മൗഗ്ലിയുടെ കേരളം; ബാഹുബലിയുടെയും

മൗഗ്ലിക്കു മുന്നിൽ ജുറാസിക് പാർക്കും ടൈറ്റാനിക്കും തലകുനിച്ചു! കേരളത്തിൽനിന്ന് ഏറ്റവുമധികം പണം വാരിയ ഇംഗ്ലിഷ് ചിത്രം എന്ന റെക്കോർഡ് ഇനി ജംഗിൾ ബുക്കിന്. അവധിക്കാലത്ത് എത്തി എട്ടാം ആഴ്ചയും തിയറ്റുകളിൽ തുടരുന്ന ചിത്രം ഇതിനകം 12 കോടിയിലേറെ രൂപയാണു കേരളത്തിലെ നൂറോളം തിയറ്ററുകളിൽ നിന്നു കൊയ്തത്.

അവധിക്കാലം കൂടിയായിരുന്നതിനാൽ മൗഗ്ലിയെ കാണാൻ കുട്ടികളും കുടുംബങ്ങളും ഒഴുകിയെത്തി. ടു കെ പ്രൊജക്ടർ ഉള്ള തിയറ്ററിൽ മാത്രമേ ഈ ചിത്രം പ്രദർശിപ്പിക്കുന്നുള്ളൂ. ഇത്തരം 130 തിയറ്ററുകളാണ് കേരളത്തിലുള്ളത്. എട്ടാം ആഴ്ചയും ഒരു ഡസനോളം തിയറ്ററുകളിൽ ചിത്രം തുടരുന്നുണ്ടെന്നു ജംഗിൾബുക്ക് കേരളത്തിൽ  വിതരണം ചെയ്യുന്ന സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യു പറഞ്ഞു.

ജുറാസിക് പാർക്കിനു പിന്നാലെ എത്തിയ പ്രേത സിനിമയായ കൺജറിങ്-2 ഉം കേരളത്തിലെ തിയറ്ററുകളിൽ നിറഞ്ഞോടുന്നുണ്ട്. പക്ഷേ കേരളത്തിലെ കലക്ഷൻ റെക്കോർഡുകളിൽ മുന്നിട്ടു നിൽക്കുന്ന അന്യഭാഷാ ചിത്രങ്ങളിൽ ‘ബാഹുബലി’ തന്നെ രാജാവ്. കഴിഞ്ഞ വർഷം തിയറ്ററുകളിൽ തരംഗമായി മാറിയ സിനിമ 22 കോടിയോളം  രൂപ കേരളത്തിൽ നിന്നു മാത്രം വാരി.

സാധാരണ തെലുങ്കിൽ നിന്നു മൊഴിമാറ്റം ചെയ്തെത്തുന്ന സൂപ്പർ താര സിനിമകൾ രണ്ട് കോടിക്കു താഴെ കലക്ട് ചെയ്യുന്ന സ്ഥാനത്തായിരുന്നു ബാഹുബലിയുടെ കുതിപ്പ്. ആദ്യം 30 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ബാഹുബലി വൻ തരംഗമായതോടെ ഇരുനൂറോളം തിയറ്ററുകളിൽ ഓടിയാണു കളം ഒഴിഞ്ഞത്. ഇപ്പോഴും ചർച്ചയായിത്തുടരുന്ന സിനിമയുടെ സാധ്യത കണ്ടറിഞ്ഞ് ഒന്നാം വാർഷികത്തിൽ ഇപ്പോൾ വീണ്ടും സംസ്ഥാനത്തെ മുപ്പതോളം തിയറ്ററുകളിൽ റീലിസ് ചെയ്തിരിക്കുകയാണ്.

ബാഹുബലിക്കൊപ്പം പണം വാരിയ ചിത്രമാണ് ഷങ്കറിന്റെ വിക്രം സിനിമയായ ഐ. സെഞ്ചുറി ഫിലിംസ് തന്നെ ഡിസ്ട്രിബ്യൂട്ട് ചെയ്ത ഐ 20 കോടിയിലേറെ  രൂപ  കേരളത്തിൽ നിന്നു വാരിയെടുത്തു. ഷങ്കറിന്റെ തന്നെ രജനികാന്ത് ചിത്രമായ യന്തിരനെയാണ് ഐ കലക്ഷനിൽ പിന്നിലാക്കിയത്.മുൻപ് കൂടുതൽ ദിവസം ഓടിയ ചിത്രങ്ങളെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ പുതുകാല ഹിറ്റുകൾ കലക്ഷനിൽ പിന്നിലാക്കുന്നതിനു കാരണം മൾട്ടിപ്ലെക്സ് വ്യാപകമാവുകയും ടിക്കറ്റ് നിരക്ക് വർധിക്കുകയും ചെയ്തതാണ് .