കേരളത്തിലും ജംഗിൾ ബുക്ക് തരംഗം; ഏരീസിൽ നിന്നു മാത്രം 75 ലക്ഷം

തലസ്ഥാനത്തു പുത്തൻ ചരിത്രമെഴുതി ഇംഗ്ലിഷ് ത്രീ ഡി ചിത്രം ജംഗിൾ ബുക്. കേവലം മൂന്നാഴ്ച കൊണ്ട് 75 ലക്ഷം രൂപയാണ് ഒരു തിയറ്ററിൽ നിന്നു മാത്രം ചിത്രം നേടിയത്. ഒരു ഇംഗ്ലിഷ് ചിത്രം തലസ്ഥാനത്തെ ഒരു തിയറ്ററിൽ നിന്നു നേടുന്ന വലിയ കലക്‌ഷനാണു ജംഗിൾ ബുക് നേടിയത്.

ബാഹുബലിക്കു ശേഷം ഒരു അന്യഭാഷാ ചിത്രത്തിനു ലഭിക്കുന്ന വലിയ കലക്‌ഷനാണു ജംഗിൾ ബുക്കിനു ലഭിച്ചത്. ബാഹുബലി പണം വാരിയ ഏരീസ് പ്ലസ് കോംപ്ലക്സിൽ നിന്നാണു ജംഗിൾ ബുക്കും പണം വാരുന്നത്. ഏപ്രിൽ എട്ടിനു റിലീസ് ചെയ്ത ചിത്രം മൂന്നു ഷോ വീതമാണ് ഏരീസിൽ പ്രദർശനം.

ഇതുവരെ അൻപതിലധികം ഷോകൾ കഴിഞ്ഞു. മൂന്നാഴ്ച പിന്നിടുമ്പോഴും നിറഞ്ഞ സദസിലാണു പ്രദർശനം. അൻപതു ദിവസത്തിലേക്ക് എത്തുമ്പോൾ കലക്‌ഷൻ ഒരു കോടി കവിയുമെന്നാണു സൂചന. ഓഡി ഒന്നിലാണു ത്രീ ഡിയിൽ ജംഗിൾ ബുക് ആസ്വദിക്കാൻ സാധിക്കുക. നൂറു ദിവസം പിന്നിട്ട് ഇവിടെ നിന്നു മാത്രം രണ്ടു കോടിയിലധികം നേടിയ ബാഹുബലിയുടെ റെക്കോർഡ് കുറഞ്ഞ ദിവസത്തിനുള്ളിൽ ജംഗിൾ ബുക് തകർക്കുമെന്നാണു പ്രതീക്ഷയെന്നു തിയറ്റർ അധികൃതർ പറഞ്ഞു. ഏരീസിൽ ഉൾപ്പെടെ തലസ്ഥാനത്തു രണ്ടിടങ്ങളിലാണു ചിത്രം പ്രദർശിപ്പിക്കുന്നത്.