പാക്ക് നെഞ്ചിൽ മിന്നലായ ആ ‘സർജിക്കൽ സ്ട്രൈക്ക്’ ഇനി സിനിമ; ‘ഉറി’ ട്രെയിലർ

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘ഉറി’ ട്രെയിലര്‍ എത്തി. നവാഗതനായ ആദിത്യ ധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ പ്രധാനവേഷത്തിൽ എത്തുന്നു

യാമി ഗൗതം, കൃതി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം അടുത്തവർഷം ജനുവരി 11ന് തിയറ്ററുകളിലെത്തും.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം.

എന്നാൽ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ ‘പ്രതികാരത്തിൽ’ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്.

മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളിയേറിയതെന്നു പിന്നീട് കമാൻഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റാൽ ഒരാളെ പോലും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തയാറെടുപ്പുകൾ. ഭീകര കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ആദ്യം അറിയാതിരുന്ന പാക് സേന അപകടം തിരിച്ചറിഞ്ഞതോടെ  ഇന്ത്യൻ സംഘത്തിനു നേരെ നിരന്തരം വെടിയുതിർത്തു. മടക്കവഴിയിൽ തുറസ്സായ 60 മീറ്റർ ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടിവന്നു.

ചുറ്റിനും വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെ മൂളിച്ചകൾക്കിടയിലായിരുന്നു കമാൻഡോകൾ ഓരോ ഇഞ്ചും ഇഴഞ്ഞുനീങ്ങിയത്. കുഴിബോംബ് സ്ഫോടനത്തിൽ ഒരു കമാൻഡോയ്ക്കു മാത്രം കാലിനു ഗുരുതര പരുക്കേറ്റു. ശേഷിച്ചവർ സുരക്ഷിതരായി അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും ചെയ്തു. സെപ്റ്റംബർ28ന് അർധരാത്രി ആരംഭിച്ച്  29നു രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ വിജയം.