സര്‍പ്രൈസുമായി 96ലെ ആ ഡിലീറ്റഡ് സീന്‍ പുറത്ത്

മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. റിലീസ് ചെയ്തിടത്തെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തൻ ആവിഷ്കാരത്തിന് ജനം നൽകിയത് വൻകയ്യടികളാണ്. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു സീൻ. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്. 

റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമാണ് സിനിമയില്‍ ഇല്ലാ‍ഞ്ഞിട്ടും ഇപ്പോള്‍ വൈറലാകുന്നത്. സമയദൈർഘ്യം മൂലം വെട്ടിമാറ്റിയത്. ഇപ്പോഴിതാ ആ മനോഹര സീൻ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിതാക്കള്‍ നൽകാൻ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നിൽ ജാനുവിനെ എത്തിക്കുന്നതാണ് ഇൗ കഥാസന്ദർഭം. എസ്.ജാനകി സിനിമയിൽ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

സീനില്‍ മനോഹരമായി ഈ ഇതിഹാസ ഗായിക അഭിനയിക്കുന്നുമുണ്ട്. ജാനകിയമ്മ അഭിനയിച്ചിട്ടും ആ വിവരം എങ്ങനെ രഹസ്യമായി സൂക്ഷിക്കപ്പെട്ടു എന്നതും അദ്ഭുതം പകരുന്നു. ‌

സമ്മിശ്ര പ്രതികരണമാണ് രംഗത്തിനു ലഭിക്കുന്നത്. ഒരുവിഭാഗം ഈ രംഗം ഒഴിവാക്കിയത് നന്നായെന്നുപറയുമ്പോൾ മറ്റൊരു വിഭാഗം അതിനെ എതിർക്കുന്നു. എന്നിരുന്നാലും ജാനുവും റാമും വീണ്ടും പ്രേക്ഷകർക്കിടയില്‍ തരംഗമാകുകയാണ്.