തതെന്ന് പറഞ്ഞു. ഇതുകേട്ടിട്ട് മിണ്ടാതിരിക്കാനായില്ല. ഞങ്ങളിവിടെ നാൽപ്പത്തിയഞ്ചുമിനുട്ടായി കാത്തുനിൽക്കുകയാണ്. ഞങ്ങൾ താമസിച്ചെന്ന ആരോപണം ശരിയല്ലെന്ന് ഞാൻ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽവെച്ച് പറഞ്ഞു. ഇത് കേട്ടയുടൻ രാജേന്ദ്ര തലാഖ് ‘നിങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് എനിക്കറിയാം, നിങ്ങൾ മര്യാദയ്ക്ക് തിരിച്ചുപോകണം.’ എന്ന് പറഞ്ഞു. ഇത്രയും ജനങ്ങൾ കൂടിനിൽക്കുമ്പോൾ മേളയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നും ഇത്തരമൊരു പ്രതീകരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇവർക്ക് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ ധൈര്യം വരുന്നു.

ഏതായാലും സംഭവം ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ഇതിന് മുമ്പ് എന്റെ സിനിമ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചുണ്ട്. എന്നെ സെലക്ഷൻ കമ്മിറ്റിയിലേക്ക് കഴിഞ്ഞവർഷം തിരഞ്ഞെടുത്തതുമാണ്. എന്നിട്ടും ഇങ്ങനെയൊരു അധിക്ഷേപം നേരിട്ടതിൽ ഖേദമുണ്ട്. സിഇഒ അമേയ അഭയങ്കറിനോട് ഞാൻ പരാതി പറഞ്ഞു. ചലച്ചിത്രമേളയുടെ പേരിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതായാലും എഴുതി തയാറാക്കിയ പരാതിയും നൽകിയിട്ടുണ്ട്. നാളെ ഉച്ചയാകുമ്പോഴേക്കും വ്യക്തമായ സമാധാനം ഉണ്ടാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. 

related stories