പഫ്സ് ഇനിയും കഴിക്കും; പക്ഷേ ഒരു കാര്യം നോക്കുമെന്ന് അനുശ്രീ

തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയിൽ നിന്നും പഫ്സ് കഴിച്ച് പണികിട്ടിയ അനുശ്രീ അതേപണി തിരിച്ചുകൊടുത്ത് കൈയടി നേടിയ താരമാണ്. ഭക്ഷണസാധനങ്ങളുടെ തീവില സോഷ്യൽമീഡിയയിലൂടെ ചൂണ്ടിക്കാട്ടിയ അനുശ്രീയുടെ പരാതിയെ തുടര്‍ന്ന് കോഫീഷോപ്പിനെതിരെ നടപടി എടുത്തിരുന്നു.

ഇതേ തുടർന്ന് സോഷ്യൽമീഡിയയിൽ പഫ്സ് ട്രോളുകളും സജീവമായി. ഈ സംഭവത്തെ തുടർന്ന് ആരാധകർക്കൊരു സംശയം കൂടി ഉണ്ടായിരുന്നു. അനുശ്രീ ഇനിയും അവിടെ നിന്നും പഫ്സ് വാങ്ങി കഴിക്കുമോ എന്ന്. അതിനുളള ഉത്തരം നടി തന്നെ പറയുന്നു...

എന്നും പഫ്സ് കഴിക്കുന്ന ആളല്ലെന്നും പക്ഷേ വിമാനത്താവളത്തിൽ ചെല്ലുമ്പോൾ ഇനിയും പഫ്സ് വാങ്ങുമെന്നും പക്ഷേ അതിന്റെ തുക കൃത്യമായി നോക്കിയിട്ട് മാത്രമേ കഴിക്കൂ എന്നും അനുശ്രീ പറഞ്ഞു. ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ ആരാധകർക്ക് മുന്നിലെത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം.

അടുത്ത ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും കഥകൾ കേട്ടുവരികയാണെന്നും അനുശ്രീ പറയുന്നു. സീരിയൽ നടനായ റെയ്ജനൊപ്പം വന്ന പ്രണയവാർത്തകളെക്കുറിച്ചും അനുശ്രീ പ്രതികരിക്കുകയുണ്ടായി.

റെയ്ജൻ, രാഹുൽ എന്നിവർക്കൊപ്പമാണ് ഞാൻ ആ പരിപാടിയിൽ വരാനിരുന്നത്. അവരുടെ അഭിനയം വളരെ ഇഷ്ടമാണ്. അങ്ങനെ അവർ രണ്ടുപേർക്കും ഒരു സർപ്രൈസ് നൽകാനായിരുന്നു ഉദ്ദേശം. പക്ഷേ രാഹുലിന് വരാ‍ൻ കഴിഞ്ഞില്ല. പിന്നെ റെയ്ജൻ മാത്രമായി. അതിനാൽ പരിപാടിയുടെ സ്ക്രിപ്റ്റിൽ ചില മാറ്റങ്ങളും വരുത്തി. ആ പ്രോഗ്രാമിന് വേണ്ടി മാത്രമാണ് അങ്ങനെയൊരു ഡയലോഗ് പറയുകയുണ്ടായത്. പലരിലും അത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി.–അനുശ്രീ പറഞ്ഞു.

തനിക്ക് പ്രണയമില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ഉടനെ ഒന്നും ചിന്തിച്ചിട്ടില്ലെന്നും അനുശ്രീ പറഞ്ഞു.